യുഎഇയിലെ വിസാ പരിഷ്ക്കരണം ഇന്നു മുതല്‍ പ്രാബല്യത്തില്‍; കൂടുതൽ അറിയാം
- Published by:Anuraj GR
- news18-malayalam
Last Updated:
പുതിയ പരിഷ്ക്കരണത്തിലൂടെ പ്രവാസികള്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനവും താമസവും കൂടുതല്‍ എളുപ്പമാക്കി മാറ്റാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ
അബുദാബി: യുഎഇയിലെ വിസാ സംവിധാനത്തില്‍ പുതിയതായി കൊണ്ടുവന്ന പരിഷ്ക്കാരങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. കൂടുതല്‍ ലളിതമായ വിസ, പാസ്‍പോര്‍ട്ട് സേവനങ്ങളാണ് യുഎഇ സർക്കാർ പുതിയ പരിഷ്ക്കാരങ്ങളിലൂടെ മുന്നോട്ടുവെക്കുന്നത്. യുഎഇ പാസ്‍പോര്‍ട്ടുകളുടെ മൂന്നാം തലമുറയ്ക്കും പുതിയ അത്യാധുനിക വിസാ സംവിധാനത്തിനും തുടക്കം കുറിക്കാന്‍ സജ്ജമാണെന്ന് യുഎഇയിലെ ഫൈഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി എന്നിവ അറിയിച്ചു. പുതിയ പരിഷ്ക്കരണത്തിലൂടെ പ്രവാസികള്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനവും താമസവും കൂടുതല്‍ എളുപ്പമാക്കി മാറ്റാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വിസിറ്റ് വിസ
വിസിറ്റ് വിസകളെല്ലാം സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യങ്ങളോടെ ലഭ്യമാകും. നേരത്തെ 30 ദിവസത്തേക്കായിരുന്നു സന്ദര്‍ശക വിസകളെങ്കില്‍ ഇനി 60 ദിവസം വരെ ഇത്തരം വിസകളില്‍ രാജ്യത്ത് താമസിക്കാനാകുമെന്നതാണ് സവിശേഷത. വിസ അനുവദിക്കുന്ന അതേ കാലയളവിലേക്ക് അവ ദീര്‍ഘിപ്പിക്കുകയും ചെയ്യാം.
തൊഴില്‍ അന്വേഷിക്കാനായി, സ്‍പോണ്‍സറുടെ ആവശ്യമില്ലാത്ത പ്രത്യേക വിസകള്‍ അനുവദിക്കും. യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്കില്‍ ലെവലുകളില്‍ വരുന്ന ജോലികള്‍ക്കായാണ് ഈ വിസ അനുവദിക്കുക. ഒപ്പം ലോകമെമ്പാടുമുള്ള മികച്ച 500 സര്‍വകലാശാലകളില്‍ നിന്ന് പുറത്തിറങ്ങുന്ന തൊഴില്‍ പരിചയമില്ലാത്ത ബിരുദധാരികള്‍ക്കും ജോലി കണ്ടെത്താനുള്ള വില ലഭിക്കും.
advertisement
സന്ദർശകവിസയിൽ എത്തുന്നയാൾക്ക് ബന്ധുവോ സുഹൃത്തോ ആയി ഒരു യുഎഇ പൗരനോ അല്ലെങ്കില്‍ യുഎഇയിലെ സ്ഥിരതാമസക്കാരനോ ഉണ്ടെങ്കില്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാം. ഇതിനും സ്‍പോണ്‍സര്‍ ആവശ്യമില്ല.
ഇനിമുതൽ അഞ്ച് വര്‍ഷമുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കും സ്‍പോണ്‍സര്‍ ആവശ്യമില്ല. രാജ്യത്ത് 90 ദിവസം വരെ തുടര്‍ച്ചയായി താമസിക്കാന്‍ അനുമതിയുണ്ടാകും. ഇത് ആവശ്യമെങ്കില്‍ പിന്നീട് 90 ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്യാം. എന്നാല്‍ ഒരു വര്‍ഷം 180 ദിവസത്തില്‍ കൂടുതല്‍ യുഎഇയില്‍ താമസിക്കാന്‍ കഴിയില്ല. ഈ വിസയ്ക്ക് 4000 ഡോളറിന് തുല്യമായ ബാങ്ക് ബാലന്‍സ് ഉണ്ടെന്ന് തെളിയിക്കണം. വിസയ്ക്ക് അപേക്ഷിക്കുന്ന കാലയളവിന് ആറ് മാസം മുമ്പ് വരെയുള്ള സമയത്തെ ബാങ്ക് ബാലന്‍സ് ആണ് പരിശോധിക്കുക.
