ബിഹാറിൽ വിഷമദ്യ ദുരന്തം; പതിനാറു പേർ മരിച്ചു, കാഴ്ചശക്തി നഷ്ടമായത് നിരവധി പേർക്ക്
Last Updated:
പുതിയ മദ്യനിരോധന നിയമപ്രകാരം 2016ൽ ബിഹാറിനെ ഡ്രൈ സ്റ്റേറ്റ് ആയി പ്രഖ്യാപിച്ചിരുന്നു.
പാറ്റ്ന: ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ പതിനാറു പേർ മരിച്ചു. നിരവധി പേർക്ക് കാഴ്ചശക്തി നഷ്ടമായി. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ കഴിഞ്ഞ 48 മണിക്കൂറിലാണ് പതിനാറു പേർക്ക് ജീവൻ നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ചോദ്യം ചെയ്തു. ഗ്രാമത്തിലെ രണ്ട് ചൗകിദാറുകളെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തു.
മരിച്ചവരുടെ കുടുംബാംഗങ്ങൾ പൊലീസ് നടപടിയെ ഭയന്ന് ആരെയും അറിയിക്കാതെ മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിച്ചു. 2016 ഏപ്രിൽ മുതൽ സംസ്ഥാനത്ത് മദ്യ ഉപഭോഗം, ഉൽപാദനം, വ്യാപാരം എന്നിവ നിരോധിച്ചിരിക്കുന്നു.
'കഴിഞ്ഞ രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ എട്ടു പേരോളമാണ് അസ്വാഭാവികമായി മരിച്ചത്. എന്നാൽ, മദ്യപിച്ചിട്ടാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് മരിച്ചയാളുടെ വീട്ടുകാരോ ഗ്രാമീണരോ പുറത്തു പരാമർശിച്ചിട്ടില്ല' - ജില്ല മജിസ്ട്രേറ്റ് കുന്ദൻ കുമാർ പറഞ്ഞു.
advertisement
പുതിയ മദ്യനിരോധന നിയമപ്രകാരം 2016ൽ ബിഹാറിനെ ഡ്രൈ സ്റ്റേറ്റ് ആയി പ്രഖ്യാപിച്ചിരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നാൽപതോളം പേരിൽ നിന്ന് മൊഴിയെടുത്തു. ഇതിൽ മരിച്ചവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. എന്നാൽ, ഇവരെല്ലാവരും മദ്യം കഴിച്ചു എന്ന കാര്യം നിഷേധിക്കുകയാണ് ഉണ്ടായത്.
ഇരയായവരിൽ രണ്ടു പേരുടെ ബന്ധുക്കൾ മാത്രമാണ് തങ്ങളുടെ ബന്ധുക്കളുടെ മരണത്തെക്കുറിച്ച് കൂടുതലായി എന്തെങ്കിലും സംസാരിക്കാൻ തയ്യാറായത്. എന്നാൽ, തങ്ങളുടെ ബന്ധുക്കൾ മരിച്ചത് ആരോഗ്യകരമായ പ്രശ്നങ്ങൾ കൊണ്ടാണെന്നാണ് ഇവർ പറഞ്ഞത്. രണ്ടുപേരുടെ മരണം ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണ് സംഭവിച്ചതെങ്കിൽ പോലും ബാക്കിയുള്ള 14 പേരുടെ മരണം വ്യാജമദ്യം കഴിച്ചതു കൊണ്ടാണെന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 19, 2021 11:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബിഹാറിൽ വിഷമദ്യ ദുരന്തം; പതിനാറു പേർ മരിച്ചു, കാഴ്ചശക്തി നഷ്ടമായത് നിരവധി പേർക്ക്