നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഇന്ന് റേപ് ഇൻ ഇന്ത്യയെങ്കിൽ അന്ന് റേപ് ക്യാപിറ്റൽ

  ഇന്ന് റേപ് ഇൻ ഇന്ത്യയെങ്കിൽ അന്ന് റേപ് ക്യാപിറ്റൽ

  പാര്‍ലമെന്റിൽ വലിയ രോഷ പ്രകടനം നടത്തിയ സ്‌മൃതി ഇറാനി ഈ പീഡനങ്ങൾക്കെതിരെയും അത് ചെയ്തവർക്കെതിരെയും ഇതുപോലെ രോഷ പ്രകടനം നടത്താതിരുന്നത് എന്തുകൊണ്ടാണ്?

  മോദിയും രാഹുലും

  മോദിയും രാഹുലും

  • Share this:
  മോദി പറഞ്ഞത് മേക്ക് ഇൻ ഇന്ത്യ.. ഇപ്പോൾ കാണാൻ കഴിയുന്നത് റേപ് ഇൻ ഇന്ത്യയാണ്... രാഹുൽ ഗാന്ധിയുടെ ഈ പരാമർശത്തിനെതിരെയാണ് ലോകസഭയിൽ കേന്ദ്രമന്ത്രിയും അമേഠിയിൽ രാഹുലിനെ തോൽപിച്ച ബിജെപി നേതാവുമായ സ്‌മൃതി ഇറാനി അടക്കമുള്ള വനിത എംപിമാർ പ്രതിഷേധിച്ചത്. രാജ്യത്ത് കുട്ടികളെ പോലും കൂട്ടബലാത്സംഗം ചെയ്ത് പെട്രോളൊഴിച്ച് കത്തിച്ചപ്പോൾ ഉണ്ടാകാതിരുന്ന പ്രതിഷേധമാണ് ഈ എംപിമാർ പാർലമെന്റിൽ ഉയർത്തിയത്. പാര്‍ലമെന്റിൽ വലിയ രോഷ പ്രകടനം നടത്തിയ സ്‌മൃതി ഇറാനി ഈ പീഡനങ്ങൾക്കെതിരെയും അത് ചെയ്തവർക്കെതിരെയും ഇതുപോലെ രോഷ പ്രകടനം നടത്താതിരുന്നത് എന്തുകൊണ്ടാണ്? ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ ഉന്നാവ് എന്ന സ്ഥലത്തെ കുറിച്ച് കേട്ടതായിട്ടെങ്കിലും സ്‌മൃതി ഇറാനി ഭാവിക്കാത്തതെന്തു കൊണ്ടാണ്? ബലാത്സംഗം ചെയ്ത പെൺകുട്ടിയെ ലോറി ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കുൽദീപ് സിങ് സെൻഗറെന്ന ബിജെപി നേതാവിനെ കുറിച്ച് വലിയ ചർച്ച രാജ്യം മുഴുവൻ നടന്നപ്പോൾ ഈ ആവേശമൊന്നും കാണാതിരുന്നത് എന്തുകൊണ്ടായിരുന്നു?

