നടൻ രജനികാന്തിനെതിരെ വിമർശനവുമായി നടിയും ആന്ധ്രാപ്രദേശിലെ ടൂറിസം വകുപ്പ് മന്ത്രിയുമായ റോജ രംഗത്ത്. മുൻ മുഖ്യമന്ത്രിചന്ദ്രബാബു നായിഡുവിനെ അനുകൂലിച്ച് സംസാരിച്ചതിനാണ് റോജ, രജനികാന്തിനെ വിമർശിച്ചത്. തെന്നിന്ത്യയിൽ ഇതിഹാസ സിനിമാതാരം എൻടിആറിന്‍റെ ജന്മശതാബ്ദി ആഘോഷങ്ങളിൽ രജനികാന്തും ചന്ദ്രബാബു നായിഡുവും പങ്കെടുത്തിരുന്നു.
ഈ ചടങ്ങിൽവെച്ച് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെ അഭിനന്ദിച്ച രജനീകാന്ത്, അദ്ദേഹം ദീർഘവീക്ഷണമുള്ള രാഷ്ട്രീയ നേതാവാണെന്ന് പറഞ്ഞു. നായിഡുവിന്റെ കാഴ്ചപ്പാട് മൂലമാണ് ഹൈദരാബാദ് ഹൈടെക് നഗരമായി ഉയർന്നതെന്നും രജനികാന്ത് കൂട്ടിച്ചേർത്തു. ഹൈദരാബാദിനെ ന്യൂയോർക്ക് സിറ്റിയുമായും രജനീകാന്ത് താരതമ്യം ചെയ്തു.
ഇതോടെയാണ് ചന്ദ്രബാബു നായിഡുവിനെ അഭിനന്ദിച്ച രജനീകാന്തിനെതിരെ ടൂറിസം മന്ത്രി ആർ കെ റോജ രംഗത്തെത്തിയത്. ബപട്‌ല ജില്ലയിൽ മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴായിരുന്നു റോജ, രജനികാന്തിനെതിരെ രംഗത്തെത്തിയത്. ശതാബ്ദി ആഘോഷത്തിൽ രജനികാന്തിന്റെ പ്രസംഗം ചിരിപ്പിക്കുന്നതാണെന്ന് റോജ പറഞ്ഞു. നായിഡുവിന്റെ ഭരണം 2003-ൽ അവസാനിച്ചെന്നും അവർ പറഞ്ഞു. 20 വർഷം ആന്ധ്രാപ്രദേശ് ഭരിക്കാൻ കഴിയാത്ത ഒരാൾക്ക് എങ്ങനെ അതിന്റെ വികസനത്തിനുള്ള ക്രെഡിറ്റ് ലഭിക്കുമെന്നും റോജ ചോദിച്ചു.
എൻടിആർ നായിഡുവിന് സ്വർഗത്തിൽ നിന്ന് അനുഗ്രഹം ചൊരിയുകയാണെന്ന രജനീകാന്തിന്റെ പരാമർശത്തെയും റോജ വിമർശിച്ചു. ടി.ഡി.പി അധ്യക്ഷൻ എൻ.ടി.ആറിനെ പിന്നിൽനിന്ന് കുത്തിയ കാര്യം എല്ലാവർക്കും അറിയാമെന്നും മന്ത്രി പറയുന്നു. “അങ്ങനെയുള്ള എൻടിആർ സ്വർഗത്തിൽനിന്ന് നായിഡുവിനെ എങ്ങനെ അനുഗ്രഹിക്കും?” റോജ ചോദിച്ചു. തന്റെ മരുമകൻ കള്ളനാണെന്നും ആരും വിശ്വസിക്കരുതെന്നും എൻടിആർ അവസാനമായി പറഞ്ഞ ഒരു പ്രസ്താവനയും റോജ പരാമർശിച്ചു. ഈ പ്രസ്താവന രജനികാന്തിന് അറിയില്ലെങ്കിൽ അതിന്റെ സിഡി അദ്ദേഹത്തിന് അയച്ചുകൊടുക്കുമെന്നും റോജ കൂട്ടിച്ചേർത്തു.
ആർകെ റോജ മാത്രമല്ല, വൈഎസ്ആർസിപിയിലെ മറ്റ് നേതാക്കളും നായിഡുവിനെതിരെ രംഗത്തെത്തി. രജനികാന്ത് ടിഡിപി അധ്യക്ഷനെ പിന്തുണച്ചത് ലജ്ജാകരമാണെന്ന് വൈഎസ്ആർസിപി എംഎൽഎ കോടാലി നാനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തമിഴ്‌നാട്ടിൽ രജനികാന്തിന് നായകനായിരിക്കാം, എന്നാൽ ആന്ധ്രാപ്രദേശിൽ അദ്ദേഹം പൂജ്യമാണെന്നും നാനി അഭിപ്രായപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.