രണ്ട് കുട്ടികളില്‍ കൂടുതലുള്ളവർ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കുന്ന നിയമം ആന്ധ്ര റദ്ദാക്കി; ഏതൊക്കെ സംസ്ഥാനങ്ങളിലുണ്ട് ഈ നിയമം ?
Last Updated:
സംസ്ഥാനത്തെ ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തിയതോടെയാണ് ഈ നയത്തില്‍ മാറ്റം വരുത്താന്‍ തെലുഗു ദേശം പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചത്.
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്ന നിയമം റദ്ദാക്കി ആന്ധ്രാപ്രദേശ് സർക്കാർ. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തദ്ദേശ, മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്ന എപി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയമവും പഞ്ചായത്ത് രാജ് നിയമവും ഭേദഗതി ചെയ്യാനുള്ള പ്രമേയത്തിന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബുധനാഴ്ച അംഗീകാരം നല്‍കി. 1994ലാണ് ഈ രണ്ട് കുട്ടി നയം ആന്ധ്രാപ്രദേശില്‍ നിലവില്‍ വന്നത്.
നയം ആന്ധ്രാ സര്‍ക്കാര്‍ റദ്ദാക്കിയത് എന്തുകൊണ്ട്?
മണ്ഡലപുനഃനിര്‍ണയം മരവിപ്പിച്ച നടപടി 2026ല്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുമ്പോഴാണ് ആന്ധ്രാപ്രദേശിന്റെ പുതിയ തീരുമാനം. സംസ്ഥാനത്തെ ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തിയതോടെയാണ് ഈ നയത്തില്‍ മാറ്റം വരുത്താന്‍ തെലുഗു ദേശം പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തങ്ങളുടെ ഫലപ്രദമായ ജനസംഖ്യാ നിയന്ത്രണ നടപടികള്‍ ലോക്‌സഭാ സീറ്റുകളില്‍ കുറവുണ്ടാക്കുമോയെന്ന ആശങ്കയിലാണ് ഉള്ളത്.
ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് തങ്ങളുടെ വിജയകരമായ ജനസംഖ്യാനിയന്ത്രണ നടപടികള്‍ മണ്ഡല പുനഃനിര്‍ണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് അവര്‍ കരുതുന്നു. കൂടാതെ, കര്‍ശനമായ രണ്ടു കുട്ടി നയം നടപ്പിലാക്കിയ സംസ്ഥാനങ്ങളും കേന്ദ്ര വിഹിതം കുറയുന്നതില്‍ അസംതൃപ്തിയിലാണ്. എപ്പോഴും ജനസംഖ്യാ കണക്കുകളെ അടിസ്ഥാനമാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക വിഹിതം നല്‍കുന്നത്.
advertisement
രണ്ട് കുട്ടി നയമുള്ള മറ്റ് സംസ്ഥാനങ്ങള്‍
മഹാരാഷ്ട്ര
രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ സംസ്ഥാനത്തെ പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്ന മഹാരാഷ്ട്രയിലെ നിയമമാണ് സില പരിഷത്‌സ് ആന്‍ഡ് പഞ്ചായത്ത് സമിതീസ് ആക്ട്. ഇത് കൂടാതെ 2005ലെ മഹാരാഷ്ട്ര സിവില്‍ സര്‍വീസസ് (ചെറുകുടുംബ പ്രഖ്യാപനം) റൂള്‍സ് പ്രകാരം രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ ജോലി ലഭിക്കുന്നതിനും വിലക്കുന്നു.
ഒഡീഷ
ഒഡീഷ സില പരിഷത് നിയമപ്രകാരം രണ്ടില്‍ കൂടുതല്‍ മക്കള്‍ ഉള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല
advertisement
കര്‍ണാടക
കര്‍ണാടകയിലെ 1993ലെ ഗ്രാമ സ്വരാജ്, പഞ്ചായത്ത് രാജ് പ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കുന്നുണ്ടെങ്കിലും കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഉപയോഗിക്കുന്നതിന് ടോയ്‌ലറ്റ് സംവിധാനം ഇല്ലെങ്കില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യത കല്‍പ്പിക്കുന്നു.
ഗുജറാത്ത്
2005ലെ ഗുജറാത്ത് ലോക്കല്‍ അതോറിറ്റീസ് ഭേദഗതി നിയമ പ്രകാരം രണ്ടു കുട്ടികളില്‍ കൂടുതല്‍ ഉള്ളവരെ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവടങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Andhra Pradesh
First Published :
August 09, 2024 10:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
രണ്ട് കുട്ടികളില്‍ കൂടുതലുള്ളവർ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കുന്ന നിയമം ആന്ധ്ര റദ്ദാക്കി; ഏതൊക്കെ സംസ്ഥാനങ്ങളിലുണ്ട് ഈ നിയമം ?