  ഓർമ്മയുണ്ടോ 2013ലെ ആ ഡിസംബർ 1

  വേദി ഡൽഹിയിലെ അംബേദ്കർ നഗർ. രംഗം തിരഞ്ഞെടുപ്പ് റാലി. നായകൻ പ്രധാനമന്ത്രി നരേന്ദ്രമോദി. വിഷയം ഡൽഹി തിരഞ്ഞെടുപ്പ്. ആ മൈതാന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആഹ്വാനം സ്‌മൃതി ഇറാനി മറന്നതോ മറന്നതായി നടിക്കുന്നതോ. സ്‌മൃതിയും മറ്റ് ഭരണപക്ഷ വനിത എംപിമാരും മറന്നതാണെങ്കിൽ ഓർമ്മിപ്പിക്കാം. ഡൽഹി പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത വിഷയം അന്നത്തെ കോൺഗ്രസ് സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയതിന് പിന്നാലെയായിരുന്നു ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ്. ഡിസംബർ നാലിനായിരുന്നു വോട്ടെടുപ്പ്. അതിന് രണ്ട് ദിവസം മുമ്പാണ് അംബേദ്കർ നഗറിൽ നരേന്ദ്ര മോദിയുടെ റാലി. ആ റാലിയിൽ ഡൽഹി പെൺകുട്ടിയുടെ പേരിൽ മോദി കത്തിക്കയറി. വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലെത്തുമ്പോൾ നിർഭയയെ മറക്കരുത്. അമ്മമാരും സഹോദരിമാരും ഡൽഹിയിൽ സുരക്ഷിതരല്ല. റേപ്പുകളുടെ തലസ്ഥാനമായിരിക്കുകയാണ് ഡൽഹി. അന്ന് ആ പ്രയോഗം ഏറ്റുപിടിച്ച് പ്രചാരണം നടത്തിയ നേതാക്കളാണ് ഇന്ന് പാർലമെന്റിൽ വലിയ പ്രതിഷേധം നയിച്ചത്.

  Modi should apologise.  എന്തിന്റെ പേരിലാണ് ഈ പ്രതിഷേധം?

  ബലാത്സംഗത്തിന് എതിരെ പറഞ്ഞതിനാണോ ഈ പ്രതിഷേധം. അതോ ഇനിയും ചിറക് മുളയ്ക്കാത്ത മേക്ക് ഇൻ ഇന്ത്യയെ പരിഹസിച്ചതിനോ. അതോ രാജ്യത്ത് ബലാത്സംഗങ്ങൾ കൂടുന്നു എന്ന് കുറ്റപ്പെടുത്തിയതിനോ. അതുമല്ലെങ്കിൽ റേപ്പും ഇന്ത്യയും ചേർത്ത് പറഞ്ഞതിനോ. എന്തിനാണ് ഈ പ്രതിഷേധം? ഇതിൽ ഏത് കാര്യത്തിലാണെങ്കിലും അത് പ്രഹസനമാണ്. ബലാത്സംഗങ്ങൾ നിർബാധം തുടരുന്നു എന്ന് മാത്രമല്ല കേസിൽ നിന്ന് രക്ഷപ്പെടാൻ ഇരകളെ കൊന്നുകളയുന്ന ക്രൂരതയിലേക്ക് കൂടിയാണ് ഈ കൊടുംകുറ്റം എത്തിയിരിക്കുന്നത്. സ്വന്തം എംഎൽഎയെ പോലും മാതൃകാപരമായി ശിക്ഷിക്കാൻ കഴിയാത്ത സർക്കാരിനെ ഇതുകൊണ്ടൊന്നും വെള്ളപൂശാനാകില്ല. ബലാത്സംഗത്തിന് ഇന്ത്യയിൽ എത്താൻ രാഹുൽ ഗാന്ധി ആണുങ്ങളെ ക്ഷണിക്കുകയാണോ ഈ പ്രസ്താവനയിലൂടെയെന്നാണ് സ്‌മൃതിയുടേയും മറ്റ് എംപിമാരുടേയും ചോദ്യം. രാജ്യതലസ്ഥാനത്തെ റേപ്പ് ക്യാപിറ്റൽ എന്ന് വിളിച്ചപ്പോൾ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് ഉദ്ദേശിച്ചതും ഇതു തന്നെയാണോയെന്ന മറുചോദ്യത്തിന് എന്താണ് മറുപടി?

  ബലാത്സംഗത്തിന്റെ പേരിലെ രാഷ്ട്രീയം ആരുടെ ലക്ഷ്യം?

