അഹമ്മദാബാദ് വിമാന അപകടം; ആകാശ ദുരന്തത്തിന് ഇടയാകുന്ന അഞ്ച് പ്രധാന കാരണങ്ങള്‍
- Published by:meera_57
- news18-malayalam
Last Updated:
വാണിജ്യ വിമാന അപകടങ്ങളുടെ പ്രധാന കാരണങ്ങള്‍ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഓരോ അപകടങ്ങളും മറ്റൊന്നില്‍ നിന്ന് വ്യത്യസ്ഥമായിരിക്കും
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്നതിനിടെയാണ് എയര്‍ ഇന്ത്യയുടെ 787-8 ബോയിങ് വിമാനം അപകടത്തില്‍പ്പെട്ടത്. ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മേഘാനി പ്രദേശത്തെ മെഡിക്കല്‍ കോളേജ് കെട്ടിടത്തിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. അപകട സ്ഥലത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടസ്ഥലത്തുനിന്നും വലിയ തോതില്‍ കറുത്ത പുക ഉയരുന്നതും വീഡിയോകളില്‍ കാണാം.
അപകടത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് സംഭവം നടന്നതിനു തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ പ്രസ്താവനയിറക്കിയിരുന്നു. അഹമ്മദാബാദില്‍ നിന്നും ലണ്ടന്‍ ഗാറ്റ്വിക്കിലേക്ക് സര്‍വീസ് നടത്തുന്ന എഐ 171 വിമാനം അപകടത്തില്‍പ്പെട്ടതായും വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണെന്നും എയര്‍ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. അപകട വിവരങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വെബ്‌സൈറ്റിലും അപ്‌ഡേറ്റ് ചെയ്യുമെന്നും കമ്പനി അറിയിച്ചിരുന്നു.
300 യാത്രക്കാരെ വഹിക്കാനുള്ള ശേഷി വിമാനത്തിന് ഉണ്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. അപകട സമയത്ത് 242 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മുഴുവന്‍ യാത്രക്കാരും അപകടത്തില്‍ മരണപ്പെട്ടു. ദീര്‍ഘദൂര സര്‍വീസ് ആയതിനാല്‍ വിമാനത്തിന്റെ ഇന്ധന ടാങ്കും നിറഞ്ഞിരിക്കുകയായിരുന്നു. ഇത് അപകടത്തിന്റെ ആഘാതം കൂട്ടി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പുറമേ, കോളേജ് കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പ്രദേശവാസികളും മരണപ്പെട്ടതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
advertisement
അപകടത്തിന്റെ പ്രധാന കാരണം ഇപ്പോഴും വ്യക്തമല്ല. സാധാരണയായി വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ അപകടത്തിന് കാരണമായേക്കാവുന്ന അഞ്ച് പ്രധാന കാര്യങ്ങൾ ഇനി പറയുന്നവയാണ്.
വാണിജ്യ വിമാന അപകടങ്ങളുടെ പ്രധാന കാരണങ്ങള്‍ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഓരോ അപകടങ്ങളും മറ്റൊന്നില്‍ നിന്ന് വ്യത്യസ്ഥമായിരിക്കും. 2015-ല്‍ 'ദി കണ്‍വേര്‍ഷനു' വേണ്ടി എഴുതിയ ഒരു ലേഖനത്തില്‍ ലെസ്റ്റര്‍ സര്‍വകലാശാലയിലെ സിവില്‍ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി യൂണിറ്റിന്റെ ഡയറക്ടറും ബ്രിട്ടീഷ് വ്യോമയാന സുരക്ഷാ വിദഗ്ദ്ധനുമായ സൈമണ്‍ ആഷ്‌ലി ബെന്നറ്റ് അത്തരം അപകടങ്ങള്‍ സംഭവിക്കുന്നതിനുള്ള അഞ്ച് കാരണങ്ങളെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
advertisement
* പൈലറ്റിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച്ച
ആധുനിക വിമാനങ്ങള്‍ സാങ്കേതികമായി വളരെ മികച്ചതും കൂടുതല്‍ സുരക്ഷിതവുമാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും മനുഷ്യസഹജമായ തെറ്റുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. വിമാനം പറക്കുന്നതിന്റെ ഓരോ ഘട്ടത്തിലും പൈലറ്റുമാരുടെ സജീവ ഇടപ്പെടല്‍ ഉണ്ട്. ഈ സമയത്ത് വീഴ്ച്ച സംഭവിക്കാനുള്ള നിരവധി അവസരങ്ങള്‍ ഉണ്ട്.
