'ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് ബലാത്സംഗം നടന്നുവെന്ന് വിശ്വസിക്കാന്‍ പ്രയാസം'; ബോംബെ ഹൈക്കോടതി പരാതി തള്ളി
- Published by:Sarika KP
- news18-malayalam
Last Updated:
മക്കളുമൊത്ത് വീട്ടിലിരിക്കവെ വെള്ളം ആവശ്യപ്പെട്ട് എത്തിയ പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
ജനങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശത്ത് താമസിക്കുന്ന യുവതിയെ പലതവണ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് ബോംബെ ഹൈക്കോടതി. കോടതിയുടെ ഔറംഗബാദ് ഡിവിഷന്‍ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആറും കുറ്റപത്രവും റദ്ദാക്കിയ കോടതി പ്രതിയെ കുറ്റവിമുക്തനാക്കി.
രണ്ട് കുട്ടികളുടെ അമ്മയും വിധവയുമായ താന്‍ പലതവണ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ആരോപിച്ചാണ് യുവതി പരാതി നല്‍കിയത്. എന്നാല്‍ തനിക്കെതിരെയുള്ള എഫ്ഐആറും കുറ്റപത്രവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2017 ജൂലൈ 13 നാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു. ഈ ദിവസം മക്കളുമൊത്ത് വീട്ടിലിരിക്കവെ വെള്ളം ആവശ്യപ്പെട്ട് എത്തിയ പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പ്രതി തന്നോട് പണം ആവശ്യപ്പെട്ടതായും യുവതിപരാതിയില്‍ പറയുന്നു. എന്നാല്‍ പണം നല്‍കാന്‍ വിസമ്മതിച്ചതോടെ തന്റെ പക്കലുണ്ടായിരുന്ന ആഭരണങ്ങള്‍ പ്രതി തട്ടിയെടുക്കുകയും യുവതിയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തതായും മര്‍ദിച്ചതായും എഫ്ഐആറില്‍ പറയുന്നു. 2017 മാര്‍ച്ച് 18 നാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചത്.
advertisement
എന്നാൽ എഫ്ഐആറില്‍ പറയുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇവർ രണ്ട് കുട്ടികളുള്ള വിധവയാണെന്നും ആളുകള്‍ തിങ്ങിപാര്‍ക്കുന്നിടത്താണ് താമസിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. പരാതിക്കാരിയും പ്രതിയും നേരത്തെ അറിയുന്നവരായിരുന്നു. യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആഭരണങ്ങള്‍ പണയപ്പെടുത്തിയതെന്നാണ് ജ്വല്ലറി ഉടമ നല്‍കിയിരിക്കുന്ന മൊഴിയെന്നും അഭിഭാഷകൻ വാദിച്ചു.
കൂടാതെ, ഇത്തരമൊരു സംഭവം നടന്നിട്ടും അറിഞ്ഞില്ലെന്നാണ് യുവതിയുടെ മാതാപിതാക്കളുടെ മൊഴി.അതേസമയം, പരാതിക്കാരിയെ കത്തിമുനയില്‍ നിര്‍ത്തി ഒന്നിലധികം തവണ ബലാത്സംഗം ചെയ്തതായും ആഭരണങ്ങള്‍ ബലമായി തട്ടിയെടുത്തതായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. പ്രതിക്കെതിരെ നിരവധി തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
advertisement
എന്നാല്‍ സംഭവം നടന്ന് ആറ് മാസത്തിന് ശേഷമാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തതെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കൂടാതെ, യുവാവ് പതിവായി തന്റെ വീട് സന്ദര്‍ശിക്കാറുണ്ടെന്നും ചില സമയങ്ങളില്‍ വീട്ടിൽ ചിലസഹായങ്ങൾക്കായി എത്താറുണ്ടെന്നുംയുവതി മൊഴിയില്‍ പറഞ്ഞു. യുവതി തന്റെ എടിഎം കാര്‍ഡ് പോലും യുവാവിനെ ഏല്‍പ്പിച്ചിരുന്നതായും മൊഴിയില്‍ പറഞ്ഞിരുന്നു. അതിനാല്‍, ഭര്‍ത്താവ് ജീവിച്ചിരിക്കുന്ന സമയത്ത് പോലും ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് വേണം കരുതാനെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
advertisement
യുവാവിനെയും യുവതിയെയും തനിക്ക് അറിയാമെന്നും യുവതി തന്നെയാണ് സ്വര്‍ണ്ണം പണയം വെച്ചതെന്നും ജ്വല്ലറി ഉടമ മൊഴി നൽകിയതായും കോടതി നിരീക്ഷിച്ചു. ജനങ്ങള്‍ തിങ്ങി നിറഞ്ഞ പ്രദേശത്ത് വെച്ച് യുവതി ബലാത്സംഗം ചെയ്യപ്പെട്ടുവെന്നത് അംഗീകരിക്കാന്‍ പ്രയാസമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായെന്നും കൂടാതെ, പ്രതിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
advertisement
യുവാവും യുവതിയും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാകാം നടന്നതെന്നാണ്മനസിലാക്കാന്‍ സാധിക്കുന്നത്. അതിനാല്‍, ഇത്തരം ആരോപണങ്ങളുമായി യുവാവിനെ വിചാരണ ചെയ്യുന്നത് അദ്ദേഹത്തിന് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും അത് അനീതിയാണെന്നും എഫ്ഐആറും കുറ്റപത്രവും റദ്ദാക്കിക്കൊണ്ട് കോടതി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 03, 2023 1:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് ബലാത്സംഗം നടന്നുവെന്ന് വിശ്വസിക്കാന്‍ പ്രയാസം'; ബോംബെ ഹൈക്കോടതി പരാതി തള്ളി