BHARATPOL രാജ്യാന്തര കുറ്റവാളികൾക്ക് പിടി വീഴും: ഭാരത്‌പോള്‍ പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഭാരത്‌പോള്‍ പോര്‍ട്ടലിലൂടെ സംസ്ഥാന പൊലീസ് സേനയുള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും അന്താരാഷ്ട്ര ഏജന്‍സികളുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കാം
അന്താരാഷ്ട്ര കുറ്റകൃത്യങ്ങളിലെ അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ രാജ്യത്തെ അന്വേഷണ ഏജന്‍സികളെ സഹായിക്കുന്ന 'ഭാരത്‌പോള്‍' പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. പുതിയ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ക്ക് ഇന്റര്‍പോളിന്റെ സഹായവും ലഭിക്കും.
'' ഭാരത്‌പോള്‍ ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. ഇതോടെ രാജ്യത്തെ അന്താരാഷ്ട്ര അന്വേഷണങ്ങള്‍ക്ക് പുത്തന്‍ ഊര്‍ജം ലഭിക്കും. നേരത്തെ ഇന്റര്‍പോളുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നത് സിബിഐ മാത്രമായിരുന്നു. എന്നാല്‍ ഭാരത്‌പോള്‍ പോര്‍ട്ടലിലൂടെ ഈ സേവനം സംസ്ഥാന പോലീസ് സേനയുള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും ലഭ്യമാകും,'' അമിത് ഷാ പറഞ്ഞു.
കേന്ദ്ര ഏജന്‍സികളും സംസ്ഥാന പോലീസ് സേനകളും തമ്മിലുള്ള ഏകോപനം ശക്തമാക്കും. തത്സമയം വിവരങ്ങള്‍ പങ്കുവെയ്ക്കാനും അതിലൂടെ അന്താരാഷ്ട്ര അന്വേഷണ ഏജന്‍സിയുടെ സഹായം ഉറപ്പാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
എല്ലാവര്‍ക്കും സുരക്ഷിതമായ ഭാരതം എന്ന കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം നിറവേറ്റിക്കൊണ്ട് രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ക്ക് ആഗോളതലത്തില്‍ അംഗീകാരം ലഭിക്കാന്‍ ഭാരത്‌പോള്‍ വഴിയൊരുക്കുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. സിബിഐ ആണ് ഭാരത്‌പോള്‍ പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തത്.
'' സൈബര്‍ കുറ്റകൃത്യങ്ങള്‍ സാമ്പത്തിക തട്ടിപ്പ്, മയക്കുമരുന്ന് മാഫിയ, മനുഷ്യക്കടത്ത് തുടങ്ങിയ രാജ്യാന്തര കുറ്റകൃത്യങ്ങള്‍ പെരുകിവരുന്ന ഇക്കാലത്ത് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം അത്യാവശ്യമാണ്,'' കേന്ദ്രആഭ്യന്തര മന്ത്രാലയത്തിലെ വക്താവ് അറിയിച്ചു. സിബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഭാരത്‌പോള്‍ പോര്‍ട്ടല്‍ ആക്‌സസ് ചെയ്യാവുന്നതാണ്. അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം ഉറപ്പാക്കുന്നതിലൂടെ രാജ്യാന്തരകുറ്റകൃത്യങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കാനും ഇന്ത്യയ്ക്ക് സാധിക്കും.
advertisement
ഭാരത്‌പോളിന്റെ സവിശേഷതകള്‍
തത്സമയ വിവരകൈമാറ്റം: അന്താരാഷ്ട്ര ഏജന്‍സികളും ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളും തമ്മില്‍ തത്സമയ വിവരകൈമാറ്റം സാധ്യമാക്കാന്‍ ഭാരത്‌പോള്‍ സഹായിക്കുന്നു.
അന്താരാഷ്ട്ര സഹായത്തിനായുള്ള കേന്ദ്രീകൃത സംവിധാനം: റെഡ് കോര്‍ണര്‍ നോട്ടീസ്, ഇന്റര്‍പോള്‍ നോട്ടീസ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര അഭ്യര്‍ത്ഥനകള്‍ പരിശോധിക്കുന്നതിനായുള്ള ഏകീകൃത സംവിധാനമായി ഭാരത്‌പോള്‍ പ്രവര്‍ത്തിക്കുന്നു.
മെച്ചപ്പെട്ട ഏകോപനം: ഭാരത്‌പോള്‍ പോര്‍ട്ടല്‍ കേന്ദ്ര-സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നു. വിവിധ പ്രദേശങ്ങളിലെ പോലീസ് സേനയ്ക്കിടയില്‍ തടസമില്ലാത്ത രീതിയില്‍ ആശയവിനിമയം സാധ്യമാകുന്നു.
advertisement
പുത്തന്‍ ആശയവിനിമയരീതികള്‍: കത്തുകള്‍, ഇമെയില്‍, ഫാക്‌സ് എന്നിങ്ങനെയുള്ള പഴയ ആശയവിനിമയ രീതികള്‍ക്ക് പകരം ഭാരത്‌പോള്‍ പോര്‍ട്ടല്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ വിവരങ്ങള്‍ കൈമാറ്റം ചെയ്യാന്‍ സഹായിക്കുന്നു.
അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു; അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെ സൈബര്‍കുറ്റകൃത്യങ്ങള്‍, ലഹരിക്കടത്ത്, സാമ്പത്തിക തട്ടിപ്പ്, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഭാരത്‌പോള്‍ പോര്‍ട്ടല്‍ സഹായിക്കുന്നു. കൂടാതെ അന്താരാഷ്ട്ര സഹായത്തോടെ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനും സുരക്ഷയുറപ്പാക്കാനും ഉദ്യോഗസ്ഥരെ സഹായിക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ ക്രമസമാധാനം ഉറപ്പാക്കുന്നു; ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളെ ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ തടയാന്‍ അന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും ഭാരത്‌പോള്‍ പോര്‍ട്ടല്‍ സഹായിക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 08, 2025 4:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
BHARATPOL രാജ്യാന്തര കുറ്റവാളികൾക്ക് പിടി വീഴും: ഭാരത്‌പോള്‍ പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചു