കോൺഗ്രസിന് തിരിച്ചടി;മഹാരാഷ്ട്രാ വോട്ടർ പട്ടിക സംബന്ധിച്ച് താൻ പുറത്തു വിട്ട തെറ്റായ വിവരങ്ങൾക്ക് ക്ഷമാപണവുമായി വിദഗ്ധൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
സിഎസ്ഡിഎസ് കണക്കുകളെ ഉദ്ധരിച്ചായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി ആരോപിച്ചത്
മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടിക സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെച്ചൊല്ലിയുള്ള ചൂടേറിയ രാഷ്ട്രീയ തര്‍ക്കത്തിനൊടുവില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതിന് ലോക്‌നിധി സിഎസ്ഡിഎസ് പ്രോജക്ട് കോ- ഡയറക്ടര്‍ സഞ്ജയ് കുമാര്‍ പരസ്യമായി ക്ഷമാപണം നടത്തി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് അദ്ദേഹം തെറ്റുപറ്റിയതായി സമ്മതിച്ചിരിക്കുന്നത്. സിഎസ്ഡിഎസ് കണക്കുകളെ ഉദ്ധരിച്ചായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി ആരോപിച്ചത്.
2024-ലെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മഹാരാഷ്ട്രയിലെ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായതായി കാണിക്കുന്ന കണക്കുകള്‍ രാഷ്ട്രീയ വിശകലന വിദഗ്ദ്ധനായ സഞ്ജയ് കുമാര്‍ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് രണ്ട് പോസ്റ്റുകളും അദ്ദേഹം ഡിലീറ്റ് ചെയ്തു. തങ്ങളുടെ ടീമിന് തെറ്റുപറ്റിയെന്നും 2024-ലെ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ തെറ്റ് സംഭവിച്ചതായും അദ്ദേഹം പുതിയ പോസ്റ്റില്‍ ഏറ്റുപറഞ്ഞു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പോസ്റ്റില്‍ അറിയിച്ചു.
'മഹരാഷ്ട്ര തിരഞ്ഞെടുപ്പിലെ ചില വിവരങ്ങള്‍' എന്ന തലക്കെട്ടില്‍ രണ്ട് വ്യത്യസ്ഥ ട്വീറ്റുകളാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നത്. അവയില്‍ നാല് മണ്ഡലങ്ങളില്‍ നിന്നുള്ള കണക്കുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. രണ്ട് നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം കുത്തനെ ഉയര്‍ന്നതായും രണ്ട് മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ കുറഞ്ഞതായുമാണ് കണക്കുകളില്‍ വ്യക്തമാക്കിയിരുന്നത്.
advertisement
I sincerely apologize for the tweets posted regarding Maharashtra elections.
Error occurred while comparing data of 2024 LS and 2024 AS. The data in row was misread by our Data team.
The tweet has since been removed.
I had no intention of dispersing any form of misinformation.
— Sanjay Kumar (@sanjaycsds) August 19, 2025
advertisement
2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാംടെക്കില്‍ 4.66 ലക്ഷമായിരുന്ന വോട്ടര്‍മാരുടെ എണ്ണം നിയമസഭാ തെരഞ്ഞെടുപ്പില്‍ 2.86 ലക്ഷമായി കുറഞ്ഞുവെന്ന് സഞ്ജയ് കുമാര്‍ പോസ്റ്റില്‍ അവകാശപ്പെട്ടു. ഇത് 38.45 ശതമാനത്തിന്റെ കുറവായിരുന്നു. ദേവ്‌ലാലിയിലും സമാനമായ ഒരു പ്രവണത പ്രകടമായിരുന്നു. വോട്ടര്‍മാരുടെ എണ്ണം 4.56 ലക്ഷത്തില്‍ നിന്ന് 2.88 ലക്ഷമായി കുറഞ്ഞു. അതായത് 36.82 ശതമാനത്തിന്റെ കുറവ്.
