ചെന്നൈ: ഗ്രേറ്റര്‍ ചെന്നൈ കോര്പ്പറേഷന് കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ശേഖരിച്ചത് ഏകദേശം 75000 കിലോഗ്രാം സാനിട്ടറി മാലിന്യങ്ങള്‍ എന്ന് റിപ്പോര്‍ട്ട്. ഇവ സംസ്കരണത്തിനായി മനലിയിലെയും കൊടുങ്കയൂരിലെയും ഇന്‍സിനേറ്ററിലേക്ക് അയച്ചതായി അധികൃതര്‍ പറഞ്ഞു.
ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും ഇടകലരാതെ ശേഖരിച്ച് വെയ്ക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2019ലെ ഖരമാലിന്യ സംസ്കരണ ഓര്‍ഡിനന്‍സ് പ്രകാരമാണ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ സാനിട്ടറി മാലിന്യങ്ങള്‍ പ്രത്യേകം ശേഖരിച്ച് സംസ്കരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
നിലവില്‍ കോര്‍പ്പറേഷന്റെയും സ്വകാര്യ സംരംഭകരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് ഈ മാലിന്യങ്ങള്‍ നഗരത്തിലെ രണ്ട് ഇന്‍സിനറേറ്ററുകളിലേക്ക് എത്തിക്കുന്നത്. സാനിട്ടറി മാലിന്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ക്ലീന്‍ ഇന്ത്യ അനിമേറ്റേഴ്സിന്റെ സഹായത്തോടെ അധികൃതര്‍ ശ്രമിച്ചിരുന്നു. ഈ മാസാമാദ്യം ഇതുസംബന്ധിച്ച ബോധവല്‍ക്കരണവും നടത്തിയിരുന്നു.
Also Read – ചുട്ടുപൊള്ളി ഇന്ത്യൻ നഗരങ്ങൾ; പലയിടങ്ങളിലും ജാഗ്രതാ നിർദേശം; ഉഷ്ണ തരംഗത്തിന് സാധ്യത
കൂടാതെ ഡയപ്പറുകളും സാനിട്ടറി പാഡുകളും ഉപയോഗിച്ച ശേഷം വൃത്തിയായി പൊതിഞ്ഞ് അവ ശേഖരിക്കാന്‍ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകളില്‍ മാത്രം നിക്ഷേപിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനുശേഷം ജനുവരി 27, ഫെബ്രുവരി 15 തീയതികളില്‍ നഗരത്തിലെ കോര്പ്പറേഷന് പരിധിയിലുള്ള 15 മേഖലകളില്‍ നിന്ന് 75090 കിലോഗ്രാം സാനിട്ടറി പാഡ് മാലിന്യവും ഡയപ്പറുകളുമാണ് അധികൃതര്‍ ശേഖരിച്ചത്.
തൊണ്ടിയാര്‍പേട്ട് പ്രദേശത്തെ വീടുകളില്‍ നിന്ന് 23,140 കിലോഗ്രാം മാലിന്യമാണ് കോര്പ്പറേഷന് തൊഴിലാളികള്‍ ശേഖരിച്ചത്. 10960 കിലോഗ്രാം മാലിന്യമാണ് വത്സരവാക്കത്ത് നിന്ന് ശേഖരിച്ചത്. 10450 കിലോഗ്രാം മാലിന്യമാണ് തിരുവൊട്ടിയാറില്‍ നിന്നും അധികൃതര്‍ ശേഖരിച്ചത്.
അതേസമയം പുതിയ പദ്ധതിയ്ക്ക് മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ പദ്ധതിയുടെ ജനപ്രീതി വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പദ്ധതിയെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാനായി ഏകദേശം മൂന്ന് ലക്ഷത്തോളം ലഘുലേഖകള്‍ വിതരണം ചെയ്ത് കഴിഞ്ഞു. എല്ലാ വാര്‍ഡിലും ഒരു അനിമേറ്ററിനെയും നിയോഗിച്ചിട്ടുണ്ട്. ശേഖരിച്ച മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി മനാലി, കൊടുങ്കയൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സിനേററ്റിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.