advertisement
ഫാമിലി സ്‍പോണ്‍സര്‍ഷിപ്പ് നിബന്ധന
25 വയസ് വരെ പ്രായമുള്ള ആണ്‍മക്കളെ സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ പ്രവാസികള്‍ക്ക് ഒപ്പം താമസിപ്പിക്കാനാകുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. നേരത്തെ ഈ പ്രായപരിധി 18 വയസായിരുന്നു. അവിവാഹിതരായ പെണ്‍മക്കളെ പ്രായപരിധിയില്ലാതെ തന്നെ സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ താമസിക്കാനുമാവും. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രായപരിധി പരിഗണിക്കാതെ സ്‍പോണ്‍സര്‍ ചെയ്യാം. ഗ്രീന്‍ റെസിഡന്‍സിയിലൂടെ അടുത്ത ബന്ധുക്കളെയും സ്‍പോണ്‍സര്‍ഷിപ്പില്‍ കൊണ്ടുവരാം.
ഇനി കൂടുതൽപേർക്ക് ഗോള്‍ഡന്‍ വിസ
കൂടുതൽ പേർക്ക് ഗോൾഡൻ വിസ അനുവദിക്കുമെന്നതാണ് മറ്റൊരു പ്രധാന മാറ്റം. ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ ആവശ്യമായിരുന്ന മിനിമം മാസ ശമ്പളം 50,000 ദിര്‍ഹത്തില്‍ നിന്ന് 30,000 ദിര്‍ഹമാക്കി ചുരുക്കി. മെഡിസിന്‍, സയന്‍സ്, എഞ്ചിനീയറിങ്, ഐടി, ബിസിനസ് ആന്റ് അഡ്‍മിനിസ്‍ട്രേഷന്‍, എജ്യുക്കേഷന്‍, നിയമം, കള്‍ച്ചര്‍ ആന്റ് സോഷ്യല്‍ സയന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവര്‍ക്കും ഇനിമുതൽ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാനാകും. ഇവര്‍ക്ക് യുഎഇയില്‍ സാധുതയുള്ള തൊഴില്‍ കരാര്‍ ഉണ്ടാവണമെന്നതാണ് വ്യവസ്ഥ. ഒപ്പം യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്നും, രണ്ടും ലെവലിലുള്ള ജോലികള്‍ ചെയ്യുന്നവര്‍ ആയിരിക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
advertisement
രണ്ട് മില്യന്‍ ദിര്‍ഹം മൂല്യമുള്ള വസ്‍തുവകകള്‍ സ്വന്തമാക്കിയാല്‍ നിക്ഷേപകര്‍ക്ക് യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിക്കാൻ അവസരമുണ്ട്. ചില പ്രത്യേക പ്രാദേശിക ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന വായ്‍പയും ഇതിനായി എടുക്കാന്‍ അനുമതിയുണ്ട്.
ഗ്രീന്‍ വിസ
ഗ്രീൻ വിസ എടുക്കുന്ന പ്രൊഫഷണലുകള്‍ക്ക് സ്‍പോണ്‍സര്‍ ഇല്ലാതെ അഞ്ച് വര്‍ഷം യുഎഇയില്‍ താമസിക്കാം. സാധുതയുള്ള തൊഴില്‍ കരാറും ഒപ്പം കുറഞ്ഞത് 15,000 ദിര്‍ഹം ശമ്പളവും ഉണ്ടായിരിക്കണം. ഫ്രീലാന്‍സര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും ഈ വിസയ്ക്ക് അപേക്ഷ നല്‍കാം.
advertisement
ഗ്രേസ് പീരിഡ് കൂട്ടി
വിസയുടെ കാലാവധി കഴിഞ്ഞാല്‍ ഒരു മാസത്തിനകം രാജ്യം വിടണമെന്നായിരുന്നു വ്യവസ്ഥ. പുതിയ പരിഷ്ക്കാരങ്ങൾ പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യം വിടാന്‍ ആറ് മാസത്തെ ഗ്രേസ് പീരിഡ് അനുവദിക്കും. എന്നാല്‍ എല്ലാത്തരം വിസകള്‍ക്കും ഇത് ബാധകമാണോ എന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
Location :
First Published :
October 03, 2022 1:49 PM IST