ലോകത്തിലെ ഏറ്റവും ഉയരമേറിയ ഫെറീസ് വീലിന്റെ പ്രവർത്തനം ദുബായിൽ നിലച്ചു; കാരണം വ്യക്തമാക്കാതെ അധികൃതർ
- Published by:Naseeba TC
- news18-malayalam
Last Updated:
ദുബായുടെ കണ്ണ് എന്നർഥമുള്ള ഐൻ ദുബായ് വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്ന സ്ഥലം കൂടിയായിരുന്നു
രണ്ടു വർഷം മുൻപാണ്, ലോകത്തിലെ ഏറ്റവും വലിയ ഫെറിസ് വീൽ ‘ഐൻ ദുബായ്’ (Ain Dubai) പ്രവർത്തനം ആരംഭിച്ചത്. എന്നാൽ തുറന്ന് മാസങ്ങൾക്കുള്ളിൽ തന്നെ അതിന്റെ പ്രവർത്തനം നിർത്തിവെച്ചിരുന്നു. ദുബായുടെ കണ്ണ് എന്നർഥമുള്ള ഐൻ ദുബായ് വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്ന സ്ഥലം കൂടിയായിരുന്നു. “ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഐൻ ദുബായ് പ്രവർത്തിക്കില്ല. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനായി ഐൻ ദുബായ് അടച്ചിരിക്കുന്നു”, എന്നാണ് ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നത്.
അറ്റകുറ്റപ്പണികൾക്കായി ഈ ഫെറിസ് വീൽ ഒരു മാസത്തേക്ക് അടയ്ക്കും എന്നും വീണ്ടും തുറക്കും എന്നുമായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ ഇത് പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല. 2021ലായിരുന്നു വീലിന്റെ ഉദ്ഘാടനം. ഫെറിസ് വീൽ തുറക്കുന്നത് നീളുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അധികൃതർ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇതിനു സമീപം തുറന്ന റെസ്റ്റോറന്റുകൾ, കടകൾ, കഫേകൾ എന്നിവയുടെയെല്ലാം ഉടമകളും ആശങ്കയിലാണ്. ഐൻ ദുബായ് ഇനി തുറക്കുമോ എന്ന സംശയത്തിലാണ് പലരും.
“കഴിഞ്ഞ വർഷം, ശൈത്യകാലത്ത് ഫെറിസ് വീൽ തുറക്കുമെന്നാണ് അവർ ഞങ്ങളോട് ആദ്യം പറഞ്ഞിരുന്നത്. ഇനി വരുന്ന ശൈത്യകാലത്ത് തുറക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. പക്ഷേ അക്കാര്യത്തിൽ ഞങ്ങൾക്ക് അത്ര ഉറപ്പില്ല”, ഐൻ ദുബായ്ക്കു സമീപമുള്ള കടയിലെ ഒരു ജീവനക്കാരൻ പറഞ്ഞു.
advertisement
Also Read- സൗദിയിലെത്തിയ ഇന്ത്യൻ കാക്കകൾ തിരിച്ചുപോകുന്നില്ല; പരിസ്ഥിതി വകുപ്പ് നിയന്ത്രണത്തിനൊരുങ്ങുന്നു
ദുബായ് ബ്ളൂ വാട്ടേഴ്സ് ദ്വീപിലാണ് അന്താരാഷ്‌ട്ര കമ്പനികളുടെ സഹകരണത്തോടെ നിർമിച്ച ഐൻ ദുബായ് സ്ഥിതി ചെയ്യുന്നത്. റീട്ടെയിൽ, റെസിഡൻഷ്യൽ, എന്റർടെയ്ൻമെന്റ് ഹബ്ബായി രൂപകൽപ്പന ചെയ്ത ഒരു മനുഷ്യനിർമിത ദ്വീപാണ് ബ്ളൂ വാട്ടേഴ്സ്. ഒരു വർഷത്തിലേറെയായി, ഐൻ ദുബായിലേക്കുള്ള പ്രധാന കവാടം അടഞ്ഞുകിടക്കുകയും ടിക്കറ്റ് ബൂത്തുകൾ പ്രവർത്തനം നിർത്തി വെയ്ക്കുകയും ചെയ്തിരിക്കുകയാണ്. പുറത്തു നിന്ന് ചിത്രമെടുക്കാനായി ചെറിയൊരു വിഭാഗം വിനോദ സഞ്ചാരികൾ മാത്രമാണ് ഇപ്പോൾ ഇവിടെയെത്തുന്നത്.
advertisement
Also Read- ലോകത്തിലെ ഏറ്റവും സമ്പത്തുള്ള കുടുംബങ്ങളിലൊന്ന്; സൗദി രാജകുടുംബത്തെക്കുറിച്ച്
“ഞാൻ ഈ ഫെറിസ് വീലിനെക്കുറിച്ച് ഇവിടെയുള്ള ഒരു സെക്യൂരിറ്റി ഗാർഡിനോട് ചോദിച്ചു, അത് ഇപ്പോൾ പ്രവർത്തിക്കുന്നില്ല എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എന്താണ് കാരണമെന്ന് ഞാൻ അദ്ദേഹത്തോട് തുടർന്നു ചോദിച്ചു, പക്ഷേ അതിനുള്ള ഉത്തരം അദ്ദേഹം എനിക്ക് നൽകിയില്ല”, ഈജിപ്ഷ്യൻ വിനോദസഞ്ചാരിയായ മർവാൻ മുഹമ്മദ് പറഞ്ഞു.
ദുബായ് ടൂറിസം വകുപ്പ് നൽകുന്ന വിവരം അനുസരിച്ച്, ഈ ഫെറിസ് വീലിന് 250 മീറ്റർ (825 അടി) ഉയരമുണ്ട്. ലണ്ടൻ ഐയുടെ ഇരട്ടി ഉയരമുള്ള ഈ വീൽ ലോകത്തിലെ ഏറ്റവും വലിയ ഫെറിസ് വീലാണ്. ഇതിൽ 48 പാസഞ്ചർ ക്യാബിനുകളുമുണ്ട്. അവയെല്ലാം എയർ കണ്ടീഷൻ ചെയ്തിട്ടുള്ളതാണ്. ഈ ഫെറീസ് വീലിൽ ഒരേ സമയം 1,750 പേർക്ക് കയറാനാകും. 100 ദിർഹത്തിനും 4,700 ദിർഹത്തിനും ഇടയിലാണ് ടിക്കറ്റ് നിരക്കുകൾ.
advertisement
ഫെറിസ് വീലിൽ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹങ്ങളും ഇതിനിടെ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അധികൃതർ ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല.
Location :
Thiruvananthapuram,Kerala
First Published :
August 08, 2023 9:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ലോകത്തിലെ ഏറ്റവും ഉയരമേറിയ ഫെറീസ് വീലിന്റെ പ്രവർത്തനം ദുബായിൽ നിലച്ചു; കാരണം വ്യക്തമാക്കാതെ അധികൃതർ