കോർഡേലിയ ക്രൂയിസ് മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനെ വെറുതെ വിടാൻ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനിൽനിന്ന് 25 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരെ സ്പെഷ്യൽ എൻക്വയറി ടീമിന്റെ (സെറ്റ്) റിപ്പോർട്ട്. ഞെട്ടിക്കുന്ന വിവരങ്ങളടങ്ങുന്നതാണ് റിപ്പോർട്ടെന്ന് സൂചന. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) വാങ്കഡെയ്ക്കും എൻസിബി മുംബൈ സോണലിൽ അദ്ദേഹത്തിന്റെ ജൂനിയർമാരായി ജോലി ചെയ്തിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ ഫയൽ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് SET റിപ്പോർട്ട് തയ്യാറാക്കിയത്.
മയക്കുമരുന്ന് കേസ് കൈകാര്യം ചെയ്യുമ്പോൾ വാങ്കഡെയും അദ്ദേഹത്തിന്റെ ജൂനിയർമാരും നിയമങ്ങൾ പാലിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസ് ഡയറിയിൽ നിന്ന് സംശയാസ്പദമായ രീതിയിൽ ചിലരുടെ പേരുകൾ ഒഴിവാക്കിയപ്പോൾ അവസാനനിമിഷമാണ് ആര്യൻ ഖാന്റെയും സുഹൃത്ത് അർബാസ് മെർച്ചന്റിന്റെയും പേരുകൾ കൂട്ടിച്ചേർത്തതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ‘പഞ്ചനാമ’ യും മറ്റ് രേഖകളും പരിശോധിച്ചതിൽ നിന്ന് ‘പഞ്ചനാമ’യിൽ പിടികൂടിയ പ്രതികളുടെ ഫോണുകളെ സംബന്ധിച്ചോ ഫോണുകൾ പിടിച്ചെടുക്കാനുള്ള പ്രത്യേക പിടിച്ചെടുക്കൽ മെമ്മോയോ ഇല്ലെന്ന് SET കണ്ടെത്തി. പിടിച്ചെടുക്കൽ മെമ്മോ ഇല്ലാത്തതിനാൽ തന്നെ അത് പിടിച്ചെടുത്ത ഫോണിന്റെ പരിശോധനകളെ തടസ്സപ്പെടുത്തി. ആ പരിശോധന കേസിൽ സുപ്രധാന തെളിവായി മാറുമായിരുന്നു എന്നും റിപ്പോർട്ടിൽ SET നിരീക്ഷിക്കുന്നു. SET വിസ്തരിച്ച നിരവധി സാക്ഷികളുടെ മൊഴികൾ പ്രകാരം തങ്ങളുടെ വിലപിടിപ്പുള്ള പല വസ്‌തുക്കളും രേഖകളില്ലാതെ എൻസിബി മുംബൈ ഉദ്യോഗസ്ഥർ കൊണ്ടുപോയി എന്നും വ്യക്തമാണ്.
Also read-Aryan Khan| വെബ് സീരീസുമായി ആര്യൻ ഖാൻ; സംവിധായകനായി അരങ്ങേറ്റത്തിനൊരുങ്ങി ഷാരൂഖിന്റെ മകൻ
ആരോപണവിധേയനായ അർബാസ് മർച്ചന്റ് തനിക്ക് ‘ചരസ്’ വിതരണം ചെയ്യുന്ന ഒരു സിദ്ധാർത്ഥ് ഷായെ കുറിച്ച് വെളിപ്പെടുത്തിയെങ്കിലും NCB അദ്ദേഹത്തെ വെറുതെ വിട്ടു. എന്നാൽ SET ഷായെകുറിച്ച് അന്വേഷിക്കുകയൂം അയാളുടെ വാട്ട്‌സ്ആപ്പിലെയും ടെലിഗ്രാമിലെയും ചാറ്റുകളിൽ നിന്ന് അയാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാവുകയും ചെയ്തു. ഇതും വാങ്കഡെയെ കുരുക്കുന്ന ഒരു പ്രശ്‌നമായി റിപ്പോർട്ടിൽ ഉണ്ട്.
എൻസിബിയുടെ കേസ് ഡയറിയിൽ പേരുള്ള മറ്റൊരു പ്രതി സൗമ്യ സിംഗിനും NCB ക്ലീൻ ചിറ്റ് നൽകിയിരുന്നു. അവരുടെ ബാഗിൽ നിന്ന് ഉദ്യോഗസ്ഥർ റോളിംഗ് പേപ്പറുകൾ കണ്ടെടുത്തിരുന്നു. പിന്നീട് SET അവരെ ബന്ധപ്പെടുകയും അന്വേഷണത്തിൽ സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും അവർ തയ്യാറായില്ല.
അന്വേഷണത്തിനിടെ വസ്തുതകൾ പരിശോധിക്കുന്നതിനായി SET സംഘം എൻസിബി ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചപ്പോൾ അതിലും വലിയ വീഴ്ചകൾ കണ്ടെത്തി. എൻസിബി മുംബൈ ഓഫീസ് നൽകിയ ഡിവിആറും ഹാർഡ് ഡിസ്‌ക്കും വ്യത്യസ്തങ്ങൾ ആയിരുന്നു. ഇത് നിർണായകമായ ദൃശ്യങ്ങളാണെന്ന് കരുതുന്നു. എന്നാൽ ആ ദൃശ്യങ്ങൾത് മനഃപൂർവം SET ന് നൽകിയിട്ടില്ല.
വാങ്കഡെയുടെ വിദേശ യാത്രകളെക്കുറിച്ചും ആഡംബര വാച്ചുകളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. 2017 മുതൽ 2021 വരെയുള്ള അഞ്ച് വർഷത്തിനിടെ യുകെ, അയർലൻഡ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടുംബത്തോടൊപ്പം ആറ് സ്വകാര്യ വിദേശ യാത്രകൾ വാങ്കഡെ നടത്തിയിട്ടുണ്ട്. കൂടാതെ വാങ്കഡെയും സുഹൃത്ത് വിറാൽ ജമാലുദ്ദീനും 2021 ജൂലൈയിൽ അവരുടെ കുടുംബങ്ങൾക്കും വീട്ടുജോലിക്കാർക്കും ഒപ്പം താജ് എക്സോട്ടിക്ക മാലിദ്വീപ് ബീച്ച് സ്യൂട്ടുകളിൽ ക്രെഡിറ്റ് അടിസ്ഥാനത്തിൽ പണം നൽകാതെ താമസിച്ചു. SET അന്വേഷണം ആരംഭിച്ചപ്പോൾ അവർ ജമാലുദ്ദീന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 18.12.2021 ന് ഹോട്ടലിന് ആ തുക നൽകി.
ജമാലുദ്ദീനിൽ നിന്ന് 22,05,000 രൂപ വിലയുള്ള ആഡംബര റോളക്സ് ഗോൾഡ് വാച്ച് 17,40,000 രൂപയ്ക്ക് വാങ്കഡെ വാങ്ങിയതിനെയും SET ചോദ്യം ചെയ്തിട്ടുണ്ട്. തന്റെ വിദേശ പര്യടനങ്ങളുടെയും വിലകൂടിയ വാച്ചുകളുടെയും ചെലവുകൾ വിശദീകരിക്കാൻ വാങ്കഡെയ്ക്ക് കഴിഞ്ഞില്ലെന്നും അന്വേഷണ സംഘം കൂട്ടിച്ചേർത്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വാങ്കഡെയ്‌ക്കെതിരെ സിബിഐ എഫ്‌ഐആർ ഫയൽ ചെയ്യുകയും അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും ഏജൻസിയുടെ നിർബന്ധിത നടപടികളിൽ നിന്ന് ഒഴിവാക്കി കൊണ്ടുള്ള ഇടക്കാല ഉത്തരവ് നേടുകയും ചെയ്തിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aryan khan, CBI Case, Shahrukh khan