സൗദി അറേബ്യയിലെ സർവകലാശാലകളിൽ യോഗ; പദ്ധതി നടപ്പിലാക്കി വരികയാണെന്ന് കമ്മിറ്റി
- Published by:Arun krishna
- news18-malayalam
Last Updated:
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ യോഗ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദിയിലെ പ്രമുഖ സർവകലാശാലകളുമായി നിരവധി കരാറുകളിൽ ഒപ്പുവെക്കുമെന്ന് സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അൽ മർവായ് പറഞ്ഞു
സൗദി അറേബ്യയിലെ സർവകലാശാലകളിൽ പഠനത്തിന്റെ ഭാഗമായി യോഗ ഉൾപ്പെടുത്താൻ നീക്കം. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് യോഗ സഹായിക്കുമെന്ന് തിരിച്ചറിഞ്ഞതിനാലാണ് നീക്കമെന്ന് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ യോഗ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദിയിലെ പ്രമുഖ സർവകലാശാലകളുമായി നിരവധി കരാറുകളിൽ ഒപ്പുവെക്കുമെന്ന് സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അൽ മർവായ് പറഞ്ഞു. ‘സർവകലാശാലകളിൽ പുതിയ കായിക വിനോദങ്ങളുടെ വികസനവും പ്രോത്സാഹനവും’ എന്ന വിഷയത്തിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മർവായ്. വ്യക്തിപരമായ ആരോഗ്യത്തിനും ക്ഷേമത്തിനുമായി യോഗ പരിശീലിക്കേണ്ടതിന്റെ പ്രാധാന്യം അൽ മർവായ് ഊന്നിപ്പറഞ്ഞു. സർവകലാശാലകളിൽ യോഗ പരിചയപ്പെടുത്താൻ കമ്മിറ്റി കഠിനമായി പരിശ്രമിക്കുകയാണെന്നും മർവായ് കൂട്ടിച്ചേർത്തു.
യോഗ പരിശീലിക്കുന്നത് ശാരീരികവും മാനസികവുമായ ക്ഷേമത്തിന് നല്ലതാണെന്നും സൗദി ഭരണാധികാരി മുന്നോട്ടു വെച്ച വിഷൻ 2030 കൈവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് കായിക പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നതാണെന്നും അൽ മർവായ് പറഞ്ഞു. ”ചിലർ വിശ്വസിക്കുന്നതുപോലെ യോഗ എന്നത് ധ്യാനവും വിശ്രമവും മാത്രമല്ല. ആസനം, പ്രാണായാമ ശ്വസന രീതികൾ, പേശീ നിയന്ത്രണം, യോഗ നിദ്രാ ധ്യാനം, വിശ്രമം എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു”, അൽ മർവായ് കൂട്ടിച്ചേർത്തു.
advertisement
യോഗയിലോ യോഗാസന സ്പോർട്സുകളിലോ കഴിവു തെളിയിച്ചിട്ടുള്ളവരെ കണ്ടെത്തുമെന്നും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി, പ്രാദേശികവും അന്തർദേശീയവുമായ ടൂർണമെന്റുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് അവർക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകുമെന്നും അൽ മർവായ് പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ മുൻപ് സൗദി യൂണിവേഴ്‌സിറ്റീസ് സ്‌പോർട്‌സ് ഫെഡറേഷൻ സംഘടിപ്പിച്ച പരിപാടിയിലും രാജ്യത്തെ സർവകലാശാലകളിൽ യോഗ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റീസ് സ്‌പോർട്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിയോൺസ് ഈഡർ, ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി സ്‌പോർട്‌സ് ഫെഡറേഷൻ ഡയറക്ടർ ജനറൽ പൗലോ ഫെരേര എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Location :
New Delhi,New Delhi,Delhi
First Published :
March 08, 2023 1:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദി അറേബ്യയിലെ സർവകലാശാലകളിൽ യോഗ; പദ്ധതി നടപ്പിലാക്കി വരികയാണെന്ന് കമ്മിറ്റി