ന്യൂഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐ.എസ്) ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ക്കുവേണ്ടി ദേശീയ അന്വേഷണ ഏജന്‍സി ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും 17 ഇടങ്ങളിൽ നടത്തിയ റെയ്ഡുകളില്‍ പത്തുപേര്‍ പിടിയില്‍. ഐസിസുമായി ബന്ധമുള്ള പുതിയ ഗ്രൂപ്പായ 'ഹർക്കത്ത് ഉൽ ഹർബ് ഇ ഇസ്ലാം' ഉത്തരേന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും ഇവരുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ഡൽഹി സീലാംപൂർ, ഉത്തർപ്രദേശിലെ അംരോഹ, ഹാപ്പൂർ, മീറത്ത്, ലഖ്നൗ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയതെന്ന് NIA ഇൻസ്പെക്ടർ ജനറൽ അലോക് മിത്തൽ പറഞ്ഞു. വലിയ അളവിൽ സ്ഫോടക വസ്തുക്കളും ആയുധങ്ങളും തോക്കുകളും തദ്ദേശീയമായി നിർമിച്ച റോക്കറ്റ് ലോഞ്ചറും അടക്കം പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. 7.5 ലക്ഷംരൂപയും നൂറോളം മൊബൈൽ ഫോണുകളും 135 സിം കാർഡുകളും ലാപ്ടോപ്പുകളും മെമ്മറി കാർഡുകളും പിടിച്ചെടുത്തവയിൽപ്പെടുന്നു.
രാജ്യതലസ്ഥാനത്ത് അടക്കമുള്ള സുപ്രധാന കെട്ടിടങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വി.വി.ഐ.പികളെയും ലക്ഷ്യമിട്ടിരുന്നുവെന്നാണ് സൂചന. ഒരു സിവില്‍ എഞ്ചിനിയറും മൗലവിയും ബിരുദ വിദ്യാർത്ഥികളും ഓട്ടോ ഡ്രൈവറും അടക്കമുള്ളവരാണ് അറസ്റ്റിലായതെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മൗലവിയാണ് സംഘത്തിന്റെ തലവനെന്നും ഇയാള്‍ക്ക് വിദേശത്തുനിന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിലരം. അഞ്ചുപേരെ ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍നിന്നും അഞ്ചുപേരെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍നിന്നുമാണ് പിടികൂടിയത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും റെയ്ഡുകള്‍ തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു. നേരത്തെ ഈ മാസമാദ്യം ഐസിസ് ബന്ധം ആരോപിച്ച് തമിഴ്നാട്ടിൽ നിന്നും ഏഴുപേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Delhi, Islamic state, NIA, അറസ്റ്റ്, ഇസ്ലാമിക് സ്റ്റേറ്റ്, ഉത്തർപ്രദേശ്, എൻഐഎ, ഡൽഹി