പൗരത്വം; സുപ്രധാന പ്രഖ്യാപനവുമായി യു.എ.ഇ; ഡോക്ടർമാർക്കും നിക്ഷേപകർക്കും ശാസ്ത്രജ്ഞർക്കും പൗരത്വം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം പൗരത്വത്തിൽ വരുത്തിയ മാറ്റങ്ങൾ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച അംഗീകരിക്കുകയായിരുന്നു.
ദുബായ്: പൗരത്വം സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനവുമായി യു.എ.ഇ. വിദേശികളായ നിക്ഷേപകർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, കലാകാരന്മാർ, പ്രഗത്ഭ വ്യക്തിത്വങ്ങൾ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് പൗരത്വം നൽകുമെന്ന പ്രഖ്യാപനമാണ് യു.എ.ഇ ശനിയാഴ്ച നടത്തിയിരിക്കുന്നത്. അസാധാരണ കഴിവുകളുള്ളവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എമിറാത്തി പൗരത്വം നൽകുന്നതിലൂടെ അവരെ യു.എ.ഇ സമൂഹത്തിന്റെ ഭാഗമാക്കുക, സാമൂഹിക സ്ഥിരത ഉറപ്പുവരുത്തുക, ദേശീയ വികസന പ്രക്രിയയ്ക്ക് ആക്കം കൂട്ടുക എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു.
പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം പൗരത്വത്തിൽ വരുത്തിയ മാറ്റങ്ങൾ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച അംഗീകരിക്കുകയായിരുന്നു.
അതേസമയം ചില നിബന്ധനകൾക്ക് വിധേയമായാണ് പ്രത്യേക വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് പൗരത്വം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും പൗരത്വം നൽകുന്നതിനൊപ്പം, അവരുടെ നിലവിലെ പൗരത്വം നിലനിർത്താനും നിയമം അനുവദിക്കുന്നു. നേരത്തെ യു.എ.ഇ ഇരട്ട പൗരത്വം അംഗീകരിച്ചിരുന്നില്ല.
advertisement
പൗരത്വത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും:
നിക്ഷേപകർ: നിക്ഷേപകർക്ക് യു.എ.ഇയിൽ ഒരു പ്രോപ്പർട്ടി ഉണ്ടായിരിക്കണം
ഡോക്ടർമാരും പ്രൊഫഷണലുകളും: യുഎഇക്ക് ആവശ്യമായ ഒരു ശാസ്ത്രമേഖലയിൽ പ്രാവീണ്യം നേടിയിരിക്കണം. പ്രത്യേക മേഖലയിൽ 10 വർഷത്തെ പരിചയവും നിർബന്ധമാണ്.
ശാസ്ത്രജ്ഞർ: ഒരു യൂണിവേഴ്സിറ്റി, ഒരു ഗവേഷണ സ്ഥാപനം അല്ലെങ്കിൽ സ്വകാര്യ മേഖലയിലെ സജീവ ഗവേഷകനായിരിക്കണം. ഇവർക്കും 10 വർഷത്തെ പരിചയമുണ്ടായിരിക്കണം.
പ്രത്യേക കഴിവുള്ളവർ: യുഎഇ സാമ്പത്തിക മന്ത്രാലയത്തിന്റെ ശുപാർശ കത്തിന് പുറമെ യുഎഇ സാമ്പത്തിക മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ ഒരു പേറ്റന്റോ യുഎഇ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുന്ന ഏതെങ്കിലും അന്താരാഷ്ട്ര സ്ഥാപനത്തിലെ അംഗമോ ആയിരിക്കണം.
advertisement
ബുദ്ധിജീവികളും കലാകാരന്മാരും: യുഎഇ പ്രസക്തമായ സ്ഥാപനങ്ങളിൽ നിന്നുള്ള ശുപാർശ കത്തിന് പുറമേ, ഇത്തരക്കാർ കുറഞ്ഞത് ഒരു അന്താരാഷ്ട്ര അവാർഡെങ്കിലും ലഭിച്ചിരിക്കണം.
Location :
First Published :
January 30, 2021 3:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
പൗരത്വം; സുപ്രധാന പ്രഖ്യാപനവുമായി യു.എ.ഇ; ഡോക്ടർമാർക്കും നിക്ഷേപകർക്കും ശാസ്ത്രജ്ഞർക്കും പൗരത്വം