വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങൾക്കുള്ള പദ്ധതികളിൽ വിവാഹിതരായ പെൺമക്കളെ ഒഴിവാക്കുന്നത് വിവേചനം: കർണാടക ഹൈക്കോടതി
- Published by:Vishnupriya S
- news18-malayalam
Last Updated:
നിലവിലുള്ള മാർഗനിർദ്ദേശത്തിലെ 'വിവാഹം വരെ' പോലുള്ള വാക്കുകൾ എടുത്തുകളയാൻ സമയമായെന്നും ഇത് ലിംഗ സമത്വത്തിന് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി
മുൻ സൈനികരുടെ കുടുംബാംഗങ്ങൾക്കുള്ള പദ്ധതികളിൽ നിന്നും വിവാഹിതരായ പെൺമക്കളെ ഒഴിവാക്കുന്നത് വിവേചനവും ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയുടെ ലംഘനവുമാണെന്ന് കർണാടക ഹൈക്കോടതി. പ്രിയങ്ക പാട്ടീൽ എന്ന യുവതി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
25 വയസ് വരെ ആൺമക്കൾക്കും ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ജോലി ചെയ്യാനാകാത്തവർക്കുമൊക്കെ മുൻ സൈനികരുടെ കുടുംബാംഗങ്ങൾക്കുള്ള ഐഡന്റിറ്റ് കാർഡ് ലഭിക്കുമ്പോൾ 25 വയസിനു മുൻപ് വിവാഹിതരാകുന്ന പെൺമക്കൾക്ക് ആ ആനുകൂല്യം ലഭിക്കുന്നില്ലെന്നും ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവിൽ പറഞ്ഞു.
”25 വയസിന് താഴെയുള്ള, അവിവാഹിതരായ പെൺകുട്ടികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഐഡി കാർഡ് ലഭിക്കണമെങ്കിൽ 25 വയസു വരെ ഇവർ അവിവാഹിതരായി തുടരണം. എന്നാൽ ആൺമക്കളുടെ കാര്യം അങ്ങനെയല്ല. അവർ വിവാഹം കഴിച്ചാലും കഴിച്ചില്ലെങ്കിലും ഈ ഐഡി കാർഡ് ലഭിക്കും, വിവാഹം കഴിക്കുന്നതോടെ പെൺകുട്ടികൾ പെട്ടെന്ന് ഇത്തരം ആനുകൂല്യങ്ങൾക്ക് അർഹരല്ലാതായിത്തീരുന്നു”, ജസ്റ്റിസ് നാഗപ്രസന്ന കൂട്ടിച്ചേർത്തു.
advertisement
Also read- ടിക്ക് ടോക്ക് നിരോധനം: ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്കയിലെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ
മുൻ സൈനികരുടെ കുടുംബാംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ മറ്റെല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെങ്കിൽ ഹർജിക്കാരിക്ക് ഐഡി കാർഡ് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവിലുള്ള മാർഗനിർദ്ദേശത്തിലെ ‘വിവാഹം വരെ’ പോലുള്ള വാക്കുകൾ എടുത്തുകയാൻ സമയം ആയെന്നും ഇത്തരം പരാമർശങ്ങൾ ലിംഗ സമത്വത്തിന് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സുബേദാർ രമേഷ് ഖണ്ഡപ്പ പാട്ടീൽ എന്ന മുൻ സൈനികന്റെ രണ്ടാമത്തെ മകളാണ് ഹർജിക്കാരി. 1979 ജൂൺ 25-ന് സൈന്യത്തിൽ ചേർന്ന സുബേദാർ രമേഷ് മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പിലെ അംഗമായിരുന്നു. 2001-ൽ ഹരജിക്കാരിക്ക് 10 വയസുള്ളപ്പോളാണ്, പഞ്ചാബിലെ ഗാസിവാലയിൽ നടന്ന ഓപ്പറേഷൻ പരാക്രമിനിടെ അദ്ദേഹം മരിച്ചത്.
advertisement
മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചാല്‍ വിവാഹിതരായ പെണ്‍മക്കള്‍ക്കും ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി മുൻപ് വിധിച്ചിരുന്നു. വിവാഹിതരായ ആണ്‍മക്കള്‍ക്ക് ഇന്‍ഷുറന്‍സ് തുകയ്ക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു. വിവാഹിതരായ ആണ്‍മക്കളെന്നോ പെണ്‍മക്കളെന്നോ ഉള്ള വേര്‍തിരിവ് കാണിക്കാന്‍ കോടതിക്കാവില്ല.
വിവാഹിതരായ പെണ്‍മക്കള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാനാവില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2012 ഏപ്രില്‍ 12ന് ഹുബ്ബള്ളിയിലെ യമനൂരിന് സമീപം അപകടത്തില്‍ മരിച്ച രേണുകയുടെ (57) വിവാഹിതരായ പെണ്‍മക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ ചോദ്യം ചെയ്ത് ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് എച്ച് പി സന്ദേശിന്റെ നിരീക്ഷണം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 03, 2023 1:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങൾക്കുള്ള പദ്ധതികളിൽ വിവാഹിതരായ പെൺമക്കളെ ഒഴിവാക്കുന്നത് വിവേചനം: കർണാടക ഹൈക്കോടതി