• HOME
 • »
 • NEWS
 • »
 • india
 • »
 • Farm Laws | 86% കർഷക സംഘടനകളും കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നു; അവ നടപ്പാക്കണം: സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി

Farm Laws | 86% കർഷക സംഘടനകളും കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നു; അവ നടപ്പാക്കണം: സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി

ഏകദേശം 38.3 ദശലക്ഷം കര്‍ഷകരെ പ്രതിനിധീകരിക്കുന്ന 73 സംഘടനകളുമായി സംവദിച്ചതായി സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു

 • Share this:
  ഭൂരിഭാഗം കാര്‍ഷിക സംഘടനകളും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച കാര്‍ഷിക നിയമങ്ങളെ (Farmers Law) പിന്തുണയ്ക്കുന്നതായി സുപ്രീം കോടതി (Supreme Court) നിയോഗിച്ച വിദഗ്ദ്ധ സമിതി (Panel of Experts). 33 ദശലക്ഷം കർഷകരെ പ്രതിനിധീകരിക്കുന്ന, 86 ശതമാനം കര്‍ഷക സംഘടനകളും കാർഷിക നിയമങ്ങളെ പിന്തുണച്ചിരുന്നതായി വിദഗ്ദ്ധ സമിതി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ (Central Government) പിന്‍വലിച്ച നിയമങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും സംസ്ഥാനങ്ങള്‍ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ നടപ്പാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

  നിയമങ്ങള്‍ പിന്‍വലിക്കുകയോ ദീര്‍ഘകാലത്തേക്ക് തടഞ്ഞു വെക്കുകയോ ചെയ്യുന്നത് അവയെ പിന്തുണയ്ക്കുന്ന ഭൂരിപക്ഷത്തോടുള്ള അനീതി ആയിരിക്കുമെന്നും സമിതി പറഞ്ഞു. മൂന്ന് കർഷക നിയമങ്ങളും നടപ്പാക്കുന്നത് നിർത്തിവെച്ചുകൊണ്ട് 2021 ജനുവരിയിലാണ് സുപ്രീം കോടതി വിദഗ്ദ്ധ സമിതി രൂപീകരിച്ചത്.

  കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി, ഷേത്കാരി സംഘടന (മഹാരാഷ്ട്ര) പ്രസിഡന്റ് അനില്‍ ഘന്‍വത്, ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ദക്ഷിണേഷ്യന്‍ ഡയറക്ടര്‍ പ്രമോദ് കുമാര്‍ ജോഷി, ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ഭൂപീന്ദര്‍ സിംഗ് മാന്‍ എന്നിവരുള്‍പ്പെടെ നാല് അംഗങ്ങളായിരുന്നു തുടക്കത്തില്‍ സമിതിയിൽ ഉണ്ടായിരുന്നത്. ഭൂപീന്ദര്‍ സിംഗ് മാന്‍ പിന്നീട് പാനലില്‍ നിന്ന് സ്വയം വിട്ടുനിന്നു.

  Also Read-Narendra Modi on Farm Laws| 'ചില കർഷകർക്ക് കാര്യങ്ങൾ മനസിലാകാത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നു'; പ്രധാനമന്ത്രി

  ഏകദേശം 38.3 ദശലക്ഷം കര്‍ഷകരെ പ്രതിനിധീകരിക്കുന്ന 73 സംഘടനകളുമായി സംവദിച്ചതായി സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. അവരില്‍ 86 ശതമാനം പേരും ഈ നിയമങ്ങളെ പൂര്‍ണ്ണമായി പിന്തുണച്ചപ്പോള്‍ ഏകദേശം 5.1 ദശലക്ഷത്തെ പ്രതിനിധീകരിക്കുന്ന നാല് സംഘടനകൾ നിയമങ്ങളെ പിന്തുണച്ചില്ല. 360,000 കര്‍ഷകരെ പ്രതിനിധീകരിക്കുന്ന മറ്റ് ഏഴ് സംഘടനകള്‍ ചില പരിഷ്‌കാരങ്ങളോടെ നിയമങ്ങളെ പിന്തുണച്ചു. അതുകൂടാതെ, പാനല്‍ പൊതുജനാഭിപ്രായം ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്ന് 19,027 നിര്‍ദ്ദേശങ്ങളും സമിതിയ്ക്ക് ലഭിച്ചു. പ്രതികരിച്ചവരില്‍ മൂന്നില്‍ രണ്ട് പേരും നിയമങ്ങളെ പിന്തുണച്ചുവെന്നും പാനല്‍ പറഞ്ഞു.

  ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകൾ സമിതിയുമായി സംവദിക്കാൻ തയ്യാറായില്ലെന്നും എന്നാല്‍ മാധ്യമങ്ങളില്‍ അവർ ഉയര്‍ത്തിക്കാട്ടിയ എതിര്‍പ്പുകളും ആശങ്കകളും ശുപാര്‍ശകള്‍ തയ്യാറാക്കവേ പരിഗണിച്ചിരുന്നതായും സമിതി ചൂണ്ടിക്കാട്ടി. മിനിമം താങ്ങുവില സമ്പ്രദായം നിയമവിധേയമാക്കണമെന്ന കര്‍ഷക യൂണിയനുകളുടെ ആവശ്യം യുക്തിരഹിതമാണെന്നും അതിനാല്‍ അത് അപ്രായോഗികമാണെന്നും പാനല്‍ പറഞ്ഞു.

  Also Read-Narendra Modi on Farm Laws| കാർഷിക നിയമങ്ങൾ പിൻവലിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

  ഹരിതവിപ്ലവ കാലത്ത് ധാന്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത എംഎസ്പിയും സംഭരണ നയവും ഗോതമ്പും അരിയും വന്‍തോതില്‍ മിച്ചം വരുന്ന സാഹചര്യത്തില്‍ പുനഃപരിശോധിക്കേണ്ടതുണ്ട്. കുറഞ്ഞത് 10 വര്‍ഷമെങ്കിലും എങ്ങനെ മുന്നോട്ട് പോകണം എന്നതിനെ സംബന്ധിച്ച് പാനല്‍ കുറച്ച് ഓപ്ഷനുകളും നല്‍കിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ വഴിയോ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ വഴിയോ വേഗത്തിലാക്കണം. അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് കൗണ്‍സില്‍ എല്ലാ സംസ്ഥാനങ്ങളിലും നിയമം മൂലം നടപ്പിലാക്കണമെന്ന നിര്‍ദ്ദേശവും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്.
  Published by:Jayesh Krishnan
  First published: