അമ്മമാരുടെ ഫോൺ വിളി ശല്യമാണെന്ന് കരുതുന്നോ ? തുടർച്ചയായി മകനെ ഫോൺവിളിച്ച അമ്മ രക്ഷിച്ചത് 25 ജീവന്‍

Last Updated:

ഗ്രാമത്തിലെ ഞങ്ങളുടെ വീട് ഉയരത്തിൽ സ്ഥിതിചെയ്യുന്നതിനാൽ, നദിയിൽ വെള്ളപ്പൊക്കമുണ്ടായതും സംഹാരരൂപത്തിൽ അത് താഴേക്ക് കുതിക്കുന്നതും കണ്ടെന്നും അമ്മ അറിയിച്ചു

ഡെറാഡൂൺ: എന്തിനും ഏതിനും ആധിയുണ്ടാകുന്നത് അമ്മമാരുടെ സ്വഭാവമാണ്. മക്കൾ കണ്‍മുന്നിൽ ഇല്ലെങ്കിൽ അവർ പുറത്തു പോയി തിരിച്ചെത്തുന്നത് വരെ അവര്‍ക്ക് സമാധാനമുണ്ടാകില്ല. ഇടവേളകളിൽ ഫോൺ ചെയ്ത് കാര്യങ്ങൾ തിരക്കിക്കൊണ്ടിരിക്കുകയും ചെയ്യും. സ്നേഹം കൊണ്ടാണെങ്കിലും അമ്മമാരുടെ ഈ ആധിയും അമിത കരുതലും പലപ്പോഴും മക്കൾ ഗൗരവമായി എടുക്കാറില്ല. എന്നാൽ അമ്മയുടെ തുടർച്ചയായ ഫോണ്‍വിളി സ്വന്തം ജീവൻ അടക്കം ഇരുപത്തിയഞ്ചോളം പേരുടെ ജീവന് തുണയായ കഥയാണ് ഉത്തരാഖണ്ഡ് സ്വദേശിയായ വിപുൽ കൈരേനിയ്ക്ക് പറയാനുള്ളത്.
തപോവൻ ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് ഹെവി ഡ്രൈവർ ആയി ജോലി ചെയ്ത് വരികയാണ് വിപുൽ. പ്രളയം നടന്ന ഏഴാം തീയതിയും പതിവുപോലെ ഇയാൾ പ്രദേശത്ത് ജോലിക്കെത്തി. എല്ലാദിവസവും ലഭിക്കുന്ന കൂലിയുടെ ഇരട്ടിത്തുക ഞായറാഴ്ചകളിൽ ലഭിക്കും അതുകൊണ്ടാണ് അവധി ദിവസം ആയിട്ടു കൂടി വിപുൽ അന്നും ജോലിക്കെത്തിയത്. എന്നാൽ അൽപ്പസമയം കഴിഞ്ഞപ്പോഴേക്കും അമ്മയായ മംഗശ്രീ ദേവിയുടെ ഫോൺവിളിയെത്തി. ആകെ പരിഭ്രാന്തയായി ആയിരുന്നു വിളി. ധൗളിഗംഗയിൽ പ്രളയമുണ്ടായെന്നും സുരക്ഷയിലേക്ക് മാറാനുമായിരുന്ന ആ അമ്മ ആവശ്യപ്പെട്ടത്. എന്നാൽ ഈ കോൾ ആദ്യം ഗൗരവമായി എടുത്തില്ലെന്നാണ് വിപുൽ പറയുന്നത്.
advertisement
'മൊബൈലിൽ അമ്മയുടെ കോൾ വന്നപ്പോൾ, ഞാൻ ജോലിത്തിരക്കിലായിരുന്നു. ധൗളിഗംഗയിൽ വെള്ളപ്പൊക്കമുണ്ടായെന്നും സുരക്ഷിതത്വത്തിലേക്ക് ഓടിക്കയറാനും ആവശ്യപ്പെട്ട് അവൾ ഭ്രാന്തമായി അലറുകയായിരുന്നു. എന്നാൽ ഇത് ഗൗരവമായി എടുക്കാതെ ഞാന്‍ കോൾ കട്ട് ചെയ്തു. അവൾ എന്നെ വീണ്ടും വിളിച്ച് നിൽക്കുന്നിടത്ത് നിന്ന് മാറാൻ അപേക്ഷിച്ചു. ഗ്രാമത്തിലെ ഞങ്ങളുടെ വീട് ഉയരത്തിൽ സ്ഥിതിചെയ്യുന്നതിനാൽ, നദിയിൽ വെള്ളപ്പൊക്കമുണ്ടായതും സംഹാരരൂപത്തിൽ അത് താഴേക്ക് കുതിക്കുന്നതും കണ്ടെന്നും അമ്മ അറിയിച്ചു' കൈരേനി പറയുന്നു.
advertisement
ഇതോടെയാണ് സാഹചര്യത്തിന്‍റെ ഗൗരവം യുവാവ് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ തന്‍റെ സഹപ്രവർത്തകരെയും കൂട്ടി സുരക്ഷിത സ്ഥാനത്തേക്ക് മാറുകയും ചെയ്തു. 'അമ്മയുടെ മുന്നറിയിപ്പ് കിട്ടിയില്ലായിരുന്നുവെങ്കിൽ ഞങ്ങളിൽ ആരും തന്നെ ജീവനോടെ ഉണ്ടാകുമായിരുന്നില്ല' വിപുൽ വ്യക്തമാക്കി.
ഉത്തരാഖണ്ഡിലെ ചമേലി ജില്ലയിലുണ്ടായ മിന്നൽപ്രളയത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. അപകടം നടന്ന് ഒരാഴ്ചയോളം കഴിഞ്ഞിട്ടും കാണാതായ 158 പേരെക്കുറിച്ച് ഇതുവരെ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. ഇതുവരെ 46 മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. ജോഷിമഠിലെ നന്ദാദേവി ഗ്ലേസിയർ തകർന്നു വീണ് ധൗളിഗംഗാ നദിയിൽ പ്രളയം ഉണ്ടായതാണ് മേഖലയിൽ അപ്രതീക്ഷിത ദുരന്തമുണ്ടാക്കിയത്.
advertisement
തപോവൻ ജലവൈദ്യുത പദ്ധതിയ്ക്ക് സമീപത്തായിരുന്നു വൻദുരന്തമുണ്ടായത്. അപകടത്തിൽ കാണാതായാവരിലും മരണപ്പെട്ടവരിലും കൂടുതൽ ഇവിടുത്തെ ജോലിക്കാരാണ്. എന്നാൽ ദുരന്തമുഖത്ത് നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ആശ്വാസത്തിലാണ് 27കാരനായ വിപുൽ കൈരേനി. മകനെയോർത്തു ഇയാളുടെ അമ്മയ്ക്കുണ്ടായ ആധി 25 പേരുടെ ജീവനാണ് രക്ഷിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
അമ്മമാരുടെ ഫോൺ വിളി ശല്യമാണെന്ന് കരുതുന്നോ ? തുടർച്ചയായി മകനെ ഫോൺവിളിച്ച അമ്മ രക്ഷിച്ചത് 25 ജീവന്‍
Next Article
advertisement
മല്ലികാർജുൻ ഖാർഗെയുടെ ശക്തികേന്ദ്രത്തിൽ RSS മാർച്ചിന് അനുമതി; കർശന നിബന്ധനകൾ
മല്ലികാർജുൻ ഖാർഗെയുടെ ശക്തികേന്ദ്രത്തിൽ RSS മാർച്ചിന് അനുമതി; കർശന നിബന്ധനകൾ
  • ഗുർമിത്കലിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് യാദ്ഗിർ ജില്ലാ ഭരണകൂടം ഉപാധികളോടെ അനുമതി നൽകി.

  • മാർച്ച് നരേന്ദ്ര റാത്തോഡ് ലേഔട്ടിൽ നിന്ന് ആരംഭിച്ച് പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോകും.

  • പൊതുസ്വത്തിനോ സ്വകാര്യ സ്വത്തിനോ നാശനഷ്ടം വരുത്തരുതെന്നും, കർശന നിബന്ധനകൾ പാലിക്കണമെന്നും നിർദ്ദേശം.

View All
advertisement