സൂറത്ത്: റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഭയാർഥി തൊഴിലാളികൾക്ക് മേൽ ട്രക്ക് പാഞ്ഞുകയറി പതിനഞ്ചുപേർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്തില്‍ ഇന്ന് പുലർച്ചയോടെയാണ് സംഭവം. കൊസാമ്പയ്ക്ക് സമീപം കിം മാണ്ട്വി ഹൈവേയിൽ വച്ച് ട്രക്കും കരിമ്പുമായെത്തിയ ട്രാക്ടറും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ട്രക്ക് റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ആളുകളുടെ മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
പതിനെട്ടു പേരാണ് ഇവിടെയുണ്ടായിരുന്നത്. പന്ത്രണ്ട് പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേർ ആശുപത്രിയിലാണ് മരിച്ചത്. രാജസ്ഥാൻ ബന്‍സ്വാര സ്വദേശികളാണ് കൊല്ലപ്പെട്ടതെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം അപകടത്തിൽ അനുശോചനം അറിയിച്ച് ബിജെപി നേതാവ് ഓം ബിർള പ്രതികരിച്ചിട്ടുണ്ട്.
'ഗുജറാത്തിലെ സൂറത്തില്‍ വഴിയരികിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ഒരു ദാരുണ അപകടത്തെക്കുറിച്ച് അറിഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളോട് അഗാധമായ അനുശോചനം അറിയിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖമാകട്ടെയെന്നും ആശംസിക്കുന്നു' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Death, Migrant labourers