ഇതിനു വിപരീതമായി നാസിക് വെസ്റ്റില്‍ വോട്ടര്‍മാരുടെ എണ്ണം 47.38 ശതമാനം വര്‍ധനവ് ഉണ്ടായതായി തോന്നുന്നുവെന്നും ലോക്‌സഭ തിരഞ്ഞെടുപ്പിലെ 3.28 ലക്ഷത്തില്‍ നിന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ 4.83 ലക്ഷമായി വോട്ടര്‍മാര്‍ വര്‍ദ്ധിച്ചുവെന്നും പോസ്റ്റില്‍ വെളിപ്പെടുത്തി. ഹിങ്‌നയിലും അസാധാരണമായ ഒരു വര്‍ധനവ് പ്രതിഫലിക്കുന്നതായി കാണിച്ചു. 3.14 ലക്ഷത്തില്‍ നിന്ന് 4.50 ലക്ഷമായി വോട്ടര്‍മാര്‍ 43.08 ശതമാന വര്‍ദ്ധിച്ചു.
advertisement
എന്നാല്‍, സഞ്ജയ് കുമാര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതിനു മുമ്പ് തന്നെ ഇവ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുകയും കോണ്‍ഗ്രസ് ഇതിനെ ആയുധമാക്കുകയും ചെയ്തു. സിഎസ്ഡിഎസ് കണക്കുകള്‍ ഉദ്ധരിച്ചാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപണമുന്നയിച്ചത്. തട്ടിപ്പ് നടന്നതായുള്ള ആരോപണങ്ങള്‍ക്ക് ബലമേകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഈ കണക്കുകള്‍ ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ തന്നെ സംശയ മുനയില്‍ നിര്‍ത്താനും കോണ്‍ഗ്രസിന് സാധിച്ചു. ഈ കണക്കുകളിലാണ് പിശക് സംഭവിച്ചതായി കുറ്റസമ്മതം നടത്തികൊണ്ട് സഞ്ജയ് കുമാര്‍ മാപ്പ് പറഞ്ഞിരിക്കുന്നത്.
advertisement
ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ വോട്ട് ചോര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി നിരന്തരം ആരോപിച്ചിരുന്നു. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബിജെപിയും സഖ്യകക്ഷികളും നേട്ടമുണ്ടാക്കിയത് ഈ മാന്യന്റെ (രാജീവ് കുമാർ) സഹായത്തോടെയാണെന്നും ആരോപണങ്ങളുണ്ടായി.
ഈ ആരോപണങ്ങളെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായി നിരസിച്ചു. പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങളെ കേട്ടുകേള്‍വിയില്ലാത്തതും രാഷ്ട്രീയ ശ്രദ്ധ തിരിക്കുന്നതുമാണെന്ന് പറഞ്ഞ് നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തള്ളി. ആരോപണങ്ങളുടെ ഗൗരവം ഉണ്ടായിരുന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എട്ട് മാസത്തേക്ക് കോണ്‍ഗ്രസ് ഔദ്യോഗിക പരാതികളോ ഹര്‍ജികളോ ഫയല്‍ ചെയ്തിട്ടില്ലെന്നും ഇത് അവരുടെ കേസ് കൂടുതല്‍ ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
സഞ്ജയ് കുമാറിന്റെ കുറ്റസമ്മതം ഇതോടെ ബിജെപിക്ക് പുതിയ ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിക്കാനും പ്രത്യാക്രമണം നടത്താനും ഇതിനെ ബിജെപി അവസരമാക്കി. വോട്ട് മോഷണം ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമ്മര്‍ദ്ദം ചെലുത്തിയ കോണ്‍ഗ്രസിന്റെ വാദങ്ങളെ ബിജെപി ശക്തമായി നിഷേധിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബിജെപി പറഞ്ഞു.
പ്രതിപക്ഷവും അക്കാദമിക് മേഖലയിലെ അവരുടെ സഖ്യകക്ഷികളും നിഷ്പക്ഷ വിശകലനത്തിന്റെ മറവില്‍ സെലക്ടീവ് അവിശ്വാസ സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം എന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാല്‍വിയ എക്‌സില്‍ പ്രതികരിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
August 19, 2025 6:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കോൺഗ്രസിന് തിരിച്ചടി;മഹാരാഷ്ട്രാ വോട്ടർ പട്ടിക സംബന്ധിച്ച് താൻ പുറത്തു വിട്ട തെറ്റായ വിവരങ്ങൾക്ക് ക്ഷമാപണവുമായി വിദഗ്ധൻ