  നരേന്ദ്രമോദി ഡൽഹിയെ ബലാത്സംഗ തലസ്ഥാനം എന്ന് വിളിച്ചത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. രാഹുൽ ഗാന്ധി റേപ് ഇൻ ഇന്ത്യയെന്ന് പറഞ്ഞതും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇത്തരം ആരോപണങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നേതാക്കളും നടത്താറുണ്ട്. ഇത്തരം പ്രചാരണങ്ങളും ആരോപണങ്ങളുമാണ് നേതാക്കളുടെ തുറുപ്പ് ചീട്ടും. പക്ഷെ പാർലമെന്റിൽ ഭരണകക്ഷി എംപിമാർ തന്നെ നടപടികൾ തടസപ്പെടുത്തുന്ന രീതിയിലുള്ള പ്രതിഷേധ രാഷ്ട്രീയം എന്തിന് വേണ്ടിയാണ്. അതും കേന്ദ്രമന്ത്രി തന്നെ നേതൃത്വം നൽകിയുള്ള പ്രതിഷേധം. ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു ഈ പ്രതിഷേധം. രാജ്യത്തെയാകെ ആശങ്കയിലാക്കിയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിസന്ധിയടക്കം ചർച്ച ചെയ്യാൻ ശേഷിച്ചത് ഈ ഒരു ദിവസമായിരുന്നു. അന്ന് തന്നെ സഭ സ്തംഭിപ്പിച്ച് ഇങ്ങനെയൊരു പ്രതിഷേധം ആവശ്യമായിരുന്നോ? രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ പ്രതിഷേധിക്കാൻ മറ്റ് എത്രയോ മാർഗമുണ്ടായിരുന്നു. സഭയിലെ ഭരണപക്ഷ വനിത എംപിമാരെ പിന്തുണച്ച് പ്രതിരോധമന്ത്രിയും രംഗത്തെത്തിയിരുന്നു. ഇത്തരം പ്രസ്താവനകൾ നടത്തുന്നവർക്ക് പാർലമെന്റിൽ തുടരാൻ ധാർമിക അവകാശമില്ലെന്നായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. പ്രതിരോധ മന്ത്രിയാകുന്നതിന് മുമ്പ് രാജ്‌നാഥ് സിങ് ആഭ്യന്തരമന്ത്രിയായിരുന്നു. ബലാത്സംഗം ഉൾപ്പടെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ആഭ്യന്തരമന്ത്രി അന്ന് എന്ത് നടപയാണ് എടുത്തത്? പ്രത്യേകിച്ച് ഡൽഹിയിൽ. കാരണം ഡൽഹി പൊലീസ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലാണ്. രാജ്‍നാഥ് സിങ് ആഭ്യന്തരമന്ത്രിയായിരുന്ന 2014-16 കാലത്ത് രാജ്യത്ത് ഒരുലക്ഷം ബലാത്സംഗ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളാണ്. ഉന്നാവടക്കം അദ്ദേഹത്തിന്റെ സ്വദേശമായ ഉത്തർപ്രദേശിൽ പിഞ്ചു കുട്ടികൾക്കെതിരെ നടന്ന ബലാത്സംഗങ്ങളിൽ പോലും കടുത്ത അമർഷം രേഖപ്പെടുത്താത്ത തലമുതിർന്ന നേതാവിന് ഇപ്പോൾ ഈ ധാർമികത ഉണ്ടായതിന് കാരണമെന്താണ്? എന്തായാലും രാഹുൽ ഗാന്ധിയെ കൊണ്ട് സർക്കാരിന് ഒരു ഗുണം കൂടിയുണ്ടായി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസം പൗരത്വ ഭേദഗതി ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധി ചർച്ച ചെയ്യാതെ തലയൂരാനായി. ഇതാണ് ഭരിക്കുന്ന പാർട്ടി പ്രതിഷേധമുയർത്തി നടപടികൾ തടസപ്പെടുത്തുന്ന ജനാധിപത്യം.
  Published by:Anuraj GR
  First published:
  )}