സല്‍മാന്‍ റുഷ്ദിയുടെ 'ദി സാത്താനിക് വേഴ്‌സസ്' ഇനി ഇന്ത്യയിലെത്തും; 36 വർഷത്തെ വിലക്ക് ഡല്‍ഹി ഹൈക്കോടതി നീക്കി
- Published by:Vishnupriya S
- news18-malayalam
Last Updated:
ലോകത്ത് ആദ്യമായി റുഷ്ദിയുടെ പുസ്തകത്തിന് വിലക്കേര്‍പ്പെടുത്തുന്ന രാജ്യം ഇന്ത്യയായിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങൾക്കു കാരണമാകുമെന്ന് ആരോപിച്ച് 1988ൽ രാജീവ് ഗാന്ധിയുടെ നേതൃത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ലോകമെമ്പാടും കോളിളക്കമുണ്ടാക്കിയ പ്രശസ്ത ഇന്തോ ഇംഗ്ലീഷ് എഴുത്തുകാരൻ സല്‍മാന്‍ റുഷ്ദിയുടെ വിവാദ നോവൽ 'ദി സാത്താനിക് വേഴ്‌സസ'സിന് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതി വിലക്ക് നീങ്ങി. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണിത്. 36 വര്‍ഷത്തിനിപ്പുറമാണ് വിലക്ക് നീങ്ങുന്നത്.
ഇന്ത്യന്‍ വംശജനായ സല്‍മാന്‍ റുഷ്ദിയുടെ നാലാമത്തെ പുസ്തകമായ സാത്താനിക് വേഴ്‌സസിന് ലോകത്ത് ആദ്യമായി വിലക്കേര്‍പ്പെടുത്തുന്ന രാജ്യം ഇന്ത്യയായിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങൾക്കു കാരണമാകുമെന്ന് ആരോപിച്ച് 1988ൽ രാജീവ് ഗാന്ധിയുടെ നേതൃത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. നോവല്‍ ഇറക്കുമതി ചെയ്യുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇതിനു തൊട്ടുപിന്നാലെ 1989 ഫെബ്രുവരി 14ന് റുഷ്ദിയെ വധിക്കാന്‍ ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനി ഉത്തരവും പുറപ്പെടുവിച്ചു. പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് പുസ്തകത്തിന്റെ പ്രസിദ്ധീകരണവും വില്‍പനയും ഇറാന്‍ ഭരണകൂടം വിലക്കിയിരുന്നു.
advertisement
1988ലെ സര്‍ക്കാര്‍ വിജ്ഞാപനപ്രകാരമാണ് പുസ്തകം ഇറക്കുമതി ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തില്‍ വന്നതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് കോടതിയെ അറിയിച്ചു. എന്നാൽ വിജ്ഞാപനം ഹാജരാക്കുന്നതിൽ സിബിഐസി പരാജയപ്പെടുകയും ‘അത് കണ്ടെത്താനായില്ല’ എന്ന് കോടതിയിൽ സമ്മതിക്കുകയും ചെയ്തതിനെ തുടർന്ന്, പുസ്തകം ഇറക്കുമതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിക്ക് ഡൽഹി ഹൈക്കോടതി അനുമതി നൽകി. ‘മേൽപറഞ്ഞ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, അത്തരമൊരു വിജ്ഞാപനം നിലവിലില്ലെന്ന് അനുമാനിക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല’ എന്ന് ജസ്റ്റിസുമാരായ ജസ്റ്റിസ് രേഖ പള്ളി ജസ്റ്റിസ് സൗരഭ് ബാനര്‍ജി എന്നിവരടങ്ങിയ വിധി പുറപ്പെടുവിച്ചത്. നവംബര്‍ അഞ്ചിനായിരുന്നു വിധി.
advertisement
നിരോധനം സംബന്ധിച്ച വിജ്ഞാപനം നിലവിലില്ലെന്ന് വിലയിരുത്തിയ കോടതി തങ്ങള്‍ക്ക് ബോധ്യപ്പെട്ട സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ വിലക്ക് നീക്കുന്നതായി അറിയിച്ചു. 1988ലാണ് ദി സാത്താനിക് വേഴ്‌സസ് പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ ഉള്ളടക്കത്തിലെ പരാമര്‍ശങ്ങള്‍ ഇസ്ലാംമതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ആഗോളതലത്തില്‍ വിവാദങ്ങളുയര്‍ന്നിരുന്നു. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം മുസ്ലീംങ്ങൾ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ദി സാത്താനിക് വേഴ്‌സസിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
2019ല്‍ സന്ദീപന്‍ ഖാന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്ത്യയിലെ നോവലിന്റെ വിലക്ക് ചോദ്യം ചെയ്തത്. വിലക്ക് കാരണം പുസ്തകം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാകുന്നില്ലെന്ന് ഇദ്ദേഹത്തിന്റെ ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ മറ്റ് അധികാര സ്ഥാപനങ്ങളില്‍ നിന്നോ വിലക്ക് സംബന്ധിച്ച വിവരങ്ങളോ വിജ്ഞാപനമോ ലഭ്യമല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നിലവിലെ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ദി സാത്താനിക് വേഴ്‌സസ് ഇന്ത്യയില്‍ ലഭ്യമാക്കാന്‍ കഴിയും.
advertisement
നോവലിനെ തുടർന്ന് ഇസ്ലാമിക രാജ്യങ്ങളിൽ അനഭിമതനായ റുഷ്ദി മതമൗലിക വാദികളുടെ ഭീഷണിയും നേരിട്ടു. റുഷ്ദിയുടെ തലയ്ക്ക് 2.8 മില്യണ്‍ ഡോളറായിരുന്നു വില കല്‍പിച്ച ഇറാന്‍ 1998ല്‍ ഫത്‌വ ഔദ്യോഗികമായി പിന്‍വലിച്ചു. 2022 ഓഗസ്റ്റ് 11 ന് ന്യൂയോര്‍ക്കിലെ പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ ഇരുപത്തിനാലുകാരന്റെ ആക്രമണത്തിൽ റുഷ്ദിക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. നിരവധി രാജ്യങ്ങളില്‍ ഇപ്പോഴും നോവലിന്മേലുള്ള വിലക്ക് നിലനിൽക്കുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 08, 2024 6:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
സല്‍മാന്‍ റുഷ്ദിയുടെ 'ദി സാത്താനിക് വേഴ്‌സസ്' ഇനി ഇന്ത്യയിലെത്തും; 36 വർഷത്തെ വിലക്ക് ഡല്‍ഹി ഹൈക്കോടതി നീക്കി