ജയിലിൽ കുട്ടികളുമായി കഴിയുന്നത് 1650 വനിതാതടവുകാര്‍; ഏറ്റവുംകൂടുതൽ തമിഴ്നാട്ടിലും ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും
- Published by:Vishnupriya S
- news18-malayalam
Last Updated:
1867 കുട്ടികൾ വിവിധ ജയിലുകളിൽ അമ്മമാർക്കൊപ്പമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പാർലമെന്റിൽ അറിയിച്ചു
ന്യൂഡൽഹി: രാജ്യത്തെ വിവിധ ജയിലുകളിലെ 1650 വനിതാതടവുകാർക്കൊപ്പം അവരുടെ കുട്ടികളുമുണ്ടെന്ന് കേന്ദ്രസർക്കാർ. ഇത്തരത്തിൽ 1867 കുട്ടികൾ വിവിധ ജയിലുകളിൽ അമ്മമാർക്കൊപ്പമുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം പാർലമെന്റിൽ അറിയിച്ചു. 1650 വനിതാതടവുകാരിൽ 1418 പേർ വിചാരണത്തടവുകാരും 216 പേർ ശിക്ഷിക്കപ്പെട്ടവരുമാണ്. ശിക്ഷിക്കപ്പെട്ടവരുടെ കുട്ടികളായി 246 പേരാണ് ജയിലുകളിലുള്ളത്.
കേരളത്തിലെ വനിതാജയിലുകളിൽ അമ്മമാർക്കൊപ്പം കഴിയുന്നത് അഞ്ചിൽത്താഴെപേരാണ്. ഏറ്റവുംകൂടുതൽ കുട്ടികൾ ജയിലുകളിലുള്ളത് തമിഴ്നാട്ടിലും ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലുമാണ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമ്പോൾ ഗർഭിണിയായിരിക്കുക, ജയിലിനുപുറത്ത് കുട്ടിയെ സംരക്ഷിക്കാൻ ആരുമില്ലാതിരിക്കുക തുടങ്ങിയ അവസ്ഥകളിലാണ് തടവറയിൽ കുഞ്ഞിനെ പാർപ്പിക്കാൻ അമ്മമാർ അനുമതിതേടുന്നത്. കോടതി ഇതിന് അനുവാദം നൽകുന്നു.
ശേഷം കുട്ടിയുടെ പരിപാലനം ജയിൽവകുപ്പ് ഏറ്റെടുക്കുന്നു. കേരളം, ഡൽഹി, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ അമ്മയ്ക്കൊപ്പം ജയിലിൽ കഴിയാൻ ആറുവയസ്സുവരെ കുട്ടിയെ അനുവദിക്കും. എന്നാൽ ബിഹാർപോലുള്ള സംസ്ഥാനങ്ങളിൽ രണ്ടുവയസ്സുവരെ മാത്രമേ അനുമതിയുള്ളൂ. പ്രായപരിധി കഴിഞ്ഞാൽ സാമൂഹികനീതി വകുപ്പിന്റെ സംരക്ഷണകേന്ദ്രങ്ങളിലേക്ക് കുട്ടിയെ മാറ്റും. തുടർന്ന് എല്ലാ ആഴ്ചയും അമ്മയെ കാണാൻ കുഞ്ഞിന് അവസരമൊരുക്കും.
advertisement
15 സംസ്ഥാനങ്ങളിലായി 32 വനിതാജയിലുകളാണ് രാജ്യത്തുള്ളത്. ഇവിടങ്ങളിലായി 22,918 വനിതാതടവുകാരുണ്ട്. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം ആകെ തടവുകാരിൽ അഞ്ചുശതമാനംപേർ സ്ത്രീകളാണ്. കേരളത്തിൽ കണ്ണൂർ, വിയ്യൂർ, തിരുവനന്തപുരം എന്നിങ്ങനെ മൂന്നു വനിതാജയിലുകളാണുള്ളത്. ഇതിൽ 232 തടവുകാരുണ്ട്. ഏറ്റവുമധികം വനിതാജയിലുകളുള്ളത് രാജസ്ഥാനിലാണ് (ഏഴ്).
ഏറ്റവും കൂടുതൽ വനിതാ തടവുകാരുള്ളതാകട്ടെ തമിഴ്നാട്ടിലും (2018). ഇവിടെ അഞ്ചുജയിലുകളുമുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ മൂന്നിൽത്താഴെയാണ് ജയിലുകളുടെ എണ്ണം. രാജസ്ഥാനിൽ 998 വനിതാതടവുകാരാണ് ഉള്ളത്. ന്യൂഡൽഹിയിൽ 680, ഉത്തർപ്രദേശിൽ 540 വനിതാതടവുകാരുണ്ട്. ഗുജറാത്ത്- 410, പഞ്ചാബ്-320, പശ്ചിമബംഗാൾ-314, ആന്ധ്രാപ്രദേശ് -280, മഹാരാഷ്ട്ര-262, ബിഹാർ-202
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 16, 2023 8:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ജയിലിൽ കുട്ടികളുമായി കഴിയുന്നത് 1650 വനിതാതടവുകാര്‍; ഏറ്റവുംകൂടുതൽ തമിഴ്നാട്ടിലും ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും