മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു
- Published by:Anuraj GR
- trending desk
Last Updated:
വസതിയില്‍ നിന്നും സ്വമേധയാ ഒഴിഞ്ഞില്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കേണ്ടി വരുമെന്ന് ഡയറക്ട്രേറ്റ് ഓഫ് എസ്റ്റേറ്റ്‌സ് അയച്ച നോട്ടീസില്‍ പറഞ്ഞിരുന്നു
ലോക്സഭയില്‍ നിന്ന് അയോഗ്യയാക്കപ്പെട്ട മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഔദ്യോഗിക വസതി ഒഴിയണമെന്ന് മഹുവയ്ക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെ അവര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് മഹുവയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതിനു പിന്നാലെയാണ് ഔദ്യോഗിക വസതിയില്‍ നിന്നും മഹുവ ഒഴിഞ്ഞത്.
വസതിയില്‍ നിന്നും സ്വമേധയാ ഒഴിഞ്ഞില്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കേണ്ടി വരുമെന്ന് ഡയറക്ട്രേറ്റ് ഓഫ് എസ്റ്റേറ്റ്‌സ് അയച്ച നോട്ടീസില്‍ പറഞ്ഞിരുന്നു. എംപി സ്ഥാനം നഷ്ടപ്പെട്ട സ്ഥിതിയ്ക്ക് ഔദ്യോഗിക വസതിയ്ക്ക് മേല്‍ അവകാശം ഉന്നയിക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് ഗിരീഷ് കത്പാലിയ പറഞ്ഞു.
'' പാര്‍ലമെന്റ് എംപി എന്ന നിലയ്ക്കാണ് ഔദ്യോഗിക വസതി അനുവദിച്ചത്. നിലവില്‍ ആ സ്ഥാനത്ത് നിന്ന് ഹര്‍ജിക്കാരിയെ പുറത്താക്കിയിരിക്കുകയാണ്. പുറത്താക്കലിനെ സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുമില്ല. അതുകൊണ്ട് നിലവില്‍ സര്‍ക്കാര്‍ ചെലവിലുള്ള വസതിയില്‍ തുടരാന്‍ ഹര്‍ജിക്കാരിയ്ക്ക് അര്‍ഹതയില്ല,'' എന്ന് ഹൈക്കോടതി പറഞ്ഞു.
advertisement
പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിന് കോഴ ആവശ്യപ്പെട്ടുവെന്ന ആരോപണത്തിന് പിന്നാലെയാണ് മഹുവയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയത്. 2023 ഡിസംബര്‍ 8നായിരുന്നു പുറത്താക്കല്‍.
എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ ശബ്ദവോട്ടോടെയാണ് മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. 2005ല്‍ ഇത്തരത്തില്‍ 11 ലോക്‌സഭാ അംഗങ്ങളെ പുറത്താക്കിയിരുന്നു.
നേരത്തെ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ലോക്സഭയില്‍ വച്ചു. ഡിസംബര്‍ 8ന് പന്ത്രണ്ടു മണിക്ക് സഭ പുനരാരംഭിച്ചപ്പോഴാണ് എത്തിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ വിജയ് സോങ്കര്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചത്. എന്നാല്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ രണ്ടു മണിവരെ നിര്‍ത്തി വച്ചതിനാല്‍ റിപ്പോര്‍ട്ടിന്മേല്‍ മറ്റു നടപടികളിലേക്ക് കടന്നില്ല.
advertisement
ഇക്കഴിഞ്ഞ ഒക്ടോബര്‍ 15നാണ് ലോക്‌സഭയില്‍ ചോദ്യം ചോദിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണംവാങ്ങിയെന്ന ആരോപണം ബിജെപി പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെ പാര്‍ലമെന്റിലെ ഔദ്യോഗിക ഇ-മെയില്‍ പാസ്‌വേഡ് മഹുവ തനിക്കു പങ്കുവച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ ദര്‍ശന്‍ ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് സത്യവാങ്മൂലം നല്‍കി.
എന്നാല്‍ പാര്‍ലമെന്റ് ലോഗിന്‍ വ്യവസായിക്കു കൈമാറിയിരുന്നെന്നും പക്ഷെ ഇതിനായി പണം കൈപ്പറ്റിയിട്ടില്ലെന്നും മഹുവ വ്യക്താക്കി. നവംബര്‍ രണ്ടിന് മഹുവ എത്തിക്‌സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായി. അതിരുവിട്ട ചോദ്യങ്ങള്‍ ചോദിച്ചുവെന്നാരോപിച്ച് കമ്മിറ്റി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 19, 2024 2:16 PM IST