ബംഗ്ലാദേശ് സർക്കാരിനെതിരേ പ്രതിഷേധിച്ച 57 ബംഗ്ലാദേശി പ്രവാസികളെ യുഎഇ തടവിലാക്കി
- Published by:Sarika N
- trending desk
Last Updated:
ബംഗ്ലാദേശ് സര്‍ക്കാരിന്റെ സിവില്‍ സര്‍വ്വീസ് ജോലികളിലെ സംവരണവുമായി ബന്ധപ്പെട്ടായിരുന്നു യുഎഇയിൽ ബംഗ്ലാദേശി പൗരന്‍മാര്‍ പ്രതിഷേധപ്രകടനം നടത്തിയത്
ദുബായ് : യുഎഇയില്‍ ബംഗ്ലാദേശ് സർക്കാരിനെതിരേ പ്രതിഷേധിച്ച 57 ബംഗ്ലാദേശി പൗരന്‍മാര്‍ക്ക് ജയിൽ ശിക്ഷ വിധിച്ച് അബുദാബി ഫെഡറല്‍ കോടതി. ബംഗ്ലാദേശ് സര്‍ക്കാരിന്റെ സിവില്‍ സര്‍വ്വീസ് ജോലികളിലെ സംവരണവുമായി ബന്ധപ്പെട്ടായിരുന്നു യുഎഇയിൽ ബംഗ്ലാദേശി പൗരന്‍മാര്‍ പ്രതിഷേധപ്രകടനം നടത്തിയത്.
പ്രതിഷേധത്തില്‍ പങ്കെടുത്ത മൂന്ന് ബംഗ്ലാദേശി പൗരന്‍മാര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും 53 പേര്‍ക്ക് പത്ത് വര്‍ഷം തടവും കോടതി വിധിച്ചു. ഒരാള്‍ക്ക് 11 വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. വെള്ളിയാഴ്ചയാണ് യുഎഇയിലെ വിവിധയിടങ്ങളില്‍ ഇവർ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയത്. ശിക്ഷാ കാലാവധി കഴിഞ്ഞാലുടന്‍ ഇവരെ നാടുകടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
advertisement
ബംഗ്ലാദേശ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ യുഎഇയിലെ വിവിധ തെരുവുകള്‍ കയ്യേറി ഇവർ പ്രതിഷേധ പ്രകടനം നടത്തിയതായി കോടതി വിലയിരുത്തി. പ്രവാസികള്‍ ധാരാളമുള്ള രാജ്യമാണ് യുഎഇ. ദക്ഷിണേഷ്യയില്‍ നിന്നുള്ളവരാണ് അവരില്‍ ഭൂരിഭാഗം പേരും. വിവിധ ഇടങ്ങളിൽ തൊഴിലാളികളായി ജോലി ചെയ്ത് വരികയാണ് ഇവരില്‍ ഭൂരിഭാഗം പേരും.
പാക്കിസ്ഥാനും, ഇന്ത്യയും കഴിഞ്ഞാൽ യുഎഇയിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ളത് ബംഗ്ലാദേശിൽ നിന്നാണ്. അനധികൃത പ്രതിഷേധങ്ങള്‍, ഭരണാധികാരികളെ വിമര്‍ശിക്കുന്നത്, സാമൂഹിക പ്രശ്‌നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പ്രകടനങ്ങള്‍ എന്നിവയ്ക്ക് യുഎഇയില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കും രാജ്യത്ത് വിലക്കുണ്ട്.
advertisement
തീവ്രവാദ ബന്ധമാരോപിച്ച് 43 പേരെ കൂട്ടവിചാരണ ചെയ്ത് യുഎഇ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ കേസും ചര്‍ച്ചയാകുന്നത്. ഐക്യരാഷ്ട്രസഭയും മറ്റ് ചില മനുഷ്യാവകാശ സംഘടനകളും ഈ കൂട്ടവിചാരണയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. സമാനമായ കുറ്റങ്ങള്‍ ചുമത്തി മറ്റ് പത്ത് പേര്‍ക്ക് 10 മുതല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷ വിധിച്ചിരുന്നു.
advertisement
ബംഗ്ലാദേശ് പൗരന്‍മാര്‍ക്കെതിരെ തടവ് ശിക്ഷ വിധിച്ച സംഭവത്തില്‍ പ്രതികരിച്ച് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ യുഎഇ ഗവേഷകന്‍ ഡെവിന്‍ കെന്നി രംഗത്തെത്തി. ഈ മാസം യുഎഇയില്‍ നടക്കുന്ന രണ്ടാമത്തെ കൂട്ടവിചാരണയാണിതെന്ന് അദ്ദേഹം പറഞ്ഞു.
Location :
New Delhi,New Delhi,Delhi
First Published :
July 23, 2024 11:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ബംഗ്ലാദേശ് സർക്കാരിനെതിരേ പ്രതിഷേധിച്ച 57 ബംഗ്ലാദേശി പ്രവാസികളെ യുഎഇ തടവിലാക്കി