ഗള്‍ഫില്‍ ജോലിക്കിടെ മരിക്കുന്ന തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
- Published by:ASHLI
- news18-malayalam
Last Updated:
ഗള്‍ഫ് തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അറിയിച്ചു
ഹൈദരാബാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്കിടെ മരിക്കുന്ന തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് തെലങ്കാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഏഴ് മുതല്‍ ഇതുവരെ തെലങ്കാനയില്‍ നിന്നുള്ള 160 പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചതായി സ്‌റ്റേറ്റ് കോണ്‍ഗ്രസ് എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ മന്ദ ഭീന്‍ റെഡ്ഡി പറഞ്ഞു.
ഗള്‍ഫ് തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജണ്ണ സിര്‍സ്സ ജില്ലയില്‍ നടന്ന പൊതുയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
രാജണ്ണ സിര്‍സില്ലയില്‍നിന്നും സമീപപ്രദേശങ്ങളില്‍ നിന്നും ധാരാളം യുവാക്കള്‍ ഉപജീവനമാര്‍ഗം തേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാനയില്‍നിന്നുള്ള ഇരുന്നൂറോളം തൊഴിലാളികള്‍ ഓരോ വര്‍ഷവും ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെടുന്നുണ്ടെന്ന് മന്ദ ഭീം റെഡ്ഡി പറഞ്ഞു. മരിച്ച ഗള്‍ഫ് തൊഴിലാളികളുടെ നിയമപരമായ അനന്തരാവകാശികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസം 6.45 കോടി രൂപയും ബുധനാഴ്ച ഒരു കോടി രൂപയും അനുവദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ധനസഹായത്തിന് പുറമെ ഗള്‍ഫ് തൊഴിലാളികളുടെ ക്ഷേമത്തെ കുറിച്ച് പഠിക്കുന്നതിനും അവരുടെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനത്തിന് മുന്‍ഗണന നല്‍കുന്നതിനുമായി ഒരു ഉപദേശക സമിതി രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Location :
New Delhi,Delhi
First Published :
November 22, 2024 4:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഗള്‍ഫില്‍ ജോലിക്കിടെ മരിക്കുന്ന തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