പ്ലെയിന്‍ക്രാഷ് ഇന്‍ഫോ ഡോട്ട് കോം പറയുന്നതനുസരിച്ച് 50 ശതമാനം വാണിജ്യ വിമാന അപകടങ്ങളും നടക്കുന്നത് പൈലറ്റുമാരുടെ വീഴ്ച്ച കൊണ്ടാണ്. നിര്‍ണായക സാഹചര്യത്തില്‍ എഫ്എംസി (ഫ്‌ളൈറ്റ് മാനേജ്‌മെന്റ് കന്യൂട്ടര്‍) ശരിയായി പ്രവര്‍ത്തിപ്പിക്കാന്‍ പൈലറ്റിന് സാധിച്ചില്ലെങ്കിലോ വിമാനം പറത്താന്‍ ആവശ്യമായ ഇന്ധനം തെറ്റായി കണക്കാക്കുകയോ ചെയ്താലോ ഒരു വിമാനം തകരുമെന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു. വിമാനങ്ങള്‍ എത്ര സാങ്കേതികമായി പുരോഗമിച്ചുവെന്ന് പറഞ്ഞാലും നിര്‍ണായക സാഹചര്യത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം മുഴുവനും പൈലറ്റിന്റെ കൈകളിലാണ്.
advertisement
* മെക്കാനിക്കല്‍ തകരാറുകള്‍
20 ശതമാനം വിമാന അപകടങ്ങള്‍ ഇപ്പോഴും മെക്കാനിക്കല്‍ തകരാറുകള്‍ കാരണമാണ് സംഭവിക്കുന്നതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. വിമാനത്തിന്റെ എഞ്ചിനുകള്‍ക്ക് വിനാശകരമായ തകരാറുകള്‍ സംഭവിച്ച് വലിയ വിമാന ദുരന്തത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
* കഠിനമായ കാലാവസ്ഥ
കഠിനമായ കാലാവസ്ഥയാണ് മറ്റൊരു കാരണം. വിമാന അപകടങ്ങളില്‍ ഏകദേശം 10 ശതമാനവും മോശം കാലാവസ്ഥ കാരണമാകാം. ഗൈറോസ്‌കോപ്പിക് കോമ്പസുകള്‍, സാറ്റലൈറ്റ് നാവിഗേഷന്‍, കാലാവസ്ഥാ ഡാറ്റ അപ്‌ലിങ്കുകള്‍ തുടങ്ങിയ നിരവധി ഇലക്ട്രോണിക് സഹായങ്ങള്‍ ഉണ്ടായിരുന്നിട്ടും കൊടുങ്കാറ്റിലും മഞ്ഞിലും മൂടല്‍മഞ്ഞിലും വിമാനം ഇപ്പോഴും തകരുന്നു. എന്നിരുന്നാലും വ്യാഴാഴ്ചത്തെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയായിരിക്കാനുള്ള സാധ്യത കുറവാണ്.
advertisement
* അട്ടിമറി
ലോകത്ത് നടക്കുന്ന വിമാന അപകടങ്ങളില്‍ 10 ശതമാനം അട്ടിമറി കാരണമാണ് നടക്കുന്നത്. എന്നാല്‍, വാണിജ്യ വിമാനങ്ങള്‍ക്ക് അട്ടിമറി ശ്രമങ്ങൾ മൂലമുണ്ടാകുന്ന അപകടസാധ്യത പലരും വിശ്വസിക്കുന്നതിനേക്കാള്‍ വളരെ കുറവാണ്. വ്യോമയാന ചരിത്രത്തില്‍ അട്ടിമറി ശ്രമങ്ങളുടെ ഭാഗമായി അത്ഭുതകരവും ഞെട്ടിക്കുന്നതുമായ നിരവധി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആഗോള ഭീകരന്‍ ഒസാമ ബിന്‍ ലാദന്റെ നേതൃത്വത്തില്‍ അല്‍ ഖ്വയ്ദ അമേരിക്കയില്‍ നടത്തിയ 9/11 ഭീകരാക്രമണമാണ് ഇതിന്റെ പ്രധാന ഉദാഹരണങ്ങളിലൊന്ന്.
* മനുഷ്യസഹജമായ തെറ്റുകളുടെ മറ്റ് രൂപങ്ങള്‍
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍, ഡിസ്പാച്ചര്‍മാര്‍, ലോഡര്‍മാര്‍, ഫുള്ളര്‍മാര്‍ അല്ലെങ്കില്‍ മെയിന്റനന്‍സ് എഞ്ചിനീയര്‍മാര്‍ തുടങ്ങിയവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ച്ചകളും വിമാന ദുരന്തങ്ങള്‍ക്ക് കാരണമാകാറുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ചിലപ്പോള്‍ ദൈര്‍ഘ്യമേറിയ ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന മെയിന്റനന്‍സ് എഞ്ചിനീയര്‍മാര്‍ക്ക് തെറ്റുകള്‍ വരാനുള്ള സാധ്യതയുണ്ട്.
advertisement
അഹമ്മദാബാദില്‍ വ്യാഴാഴ്ചയുണ്ടായ വിമാന അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ബോയിങ്ങില്‍ നിന്നുള്ള സാങ്കേതിക സംഘത്തോടൊപ്പം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ) ഔദ്യോഗികമായി അന്വേഷണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്തില്‍ ഇന്ധന ടാങ്ക് നിറഞ്ഞിരിക്കുന്നതിനാല്‍ അപകടത്തിന്റെ തീവ്രത കൂടുതലായിരിക്കുമെന്നും ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണ്ണമാക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 13, 2025 11:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അഹമ്മദാബാദ് വിമാന അപകടം; ആകാശ ദുരന്തത്തിന് ഇടയാകുന്ന അഞ്ച് പ്രധാന കാരണങ്ങള്‍