പറഞ്ഞതും പറഞ്ഞെന്ന് പറഞ്ഞതും; ഗാൽവാനിലെ ചൈനീസ് ആക്രമണത്തിന്റെ പേരിൽ വിവാദം

Last Updated:

തെറ്റിച്ചത് എന്നത് ബിജെപിയുടെ ആക്ഷേപം. തെറ്റി എന്നത് കോൺഗ്രസിന്റെ ആരോപണം. ആക്ഷേപങ്ങൾക്കും ആരോപണങ്ങൾക്കുമപ്പുറം എന്താണ് പ്രധാനമന്ത്രി യഥാർത്ഥത്തിൽ പറഞ്ഞത്?

ഇരുപത് സൈനികർ വീരമൃത്യു വരിച്ച ഗാൽവാൻ താഴ്‌വരയില്‍ സംഭവിച്ചത് വിശദീകരിക്കുന്നതിനും ഇനിയെന്ത് ചെയ്യാനാണ് ആലോചിക്കുന്നതെന്ന് വെളിപ്പെടുത്താനും വിളിച്ച സർവ്വകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
അടുത്തിടെ രാജ്യം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് ഗാൽവാൻ താഴ് വരയിലുണ്ടായത്. ചൈനയുടെ ആക്രമണം ഉണ്ടായത് മാത്രമല്ല ഇതിന് കാരണം. ഇരുപത് ഇന്ത്യൻ സൈനികരാണ് ഈ ആക്രമണം ചെറുത്ത് വീരമൃത്യു വരിച്ചത്. ഈ ആക്രമണത്തെ രാജ്യം എങ്ങനെ നേരിടുമെന്ന് വ്യക്തമാക്കാനുള്ള അവസരമാണ് ആരോപണ പ്രത്യാരോപണങ്ങളുടെ വേദിയായിരിക്കുന്നത്. ശത്രു രാജ്യത്തിന്റെ ആക്രമണം സംബന്ധിച്ച് പ്രധാനമന്ത്രി പറ‍ഞ്ഞതുയർത്തി കടന്നാക്രമണം നടത്തുന്ന പ്രതിപക്ഷം. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് വിശദീകരിച്ച് പ്രത്യാക്രമണം നടത്തുന്ന ഭരണപക്ഷം. വിവാദമായ പരാമർശത്തിന് വിശദീകരണം നൽകി പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാൻ പാടുപെടുന്ന പ്രധാനമന്ത്രിയുടെ ഓഫീസ്. ശത്രു സൈന്യവുമായി ഏറ്റുമുട്ടി ഇരുപത് സൈനികർ വീരമൃത്യു വരിച്ചതിനെക്കാൾ വലിയ പ്രതിസന്ധിയും ചർച്ചയും ഇപ്പോൾ ഇതാണ്.
advertisement
advertisement
പ്രധാനമന്ത്രിക്ക് തെറ്റിയതോ പ്രതിപക്ഷം തെറ്റിച്ചതോ?
തെറ്റിച്ചത് എന്നത് ബിജെപിയുടെ ആക്ഷേപം. തെറ്റി എന്നത് കോൺഗ്രസിന്റെ ആരോപണം. ആക്ഷേപങ്ങൾക്കും ആരോപണങ്ങൾക്കുമപ്പുറം എന്താണ് പ്രധാനമന്ത്രി യഥാർത്ഥത്തിൽ പറഞ്ഞത്. കോവിഡ് മാനദണ്ഡം പാലിച്ച് വീഡിയോ കോൺഫറൻസ് സംവിധാനം ഉപയോഗിച്ചായിരുന്നു സർവ്വകക്ഷിയോഗം. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ യോഗത്തിൽ അദ്ദേഹം പറഞ്ഞതിന്റെ വീഡിയോ പുറത്തുവിട്ടു. അതിൽ പറയുന്നത് ഇപ്രകാരം. ആരും അതിർത്തി കടന്നിട്ടില്ല. ആരും കടന്നു കയറിയിട്ടില്ല. നമ്മുടെ ഒരു പ്രദേശം പോലും പിടിച്ചെടുത്തിട്ടുമില്ല. പ്രധാനമന്ത്രിയുടെ ഈ വാക്കുകളാണ് രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടി നേതാക്കളും ഏറ്റുപിടിച്ചത്. അതിർത്തി കടന്ന് ആരും എത്തിയിട്ടില്ലെങ്കിൽ പിന്നെ നമ്മുടെ സൈനികർ എങ്ങനെയാണ് മരിച്ചത്?. പ്രധാനമന്ത്രിയേയും അദ്ദേഹത്തിൻറെ ഓഫീസിനേയും പ്രതിരോധത്തിലാക്കിയത് പ്രതിപക്ഷത്തിന്റെ ഈ ചോദ്യമാണ്.
advertisement
ചൈനീസ് പട്ടാളക്കാരുമായുള്ള ഏറ്റുമുട്ടലിലാണ് നമ്മുടെ സൈനികർ വീരമൃത്യു വരിച്ചത്. അതിൽ തർക്കമില്ല. ആക്ഷേപമില്ല. അപ്പോൾ പിന്നെ എന്താണ് സംഭവിച്ചത്?. നമ്മൾ അതിർത്തി ലംഘിച്ചു എന്ന വ്യാഖ്യാനത്തിനാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ വഴിവച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതുകൊണ്ടാണ് എവിടെവച്ചാണ് ഇന്ത്യൻ സൈനികർ ആക്രമിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധിയും നേതാക്കളും ആവശ്യപ്പെട്ടത്. ആ രാഷ്ട്രീയം തിരിച്ചറിഞ്ഞാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി എത്തിയത്.
അനർത്ഥകരമായ വ്യാഖ്യാനം
പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നൽകിയത് അനർത്ഥകരമായ വ്യാഖ്യാനം എന്നാണ്. ആരോപണം അനർത്ഥകരം തന്നെ. പക്ഷെ വ്യാഖ്യാനമാണോ വിശദീകരണമാണോ എന്നതാണ് സംശയം. പ്രധാനമന്ത്രിയുടെ ഓഫീസിൻറെ വിശദീകരണം തന്നെ ഇതിന് കാരണം. ജൂൺ പതിനഞ്ചിന് നമ്മുടെ ഇരുപത് ധീരജവാൻമാർ വീരമൃത്യു വരിച്ച ശേഷം ഗാൽവാനിലെ സാഹചര്യമാണ് പ്രധാനമന്ത്രി സർവ്വകക്ഷി യോഗത്തിൽ പറഞ്ഞത് എന്നാണ് അദ്ദേഹത്തിൻറെ ഓഫീസിന്റെ വിശദീകരണം.
advertisement
നമ്മുടെ ധീര ജവാൻമാരുടെ ഇടപെടലിന് ശേഷം അതിർത്തി രേഖയുടെ ഇപ്പുറത്ത് ചൈനീസ് സാന്നിധ്യമില്ല. ഇതാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചതെങ്കിൽ ആരും അതിർത്തി കടന്നിട്ടില്ല, ആരും കടന്നു കയറിയിട്ടില്ല എന്നായിരുന്നോ പറയേണ്ടിയിരുന്നത്. ഇത് കേൾക്കുമ്പോൾ ഇപ്പോൾ നമ്മുടെ അതിർത്തിക്കുള്ളിൽ ചൈനീസ് സൈനികർ ആരുമില്ലെന്നാണോ മനസിലാകുക?. ശത്രുവിനെ, അത് പ്രതിപക്ഷത്തിരിക്കുന്നവരായാലും അയല്‍രാജ്യത്തിരിക്കുന്നവരായാലും കടന്നാക്രമിക്കാൻ അവർക്കെതിരെ കുറിക്ക് കൊള്ളുന്ന വാക്കുകൾ പ്രയോഗിക്കാൻ ഒരു പിശുക്കും കാണിക്കാത്ത നേതാവാണ് പ്രധാനമന്ത്രി മോദി. അത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആയുധവും. ആ നേതാവിന്‍റെ വാക്കുകൾക്കാണ് അദ്ദേഹത്തിന്റെ ഓഫീസിന് ഇപ്പോൾ വിശദീകരണം നൽകേണ്ടി വന്നിരിക്കുന്നത്. ദേശീയ സുരക്ഷയെന്ന വാദത്തിൽ വീഴാതെ പ്രതിപക്ഷം ഈ വിഷയത്തിൽ മോദിക്കെതിരെ വാളെടുത്ത് ഇറങ്ങിയിരിക്കുന്നതും അതുകൊണ്ട് തന്നെ.
മലയാളം വാർത്തകൾ/ വാർത്ത/India-China/
പറഞ്ഞതും പറഞ്ഞെന്ന് പറഞ്ഞതും; ഗാൽവാനിലെ ചൈനീസ് ആക്രമണത്തിന്റെ പേരിൽ വിവാദം
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement