• HOME
 • »
 • NEWS
 • »
 • gulf
 • »
 • UAE visa rules| ടൂറിസ്റ്റ് വിസയുടെ കാലാവധി 60 ദിവസം; യുഎഇയിലെ വിസ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ

UAE visa rules| ടൂറിസ്റ്റ് വിസയുടെ കാലാവധി 60 ദിവസം; യുഎഇയിലെ വിസ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ

എന്താണ് യുഎഇയിലെ പുതിയ വിസാ പരിഷ്‌കാരങ്ങൾ?

 • Last Updated :
 • Share this:
  യുഎഇയിലെ (UAE) പുതിയ വിസ പരിഷ്‌കാരങ്ങൾ ഒക്ടോബർ മൂന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് പുതിയ നിയമങ്ങൾ യുഎഇ കാബിനറ്റ് അംഗീകരിച്ചത്. രാജ്യത്തെ ഇമിഗ്രേഷൻ, റെസിഡൻസി നയങ്ങൾ പരിഷ്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കിയത്. ടൂറിസ്റ്റുകൾക്കുള്ള ദീർഘ കാല വിസകൾ, പ്രൊഫഷണലുകൾക്കായി നവീകരിച്ച ഗ്രീൻ വിസ, വിപുലീകരിച്ച 10 വർഷത്തെ ഗോൾഡൻ വിസ തുടങ്ങിയ കാര്യങ്ങളെല്ലാം പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

  വിസാ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതോടൊപ്പം ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും യുഎഇയിൽ ജീവിക്കുന്നതിനും ജോലി ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനും ഉള്ള അവസരങ്ങൾ വിപുലീകരിക്കുന്നതിനും കൂടിയുള്ള ശ്രമമാണ് പുതുക്കിയ വിസ പരിഷ്‌കാരമെന്ന് മേജർ ജനറൽ സുൽത്താൻ യൂസഫ് അൽ പറഞ്ഞു.

  എന്താണ് യുഎഇയിലെ പുതിയ വിസാ പരിഷ്‌കാരങ്ങൾ എന്നും അവ വിനോദ സഞ്ചാരികൾക്കും യുഎഇയിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവർക്കും എങ്ങനെ സഹായകരമാകും എന്നതിനെക്കുറിച്ചും കൂടുതൽ മനസിലാക്കാം.

  Also Read- യുഎഇയിലെ വിസാ പരിഷ്ക്കരണം പ്രാബല്യത്തില്‍; കൂടുതൽ അറിയാം

  ടൂറിസ്റ്റ് വിസകളിലെയും മറ്റു വിസകളിലെയും മാറ്റം

  പുതിയ നിയമം അനുസരിച്ച അഞ്ച് വർഷത്തെ പുതിയ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് ഒരു സ്പോൺസർ ആവശ്യമില്ല. ഈ വിസ ഉള്ളവർക്ക് 90 ദിവസം വരെ യുഎഇയിൽ താമസിക്കാൻ സാധിക്കും. 90 ദിവസത്തേക്ക് കൂടി ഈ വിസയുടെ കാലാവധി നീട്ടാം. മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയിൽ ഒരാൾക്ക് പരമാവധി 180 ദിവസം യുഎയിൽ താമസിക്കാം. വിസക്ക് അപേക്ഷിക്കുന്നതിന് മുൻപുള്ള ആറ് മാസത്തിനുള്ളിൽ അപേക്ഷകന് 4,000 ഡോളർ (14,700 ദിർഹം) ബാങ്ക് ബാലൻസോ അല്ലെങ്കിൽ വിദേശ കറൻസികളിൽ അതിന് തുല്യമായ ബാങ്ക് ബാലൻസോ ഉണ്ടായിരിക്കണം.
  നേരത്തെ 30 ദിവസത്തേക്കായിരുന്ന സന്ദര്‍ശക വിസകളിൽ ഇനി 60 ദിവസം വരെ രാജ്യത്ത് താമസിക്കാനാകും. വിസ അനുവദിക്കുന്ന അതേ കാലയളവിലേക്ക് അവ ദീര്‍ഘിപ്പിക്കുകയും ചെയ്യാം.

  സ്പോൺസറോ ആതിഥേയരോ ഇല്ലാതെ ഇനി മുതൽ യുഎഇ ബിസിനസ് വിസക്കും അപേക്ഷിക്കാം. കുടുംബാംഗങ്ങളെ കൊണ്ട് വരേണ്ടവർക്ക് ഫാമിലി വിസക്കും അപേക്ഷിക്കാം. പ്രൊബേഷൻ അല്ലെങ്കിൽ പ്രോജക്ട് അധിഷ്ഠിത ജോലി പോലെയുള്ള താൽകാലിക തൊഴിലിനായി എത്തേണ്ടവർക്ക് താത്കാലിക തൊഴിൽ വിസക്കും അപേക്ഷിക്കാം. യുഎഇ പൗരന്റെയോ രാജ്യത്തെ താമസക്കാരന്റെയോ ബന്ധുക്കളോ സുഹൃത്തുക്കളോ ആയവർക്ക്, ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കാനുള്ള വിസയ്ക്ക് (Visa to visit relatives/friends) അപേക്ഷിക്കാം. ഈ വിസ ലഭിക്കാനും സ്പോൺസറുടെയോ ആതിഥേയന്റെയോ ആവശ്യമില്ല. വിവിധ പഠന കോഴ്സുകൾ, പരിശീലനങ്ങൾ, ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ എന്നിവയിലൊക്കെ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പഠനത്തിനും പരിശീലനത്തിനുമുള്ള വിസയ്ക്ക് (Visa for study/training) അപേക്ഷിക്കാം. പൊതു-സ്വകാര്യ മേഖലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ഗവേഷണ സ്ഥാപനങ്ങൾക്കും ഈ വിസ സ്പോൺസർ ചെയ്യാം.

  ഗ്രീന്‍ വിസ

  ഒരു യുഎഇ പൗരനെയോ തൊഴിലുടമയെയോ ആശ്രയിക്കാതെ തന്നെ, അഞ്ച് വർഷത്തേക്ക് വിദേശികളെ സ്വയം സ്പോൺസർ ചെയ്യാൻ അനുവദിക്കുന്ന റെസിഡൻസ് വിസയാണ് ഗ്രീന്‍ വിസ. ഫ്രീലാൻസർമാർ, സ്വയം തൊഴിൽ ചെയ്യുന്നവർ, വിദഗ്ധ തൊഴിലാളികൾ, നിക്ഷേപകർ എന്നിവർക്കെല്ലാം ഗ്രീൻ വിസയ്ക്ക് അർഹതയുണ്ട്. ഗ്രീൻ വിസ എടുക്കുന്ന പ്രൊഫഷണലുകള്‍ക്ക് സ്‍പോണ്‍സര്‍ ഇല്ലാതെ അഞ്ച് വര്‍ഷം യുഎഇയില്‍ താമസിക്കാം. സാധുതയുള്ള തൊഴില്‍ കരാറും കുറഞ്ഞത് 15,000 ദിര്‍ഹം ശമ്പളവും ഉണ്ടായിരിക്കണം. ഒരു സ്പോൺസറുടെയോ തൊഴിലുടമയുടെയോ സാക്ഷ്യപത്രം ഇല്ലാതെ കുടുംബത്തെ കൊണ്ടുവരാനും ഗ്രീൻ വിസ ഉള്ളവർക്ക് സാധിക്കും.

  ഗോള്‍ഡന്‍ വിസ

  കൂടുതൽ പേർക്ക് ഗോൾഡൻ വിസ അനുവദിക്കുമെന്നതാണ് യുഎഇ വിസാ പരിഷ്‌കാരങ്ങളിലെ മറ്റൊരു പ്രധാന മാറ്റം. ദീർഘകാലത്തേക്ക് രാജ്യത്തെ മികച്ച ജീവിത നിലവാരം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന നിരവധി പ്രൊഫഷണലുകൾക്കും നിക്ഷേപകർക്കുമായാണ് യുഎഇ ഗോൾഡൻ വിസ പ്രഖ്യാപിച്ചത്. റിയല്‍ എസ്റ്റേറ്റ്, സ്റ്റാർട്ടപ്പ്, ശാസ്ത്രജ്ഞർ, വിദഗ്ധ തൊഴിലാളികള്‍, വിദ്യാർത്ഥികള്‍ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങൾക്കുള്ള ഗോൾഡൻ വിസകള്‍ ലഭ്യമാണ്. ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ ആവശ്യമായിരുന്ന മിനിമം മാസ ശമ്പളം 50,000 ദിര്‍ഹത്തില്‍ നിന്ന് 30,000 ദിര്‍ഹമാക്കി ചുരുക്കി.
  Published by:Naseeba TC
  First published: