COVID 19| ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി BJP എംഎൽഎയുടെ പിറന്നാളാഘോഷം; പങ്കെടുത്തത് നൂറോളം പേർ
COVID 19| ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി BJP എംഎൽഎയുടെ പിറന്നാളാഘോഷം; പങ്കെടുത്തത് നൂറോളം പേർ
സർക്കാർ സ്കൂളിൽ നടന്ന പിറന്നാളാഘോഷത്തിൽ നൂറോളം പേർക്ക് ബിരിയാണി വിതരണം ചെയ്തു
News18
Last Updated :
Share this:
ബംഗളൂരു: ലോക്ക്ഡൗൺ നിയന്ത്രണങ്ങളെല്ലാം കാറ്റിൽപറത്തി ബിജെപി എംഎൽഎയുടെ വമ്പൻ പിറന്നാളാഘോഷം. കുട്ടികൾ ഉൾപ്പെടെ നൂറോളംപേരെ പങ്കെടുപ്പിച്ചുകൊണ്ട് വലിയ ആഘോഷ പരിപാടിയാണ് എംഎൽഎ സംഘടിപ്പിച്ചത്. തുംകൂരിലെ സ്വന്തം ഗ്രാമത്തിലാണ് ഗ്രാമവാസികളെയെല്ലാം വിളിച്ചുകൂട്ടി ബിജെപി എംഎല്‍എയായ മസലെ ജയറാം പാര്‍ട്ടി നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തുരുവക്കരെ മണ്ഡലത്തിലെ എംഎല്‍എയാണ് ജയറാം.
ഗ്രാമവാസികൾ ഉൾപ്പെടെ വലിയ കൂട്ടം ഇടഗുരു ഗവ. സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയില്‍ എംഎൽഎക്ക് പിറന്നാളാശംസകൾ നേരാൻ എത്തിയിരുന്നു. കേക്ക് മുറിച്ചതിന് പിന്നാലെ എംഎൽഎ, അവിടെ കൂടിയിരുന്നവർക്കെല്ലാം നന്ദി പറഞ്ഞ് സംസാരിക്കുകയും ചെയ്തു. വലിയ പന്തൽ ഒരുക്കുന്നതും ഒരു ഭാഗത്ത് ബിരിയാണി ഉണ്ടാക്കുന്നതും വീഡിയോയിൽ കാണാം.
സന്ദർശകർ മാസ്ക് ധരിച്ചിരിക്കുന്നത് വീഡിയോയിൽ കാണാമെങ്കിലും ശാരീരിക അകലം പാലിക്കണമെന്ന നിർദേശം ആരും പാലിച്ചില്ല. ഷാള്‍ അണിഞ്ഞ് നിൽക്കുന്ന എംഎൽഎ മാസ്കും കൈയുറയും ധരിച്ചിരിക്കുന്നതും കാണാം. എല്ലാവരും ചെറുകൂട്ടമായി ഇരുന്നാണ് ബിരിയാണി കഴിച്ചത്.
Karnataka: BJP MLA from Turuvekere M Jayaram today celebrated his birthday with villagers in Gubbi taluk, Tumkur, during lockdown for prevention of COVID19 transmission. pic.twitter.com/nNSpPLTBmU
ഇതുവരെ കർണാടകയിൽ 200ൽ അധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറുപേർ മരിക്കുകയും ചെയ്തു. എംഎൽഎയുടെ നാടായ തുംകുരുവിലും ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ദിവസങ്ങൾക്ക് മുൻപ് മഹാരാഷ്ട്ര വാര്‍ധയിലെ ബിജെപി എംഎല്‍എ ദാദാറാവു കേച്ചെ ലോക്ക്ഡൗൺ നിര്‍ദേശങ്ങള്‍ ലംഘിച്ച് പിറന്നാളാഘോഷം നടത്തിയതും വിവാദമായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ദാദാറാവു നൂറോളം പേര്‍ക്ക് വസതിയില്‍ ധാന്യങ്ങള്‍ വിതരണം ചെയ്തത്. നൂറോളം പേര്‍ എംഎല്‍എയുടെ വീടിന് മുന്നില്‍ കൂടിയിരുന്നു. എന്നാല്‍ വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തി ജനങ്ങളെ പിരിച്ചു വിട്ടു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.