പാക് ചാരന്മാരുടെ ഫോണ്‍ നമ്പറുകള്‍ മറ്റ് പേരുകളിൽ; എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകള്‍: അറസ്റ്റിലായ യൂട്യൂബര്‍ക്കെതിരേ പുതിയ തെളിവുകള്‍
- Published by:meera_57
- news18-malayalam
Last Updated:
കേസ് എൻഐഎയ്ക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. യൂട്യൂബര്‍ക്കെതിരേ പുതിയ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍
ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്‌ക്കെതിരേ (YouTuber Jyoti Malhotra) പുതിയ തെളിവുകള്‍ പുറത്ത്. ജ്യോതി നിരവധി പാക് ഏജന്റുമാരുമായും ബന്ധപ്പെട്ടിരുന്നുവെന്നും അവരുമായുള്ള ബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ വ്യത്യസ്തമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നും വിവിധ അന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കേസ് എൻഐഎയ്ക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. യൂട്യൂബര്‍ക്കെതിരേ പുതിയ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സിഎന്‍എന്‍-ന്യൂസ് 18നോട് പറഞ്ഞു.
"യൂട്യൂബറുടെ സോഷ്യല്‍ മീഡിയ വീഡിയോകള്‍ ഒരു മറ മാത്രമായിരുന്നു. പാക് ചാരന്മാരുമായി സ്ഥിരമായി ബന്ധം നിലനിര്‍ത്തുന്നതിന് അവര്‍ ഒന്നിലധികം ഡിജിറ്റല്‍ ഉപകരണങ്ങള്‍ കൈയ്യിൽ സൂക്ഷിച്ചിരുന്നു. കൂടാതെ, എന്‍ക്രിപ്റ്റ് ചെയ്ത പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ചു. ഇതിനുള്ള ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്," അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സാധാരണ ഉപയോഗിക്കുന്ന എന്‍ക്രിപ്റ്റ് ചെയ്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ സ്‌നാപ്ചാറ്റ്, ടെലിഗ്രാം, വാട്ട്സാപ്പ് എന്നിവ ചാരവൃത്തിക്കായി ഉപയോഗിച്ചതായി ഹരിയാന പോലീസ് പറഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണത്തിന് സഹായിക്കുന്നുണ്ടെന്ന് ഹിസാര്‍ പോലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
advertisement
ജ്യോതി മല്‍ഹോത്രയെ എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്. മറ്റ് ഏജന്‍സികളും അവരെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
ഹരിയാന എസ്ജിഎംസി സ്റ്റാഫ് അംഗവും പോലീസ് നിരീക്ഷണത്തിലുണ്ട്. ജ്യോതി മല്‍ഹോത്രയെ പാകിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥനായ ഡാനിഷിന് പരിചയപ്പെടുത്തിയത് ഹരിയാന സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി ജീവനക്കാരനായ ഹര്‍കിരാത് സിംഗ് ആണെന്ന് അദ്ദേഹം പറഞ്ഞു.
ഹര്‍കിരാത് സിംഗ് വിസ ലഭിക്കാന്‍ രണ്ടുതവണ ജ്യോതിയെ സഹായിച്ചതായും പാകിസ്ഥാനിലേക്കുള്ള ഒരു സിഖ് ജാഥയില്‍ പങ്കെടുക്കാൻ ജ്യോതിയെ അയച്ചതായും ആരോപണമുണ്ട്. തീര്‍ത്ഥാടന ആവശ്യങ്ങള്‍ക്കായി നങ്കന സാഹിബ് പോലെയുള്ള ഗുരുദ്വാരകളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള സിഖുകാര്‍ പതിവായി യാത്ര ചെയ്യാറുണ്ട്. ഹര്‍കിരാത് സിംഗിന്റെ മൊബൈല്‍ പോലെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്ത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
advertisement
2023ലാണ് ജ്യോതി ആദ്യമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്. അപ്പോള്‍ മുതല്‍ അവര്‍ നിരവധി പാക് പൗരന്മാരുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഡാനിഷ് എന്ന എക്‌സാന്‍-ഉര്‍-റഹീമിനെയാണ് ഇവര്‍ പ്രധാനമായും ബന്ധപ്പെട്ടിരുന്നത്.
ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ജീവനക്കാരനായ ഡാനിഷിനെ മേയ് 13ന് ഇന്ത്യ പുറത്താക്കിയിരുന്നു. പിടിക്കപ്പെടുന്നത് ഒഴിവാക്കാന്‍ പാക് ചാരനായ ഷാക്കിറിന്റെ ഫോണ്‍ നമ്പര്‍ ജാട്ട് രണ്‍ധാവ എന്ന പേരില്‍ സേവ് ചെയ്തിരുന്നതായി ജ്യോതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ചില പാക് ചാരന്മാരുടെ പേരുകള്‍ അലി അഹ് വാന്‍, റാണ ഷഹബാസ് എന്നിങ്ങനെയാണ് സേവ് ചെയ്തിരുന്നത്. പാകിസ്ഥാന്‍ സന്ദര്‍ശനവേളയില്‍ അഹ്‌വാൻ ജ്യോതിക്ക് സുരക്ഷാ പരിരക്ഷ നല്‍കാന്‍ സഹായിച്ചതായും ആരോപണമുണ്ട്. പാക് സന്ദര്‍ശന വേളയില്‍ നിരവധി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ജ്യോതിക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
advertisement
ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ സൈനിക, വ്യോമനീക്കങ്ങളെക്കുറിച്ചും സൈനിക വിന്യാസത്തെക്കുറിച്ചും വിശദാംശങ്ങള്‍ ലഭിക്കുന്നതിനായി പാകിസ്ഥാന്‍ നിരവധി ഇന്ത്യക്കാരെ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്.
പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നിവടങ്ങളില്‍ നിന്ന് സമാനമായ വിവരങ്ങള്‍ കൈമാറിയതിന് പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്ന് രണ്ടുപേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജ്യോതിക്ക് യാതൊരുവിധത്തിലുമുള്ള പശ്ചാത്താപവുമില്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടെ പാകിസ്ഥാന് അനുകൂലമായി പുറത്തിറക്കിയ വീഡിയോയെ അവര്‍ ന്യായീകരിച്ചുവെന്നും പോലീസ് പറഞ്ഞു.
അറസ്റ്റിനെക്കുറിച്ച് ജ്യോതി മല്‍ഹോത്രയുടെ പിതാവ്
പാകിസ്ഥാനിലേക്കുള്ള ജ്യോതിയുടെ യാത്രകളെ അവരുടെ പിതാവ് ഹരീഷ് മല്‍ഹോത്ര കഴിഞ്ഞദിവസം ന്യായീകരിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ മകളുടെ പാക് യാത്രകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ഇയാള്‍ തിങ്കളാഴ്ച അറിയിച്ചത്.
advertisement
"ജ്യോതി ഡല്‍ഹിയിലേക്ക് പോകുന്നുവെന്ന് എന്നോട് പറയാറുണ്ടായിരുന്നു. മറ്റ് കാര്യങ്ങളൊന്നും എന്നോട് പറഞ്ഞിട്ടില്ല," ജ്യോതി പാകിസ്ഥാന്‍ സന്ദര്‍ശിച്ചത് വീഡിയോകള്‍ ചിത്രീകരിക്കാനാണെന്ന തന്റെ മുന്‍നിലപാട് മാറ്റി ഹരീഷ് മല്‍ഹോത്ര പറഞ്ഞു.
"ജ്യോതിയുടെ സുഹൃത്തുക്കളാരും ഞങ്ങളുടെ വീട് സന്ദര്‍ശിച്ചിട്ടില്ല. ഇന്നലെ പോലീസ് അവളെ ഇവിടെ കൊണ്ടുവന്നിരുന്നു. അവര്‍ വസ്ത്രങ്ങള്‍ എടുത്തുകൊണ്ടുപോയി. ജ്യോതി എന്നോട് ഒന്നും സംസാരിച്ചില്ല. എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല. അവള്‍ വീട്ടിലിരുന്ന് വീഡിയോകള്‍ നിര്‍മിക്കാറുണ്ടായിരുന്നു. അവള്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചുവെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഡല്‍ഹിയിലേക്ക് പോകുകയാണെന്ന് അവള്‍ എന്നോട് പറയാറുണ്ടായിരുന്നു", ഹരീഷ് പറഞ്ഞു.
advertisement
ജ്യോതിയെ ന്യായീകരിച്ച് ഹരീഷ് ശനിയാഴ്ച രംഗത്തെത്തിയിരുന്നു. ജ്യോതിയെ അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പാകിസ്ഥാനില്‍ താമസിക്കുന്ന ജ്യോതിയുടെ സുഹൃത്തുക്കളുമായി ബന്ധപ്പെടാന്‍ അവളെ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്നും ഹരീഷ് ചോദിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 20, 2025 12:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പാക് ചാരന്മാരുടെ ഫോണ്‍ നമ്പറുകള്‍ മറ്റ് പേരുകളിൽ; എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകള്‍: അറസ്റ്റിലായ യൂട്യൂബര്‍ക്കെതിരേ പുതിയ തെളിവുകള്‍