ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടന്ന എന്‍.ഡി.എയ്ക്ക് 336 സീറ്റ് പ്രവചിച്ച് News18-IPSOS എക്‌സിറ്റ് പോള്‍ അഭിപ്രായ സര്‍വെ ഫലം. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം മറികടക്കുന്ന ബി.ജെ.പി 276 സീറ്റ് നേടുമെന്നും സര്‍വെ പ്രവചിക്കുന്നു. അതേസമയം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ 82 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് 46 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വെ കണ്ടെത്തുന്നുണ്ട്.
ബി.ജെ.പി ഒഴികെയുള്ള എന്‍.ഡി.എയിലെ മറ്റു ഘടക കക്ഷികള്‍ 60 സീറ്റുകള്‍ നേടുമെന്നും സര്‍വെ പറയുന്നു. കോണ്‍ഗ്രസ് ഒഴികെയുള്ള യു.പി.എ കക്ഷികള്‍ 36 സീറ്റുകളും നേടും.
ആദ്യ ആറു ഘട്ടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ 25-33 സീറ്റുകള്‍ നേടുമ്പോള്‍ എസ്.പിയും ബി.എസ്.പിയും 5-8 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വെ ഫലത്തിലുണ്ട്.
ടി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബി.ജെ.ഡി എന്നീ കക്ഷികള്‍ 13 വരെ സീറ്റുകള്‍ നേടും. ഇടതു പാര്‍ട്ടികളും ടി.ഡി.പിയും 11-13 സീറ്റുകള്‍ നേടുമെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നു.
796 നിയമസഭാ മണ്ഡലങ്ങളിലെ 4776 പോളിങ് സ്റ്റേഷനുകളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. എല്ലാ പോളിങ് സ്റ്റേഷനുകളിലെയും 25 വോട്ടര്‍മാരുടെ അഭിപ്രായങ്ങളാണ് തേടിയത്. 199 ലോക്‌സഭ മണ്ഡലങ്ങളില്‍ നിന്നും 1,21,542 വോട്ടര്‍മാരാണ് അഭിപ്രായ സര്‍വെയില്‍ പങ്കെടുത്തത്. എല്ലാ ചോദ്യങ്ങള്‍ക്കും പ്രാദേശിക ഭാഷയിലാണ് എക്‌സിറ്റ് പോളില്‍ പങ്കെടുത്തവര്‍ക്ക് മറുപടി നല്‍കിയതും.