• HOME
  • »
  • NEWS
  • »
  • gulf
  • »
  • Dubai | അപേക്ഷാ ഫീസ് 500 ദിര്‍ഹം, 10% ഡിപ്പോസിറ്റ്; കുട്ടികളെ ദുബായിലെ സ്കൂളിൽ ചേർക്കുന്ന മാതാപിതാക്കൾ അറിയേണ്ടതെല്ലാം

Dubai | അപേക്ഷാ ഫീസ് 500 ദിര്‍ഹം, 10% ഡിപ്പോസിറ്റ്; കുട്ടികളെ ദുബായിലെ സ്കൂളിൽ ചേർക്കുന്ന മാതാപിതാക്കൾ അറിയേണ്ടതെല്ലാം

ഒരു അധ്യയന വര്‍ഷത്തിലെ ഏത് സമയത്തും പുതിയ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാവുന്നതാണ്. പുതിയ സ്‌കൂളുകള്‍ കെഎച്ച്ഡിഎ അംഗീകാരത്തോടെ മാത്രമേ പുതിയ കുട്ടികളുടെ രജിസട്രേഷന്‍ നടത്താന്‍ പാടുള്ളൂ.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    ദുബായ്: അടുത്തഅധ്യയന വര്‍ഷം ദുബായിലെ സ്കൂളുകളിൽകുട്ടികളെ ചേര്‍ക്കാനാഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‌മെന്റ് അതോറിറ്റി. അപേക്ഷാ ഫീസ്, രജിസ്‌ട്രേഷന്‍ ഡെപ്പോസിറ്റ്, എന്നിവയെപ്പറ്റിയുള്ള വിവരങ്ങളാണ് അതോറിറ്റി പുറത്തുവിട്ടത്.

    ”പുതിയ അഡ്മിഷനായുള്ള ആപ്ലിക്കേഷന്‍ ഫീസായി 500 ദിര്‍ഹം (ഏകദേശം 11000 രൂപ) വരെയാണ് സ്‌കൂളുകള്‍ ഇത്തവണ ചാര്‍ജ് ചെയ്യുന്നത്. ഈ ഫീസില്‍ സ്റ്റാന്‍ഡേര്‍ഡ് അസസ്‌മെന്റ് ഫീസും ഉള്‍പ്പെടുന്നു. അപേക്ഷാ ഫീസ് ട്യൂഷന്‍ ഫീസില്‍ ഉൾപ്പെടുന്നതല്ല,” കെഎച്ച്ഡിഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

    ‘പ്രവേശനം നേടുന്ന പുതിയ കുട്ടികള്‍ നോണ്‍-റീഫണ്ടബിള്‍ ഡെപ്പോസിറ്റും സ്‌കൂളുകള്‍ക്ക് നല്‍കേണ്ടിവരും. മൊത്തം ട്യൂഷന്‍ ഫീസിന്റെ പത്ത് ശതമാനത്തില്‍ കൂടുതലാകരുത് രജിസട്രേഷന്‍ ഫീസ് എന്നാണ് നിയമം. കൂടാതെ അധ്യയന വര്‍ഷത്തിലെ മൊത്തം ട്യൂഷന്‍ ഫീസില്‍ കിഴിവും ലഭിക്കും,’ കെഎച്ച്ഡിഎ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

    പ്രവേശനം നേടിയ ശേഷം റീ-രജിസ്‌ട്രേഷന്‍ ഫീസ് ആദ്യ വര്‍ഷ ഫീസില്‍ നിന്ന് കുറയ്ക്കുന്നതാണ്. റീ-രജിസ്‌ട്രേഷന് ഫീസിന് പുറമെ അധിക ഫീസ് ഈടാക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരമില്ല.

