'മലയാളം മിണ്ടരുത്' നഴ്‌സുമാർക്ക് ഡൽഹി ആശുപത്രിയുടെ ഉത്തരവ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
രോഗികൾക്കും മറ്റ് സഹപ്രവര്‍ത്തകർക്കും ഭാഷ മനസിലാക്കാൻ സാധിക്കാത്തത് അസൗകര്യം സൃഷ്ടിക്കുന്നു എന്നാണ് മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ള പ്രസ്താവനയിൽ അധികൃതർ അറിയിച്ചിരിക്കുന്നത്.
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ഒരു സർക്കാര്‍ ആശുപത്രിയിൽ നഴ്സുമാർക്ക് മലയാളം സംസാരിക്കാൻ വിലക്ക്. ഡൽഹി ഗോവിന്ദ് ബല്ലഭ് പന്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാഡ്വേറ്റ് മെഡിക്കല്‍ എഡ്യുക്കേഷൻ ആൻഡ് റിസർച്ചില്‍ (GIPMER) ഇത്തരമൊരു വിലക്ക് ഏർപ്പെടുത്തി എന്ന വിവരം 'ദി ഹിന്ദു'വാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷിൽ സംസാരിച്ചില്ലെങ്കിൽ ഗുരുതര നടപടി നേരിടേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സ്ഥാപനത്തിൽ മലയാളം ഭാഷ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്. രോഗികൾക്കും മറ്റ് സഹപ്രവര്‍ത്തകർക്കും ഭാഷ മനസിലാക്കാൻ സാധിക്കാത്തത് അസൗകര്യം സൃഷ്ടിക്കുന്നു എന്നാണ് മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ള പ്രസ്താവനയിൽ അധികൃതർ അറിയിച്ചിരിക്കുന്നത്.
'GIPMER ജോലിസ്ഥലങ്ങളിൽ ആശയവിനിമയത്തിനായി മലയാള ഭാഷ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചു. രോഗികൾക്കും മറ്റ് സഹപ്രവർത്തകർക്കും ഈ ഭാഷ അറിയില്ല എന്നത് നിസ്സഹായ അവസ്ഥയും ഒപ്പം അസൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാൽ ആശയവിനിമയത്തിനായി ഹിന്ദിയും ഇംഗ്ലീഷും മാത്രം ഉപയോഗിക്കാൻ എല്ലാ നഴ്സിംഗ് ജീവനക്കാര്‍ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ ഗുരുതരമായ നടപടി സ്വീകരിക്കും'. എന്നാണ് പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.
advertisement
അധികൃതരുടെ പ്രസ്താവനയ്ക്ക് പിന്നാലെ GIPMER നു പുറമെ രാജ്യതലസ്ഥാനത്തെ മറ്റ് സര്‍ക്കാർ ആശുപത്രി നഴ്സുമാരും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 'GIPMERൽ 300-350 ഓളം മലയാളി നഴ്സിംഗ് സ്റ്റാഫുകളാണുള്ളത്. രോഗികളോട് ഇവർ ഹിന്ദിയിൽ മാത്രമാണ് സംസാരിക്കാറുള്ളത്. മലയാളത്തിൽ സംസാരിച്ചാല്‍ അവർക്കെന്തെങ്കിലും മനസിലാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഞങ്ങൾ പരസ്പരം പോലും മലയാളം പറയരുതെന്നാണ് ഇവർ ഇപ്പോൾ പറയുന്നത്. ഹോസ്പിറ്റൽ നഴ്സസ് യൂണിയനിലും ഈ വിഷയം പരാതിയായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്'. സ്ഥാപനത്തിലെ ജീവനക്കാരിയായ ഒരു നഴ്സ് പറയുന്നു.
advertisement
കേരളത്തില്‍ നിന്നുള്ള രോഗികളോട് മാത്രമെ അവരുടെ മാതൃഭാഷയായ മലയാളത്തില്‍ നഴ്സുമാർ സംസാരിക്കാറുള്ളു എന്നാണ് LNJP ഹോസ്പിറ്റല്‍ നഴ്സസ് യൂണിയൻ ജനറൽ സെക്രട്ടറി ജീമോൾ ഷാജി പറയുന്നത്. 'പഞ്ചാബികളോട് പരസ്പരം പഞ്ചാബി പറയരുതെന്ന് ഇവർ ആവശ്യപ്പെടുമോയെന്നും പ്രസ്താവനയെ എതിർത്ത് ഇവർ ചോദിക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 06, 2021 7:14 AM IST


