അവിനാശി അപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശികളായ മൂന്നു പേരുടെയും മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു. ചന്ദ്രനഗര്‍ സ്വദേശി റോസ് ലി ജോണിയുടെ മൃതദേഹം യാക്കര സെമിത്തേരിയില്‍ സംസ്‌കരിച്ചു.തിരുവേഗപുറം സ്വദേശി രാഗേഷിന്റെ മൃതദേഹം ഷൊര്‍ണൂര്‍ ശാന്തീ തീരത്ത് സംസ്‌ക്കരിച്ചു. പരിയാനം പറ്റ സ്വദേശി ശിവകുമാറിന്റെ മൃതദേഹം തിരുവില്വാമല ഐവര്‍മഠത്തിലും സംസ്‌ക്കരിച്ചു
മരിച്ച ഇടപ്പള്ളി പോണേക്കര സ്വദേശി ഐശ്വര്യയുടെ മൃതദേഹം സംസ്‌ക്കരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പൊതുദര്‍ശനത്തിനു ശേഷം ഇന്ന് രാവിലെ 11 ന് എളമക്കര പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എം എല്‍ എ, മേയര്‍ സൗമിനി ജെയിന്‍ തുടങ്ങി നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ബെംഗളൂരുവിലായിരുന്നു താമസം, ഇരുവരും ബെംഗളൂരുവില്‍ ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥരാണ്. ഔദ്യോഗിക ആവശ്യത്തിനായി കൊച്ചിയിലേക്ക് വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനായ വി.ആര്‍.ബൈജുവിന്റെ സംസ്‌കാരം പറവുര്‍ വെളിയനാട്ടെ വീട്ടുവളപ്പില്‍ നടത്തി. ബന്ധുക്കളും സഹപ്രവര്‍ത്തകരും നാട്ടുകാരുമടക്കം നൂറ് കണക്കിന് ആളുകള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. കിലോമീറ്റര്‍ നീളുന്ന ക്യൂവില്‍ നിന്നാണ് പലരും ബൈജുവിനെ ഒരു നോക്ക് കണ്ടത്. ഭാര്യ കവിതയുടെയും മകള്‍ ബബിതയുടെയും നിലവിളി കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി. എറണാകുളം ഡി.റ്റി.ഒ. താജുദ്ദീന്‍ കെ.എസ്.ആര്‍.സി.ക്കു വേണ്ടി പുഷ്പചക്രം അര്‍പ്പിച്ചു. അനൂപ് ജേക്കബ്ബ് എം.എല്‍.എയും അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു.