യുഎഇയിൽ വിസ, വർക്ക് പെർമിറ്റ് അഞ്ച് ദിവസത്തിനുള്ളിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
30 ദിവസങ്ങൾ ആവശ്യമായിരുന്ന നടപടിക്രമങ്ങൾക്ക് ഇനി അഞ്ച് ദിവസം മാത്രം മതിയാകും
വിസ, വർക്ക് പെർമിറ്റുകൾ എന്നിവയ്‌ക്കെടുക്കുന്ന കാലതാമസം വെട്ടിക്കുറച്ച് യുഎഇ മാനവവിഭവ ശേഷി, എമിറൈസേഷൻ മന്ത്രാലയം. വിസ, വർക്ക് പെർമിറ്റ് എന്നിവയ്ക്കുള്ള ഏകീകൃത പ്ലാറ്റ്ഫോമായ വർക്ക് ബണ്ടിലിന്റെ രണ്ടാം ഘട്ടം ജൂൺ 11 ന് ഭരണകൂടം നടപ്പാക്കി. ഇതോടെ 30 ദിവസങ്ങൾ ആവശ്യമായിരുന്ന നടപടിക്രമങ്ങൾക്ക് ഇനി അഞ്ച് ദിവസം മാത്രം സമയം മതിയാകും.
മാനവ വിഭവ ശേഷി, എമിറൈസേഷൻ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ), ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (ഡിജിആർഎഫ്എ) എന്നീ സർക്കാർ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും വർക്ക് ബണ്ടിൽ വഴി ലഭ്യമാകും.
സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയുള്ള സമയനഷ്ടം കുറയ്ക്കാൻ വർക്ക് ബണ്ടിൽ സഹായിക്കും. സർക്കാർ സ്ഥാപനങ്ങളിൽ നേരിട്ട് എത്താതെ തന്നെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും വ്യക്തികൾക്കും ആവശ്യമായ റെസിഡൻസി വിസയും, വർക്ക് പെർമിറ്റും വർക്ക് ബണ്ടിൽ വഴി നേടാം. ഇതോടെ നടപടി ക്രമങ്ങൾക്കുള്ള സമയത്തിൽ ഏതാണ്ട് 62 ദശലക്ഷം മണിക്കൂറുകളുടെ കുറവ് ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.
advertisement
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികൾക്കായി മാർച്ച് മാസത്തിലാണ് വർക്ക് ബണ്ടിലിന്റെ ആദ്യ ഘട്ടം നടപ്പാക്കിയത്. അഞ്ചോളം പ്രാധാന സർക്കാർ സർവീസ് പ്ലാറ്റ്‌ഫോമുകൾ വർക്ക് ബണ്ടിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 16 ഓളം രേഖകൾ ആവശ്യമായിരുന്ന നടപടികൾക്ക് ഇതോടെ 5 രേഖകളും 15 ഘട്ടങ്ങളിലായ് നടന്നിരുന്ന നടപടിക്രമങ്ങൾ അഞ്ച് ഘട്ടങ്ങളായും നടക്കും.
എട്ട് അടിസ്ഥാന സേവനങ്ങൾ കൂടി ലഭ്യമാക്കിയതോടെ പൗരന്മാരുടെ ഓഫീസ് സന്ദർശനം ഏഴിൽ നിന്നും രണ്ടായി കുറയ്ക്കാനും സാധിക്കും. ഒപ്പം വിസ, വർക്ക് പെർമിറ്റ് നടപടികൾകൾക്ക് ആവശ്യമായ സമയം ഒരു മാസത്തിൽ നിന്നും അഞ്ച് പ്രവർത്തി ദിവസമായും കുറയും. പുതിയ വർക്ക് പെർമിറ്റുകളുടെ വിതരണം, തിരുത്തൽ, വിസ, തൊഴിൽ കരാർ, എമിറേറ്റ്സ് ഐഡി, റെസിഡൻസി, വൈദ്യ പരിശോധന, കരാർ പുതുക്കൽ, റദ്ദാക്കൽ എന്നീ സേവനങ്ങൾ വർക്ക് ബണ്ടിൽ വഴി ലഭ്യമാകും.
Location :
New Delhi,Delhi
First Published :
June 14, 2024 8:36 AM IST