അനന്ത: ഗൂഗിളിന്റെ ഏറ്റവും വലിയ ക്യാംപസിന്റെ 10 സവിശേഷതകള്‍
- Published by:Sneha Reghu
- news18-malayalam
Last Updated:
ലോകോത്തര ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും ആഗോള പങ്കാളിത്തം വളര്‍ത്തിയെടുക്കുന്നതിനുമുള്ള ഒരു കേന്ദ്രം കൂടിയാണിത്
ഗൂഗിളിന്റെ ഏറ്റവും പുതിയ ക്യാംപസ് 'അനന്ത' ബംഗളുരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. മഹാദേവപുരയിലെ ഓഫീസ് കെട്ടിടം അതിവിശാലവും നൂതനസൗകര്യങ്ങളുമടങ്ങിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഓഫീസ് ക്യാംപസ് സുസ്ഥിരത, ജീവനക്കാരുടെ ക്ഷേമം എന്നിവയോടുള്ള ഗൂഗിളിന്റെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. ഈ ക്യാംപസിന്റെ പത്ത് സവിശേഷതകള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
1. 'അനന്ത'- ക്യാംപസിന്റെ പേരിന്റെ അര്‍ത്ഥം
പരിധിയില്ലാത്തത് എന്ന് അര്‍ത്ഥം വരുന്ന സംസ്‌കൃത വാക്കില്‍ നിന്നാണ് ഓഫീസ് സമുച്ചയത്തിന് പേരിട്ടിരിക്കുന്നത്. ജനജീവിതത്തെ മാറ്റിമറിക്കുന്ന സാങ്കേതികവിദ്യയുടെ അതിരുകളില്ലാത്ത സാധ്യതകളിന്‍മേലുള്ള ഗൂഗിളിന്റെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന പേരാണ് ക്യാംപസിന് നല്‍കിയിരിക്കുന്നത്.
2. ഗൂഗിളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഓഫീസ്
ഗൂഗിളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഓഫീസുകളിലൊന്നാണ് അനന്ത. ഇന്ത്യയിലെ ഡിസൈനര്‍മാരുടെയും മറ്റ് വിദഗ്ധരുടേയും സഹകരണത്തോടെ നിര്‍മിച്ച ഓഫീസാണിത്.
3. അതുല്യമായ വാസ്തുവിദ്യ
ആദ്യകാഴ്ചയില്‍ തന്നെ അതിശയിപ്പിക്കുന്ന നിര്‍മാണ രീതിയാണ് പിന്തുടര്‍ന്നിരിക്കുന്നത്. പ്രകൃതിദത്തമായ പ്രകാശം പരമാവധി ഉപയോഗിക്കുകയും ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയിലുള്ള തൊഴിലിടങ്ങള്‍ ഓഫീസില്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
advertisement
4. നഗര-പ്രചോദിതമായ ഓഫീസ് നിര്‍മാണം
ഓഫീസ് സമുച്ചയത്തിലെ ഓരോ നിലയും ഒരു മിനി സിറ്റി പോലെയാണ് ക്രമീകരിച്ചിരിക്കുന്നത്. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവശ്യമായ ശാന്തമായ തൊഴിലിടങ്ങളും അനന്തയില്‍ ഒരുക്കിയിട്ടുണ്ട്.
5. സഭ
ജീവനക്കാര്‍ക്ക് തമ്മില്‍ ആശയകൈമാറ്റത്തിന് പ്രാധാന്യം നല്‍കുന്ന തരത്തിലാണ് അനന്തയിലെ ക്രമീകരണങ്ങള്‍. ക്യാംപസിന്റെ നടുവിലായി ജീവനക്കാര്‍ക്ക് ഒത്തുച്ചേരാന്‍ വിശാലമായ സൗകര്യമൊരുക്കിയിരിക്കുന്നു. ഇതിന് സഭ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
6. ഗ്ലാസ് ഇന്‍സ്റ്റലേഷന്‍
ഓഫീസ് സമുച്ചയത്തില്‍ ഇലക്ട്രോ കോമിക് ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് സ്വാഭാവിക വെളിച്ചത്തിന് കടന്നുവരാനുള്ള സാഹചര്യമൊരുക്കുന്നു. ഇതിലൂടെ വൈദ്യുതി ഉപഭോഗം കുറയ്ക്കാനും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാനും സാധിക്കും.
advertisement
7. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നിര്‍മാണരീതി
കാഴ്ചപരിമിതിയുള്ളവര്‍ക്ക് ഉള്‍പ്പെടെ പ്രവേശനം സാധ്യമാകുന്ന രീതിയിലാണ് ഓഫീസ് സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. ഇവര്‍ക്ക് അനിയോജ്യമായ രീതിയിലാണ് ഓഫീസിലെ ഫ്‌ളോറുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
8. പച്ചപ്പും ഹരിതാഭയും ഒത്തുച്ചേരുന്നു
പൂന്തോട്ടങ്ങളും ജോഗിങ്ങിനായ പ്രത്യേകം ട്രാക്കുകളും അനന്തയുടെ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്. ഇതിലൂടെ പ്രകൃതിയോട് ചേര്‍ന്ന് ജോലി ചെയ്യാനുള്ള സൗകര്യവും ഓഫീസില്‍ ഒരുക്കിയിരിക്കുന്നു.
9. സുസ്ഥിരത
ജലത്തിന്റെ പുനരുപയോഗം, മഴവെള്ള സംഭരണം, സ്മാര്‍ട്ട് ഗ്ലാസ് സാങ്കേതികവിദ്യയിലൂടെ പ്രകാശത്തെ പരമാവധി ഉപയോഗിക്കല്‍ എന്നിവ അനന്തയുടെ പ്രധാന സവിശേഷതകളിലൊന്നാണ്. വൈദ്യുതി ഉപഭോഗം കുറച്ച് സുസ്ഥിരത കൈവരിക്കാന്‍ ഇതിലൂടെ സാധിക്കുന്നു.
advertisement
10. നവീകരണത്തിനും വളര്‍ച്ചയ്ക്കുമുള്ള കേന്ദ്രം
ഒരു ഓഫീസ് കെട്ടിടത്തിനപ്പുറം നിരവധി ലക്ഷ്യങ്ങള്‍ നിറവേറ്റുന്ന ഒരു കേന്ദ്രമായാണ് ഗൂഗിളിന്റെ ഈ സംരംഭത്തെ കാണേണ്ടത്. ലോകോത്തര ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും ആഗോള പങ്കാളിത്തം വളര്‍ത്തിയെടുക്കുന്നതിനുമുള്ള ഒരു കേന്ദ്രം കൂടിയാണിത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
February 21, 2025 11:49 AM IST