    Also Read- 140 ലേറെ മണിക്കൂറുകൾ കോൺക്രീറ്റ് കൂനയ്ക്കുള്ളിൽ; ലോക ജനതയുടെ ജീവനായി സിറിയയിലെ കുരുന്നുകൾ

    സെപ്റ്റംബറില്‍ അധ്യയനവര്‍ഷം ആരംഭിക്കുന്ന സ്‌കൂളുകള്‍ അവധിക്കാലം കഴിഞ്ഞശേഷം മാത്രമെ റീ-രജിസ്‌ട്രേഷന്‍ ഡെപ്പോസിറ്റ് ശേഖരിക്കാന്‍ പാടുള്ളൂ. ഏപ്രിലില്‍ അധ്യയനവര്‍ഷം ആരംഭിക്കുന്ന സ്‌കൂളുകള്‍ ശൈത്യകാല അവധിയ്ക്ക് ശേഷം മാത്രം റീ-രജിസ്‌ട്രേഷന്‍ ഫീസ് ശേഖരിക്കുക.

    ഒരു അധ്യയന വര്‍ഷത്തിലെ ഏത് സമയത്തും പുതിയ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാവുന്നതാണ്. പുതിയ സ്‌കൂളുകള്‍ കെഎച്ച്ഡിഎ അംഗീകാരത്തോടെ മാത്രമേ പുതിയ കുട്ടികളുടെ രജിസട്രേഷന്‍ നടത്താന്‍ പാടുള്ളൂ.

    ‘അധ്യയന വര്‍ഷത്തില്‍ പുതിയ കുട്ടികള്‍ സ്‌കൂളില്‍ ചേരുകയാണെങ്കില്‍ എന്റോള്‍മെന്റ് നടത്തുന്ന മാസം മുതല്‍ ട്യൂഷന്‍ ഫീസ് ഈടാക്കാന്‍ സ്‌കൂളിന് അധികാരമുണ്ടായിരിക്കും. എന്റോള്‍മെന്റ് സ്വീകരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം മാതാപിതാക്കള്‍ നല്‍കുന്നത് വരെ രജിസ്‌ട്രേഷന്‍ ഡെപ്പോസിറ്റ് അടയ്ക്കണമെന്ന് സ്‌കൂളുകള്‍ ആവശ്യപ്പെടാന്‍ പാടില്ല. സ്‌കൂളുകള്‍ക്ക് ഈടാക്കാനാകുന്ന പരമാവധി അപേക്ഷ ഫീസ് 500 ദിര്‍ഹം ആണ്,’ കെഎച്ച്ഡിഎ വെബ്‌സൈറ്റില്‍ പറയുന്നു.

    സ്‌കൂളുകള്‍ വിദ്യാര്‍ത്ഥിയ്ക്ക് സീറ്റ് നല്‍കിയില്ല എങ്കില്‍ 500 ദിര്‍ഹം അപേക്ഷ ഫീസ് തിരിച്ച് നല്‍കേണ്ടതാണ്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ സീറ്റ് വാഗ്ദാനം ചെയ്യുകയും കുട്ടിയുടെ മാതാപിതാക്കള്‍ അത് വേണ്ടെന്ന് വെയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അപേക്ഷ ഫീസ് തിരിച്ച് നല്‍കേണ്ടതില്ല.

    ഓരോ ടേമിന്റെയും ആരംഭത്തില്‍ അടയ്‌ക്കേണ്ട വാര്‍ഷിക ട്യൂഷന്‍ ഫീസ് തുക മൂന്ന് ഗഡുക്കളായി മാത്രമേ സ്‌കൂള്‍ അധികൃതര്‍ സ്വീകരിക്കാന്‍ പാടുള്ളു. ആദ്യ ടേം ഫീസ് വാര്‍ഷിക ട്യൂഷന്‍ ഫീസിന്റെ 40 ശതമാനത്തില്‍ കൂടാന്‍ പാടില്ല. രണ്ടാമതായി അടയ്‌ക്കേണ്ട തുക വാര്‍ഷിക ട്യൂഷന്‍ ഫീസിന്റെ 30 ശതമാനത്തില്‍ കൂടാന്‍ പാടില്ല. മൂന്നാമത്തെ ടേം തുകയും വാര്‍ഷിക ട്യൂഷന്‍ ഫീസിന്റെ 30 ശതമാനത്തില്‍ കൂടരുത് എന്നും കെഎച്ച്ഡിഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

    Published by:Rajesh V
    First published: