• HOME
 • »
 • NEWS
 • »
 • india
 • »
 • മോദി ചോദിച്ചതിനെക്കാൾ കൊടുത്ത ഗുജറാത്ത്; ബിജെപിയുടെ ചരിത്രവിജയത്തിനു പിന്നിൽ

മോദി ചോദിച്ചതിനെക്കാൾ കൊടുത്ത ഗുജറാത്ത്; ബിജെപിയുടെ ചരിത്രവിജയത്തിനു പിന്നിൽ

ഗുജറാത്തിലെ ബിജെപിയുടെ ചരിത്ര വിജയത്തിനു പിന്നിലെ പ്രധാനപ്പെട്ട അഞ്ചു കാരണങ്ങൾ ഏതൊക്കെയാണെന്നു നോക്കാം

 • Share this:

  ഗുജറാത്തിലെ തെരഞ്ഞെടുപ്പു ഗോദയിൽ വീണ്ടും സമഗ്രാധിപത്യം സ്ഥാപിച്ചിരിക്കുകയാണ് ബിജെപി. ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപി തൂത്തൂവാരിയിരിക്കുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഗുജറാത്തിലെ ബിജെപിയുടെ ചരിത്ര വിജയത്തിനു പിന്നിലെ പ്രധാനപ്പെട്ട അഞ്ചു കാരണങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.

  1 . മോദി മാജിക്

  അഹമ്മദാബാദിലും സൂറത്തിലുമായി 31 റാലികളും രണ്ട് പ്രധാന റോഡ് ഷോകളുമാണ് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്നത്. മോദിയുടെ സ്വന്തം സംസ്ഥാനത്ത് വിജയം ആവർത്തിക്കുക എന്നത് പാർട്ടിയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമായിരുന്നു. തെരഞ്ഞെടുപ്പു കരുക്കൾ നീക്കി ആഭ്യന്തരമന്ത്രി അമിത് ഷായും ഗുജറാത്തിൽ ഒരു മാസത്തോളം ക്യാമ്പ് ചെയ്തു.

  കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ മോദി നടത്തിയ 50 കിലോമീറ്റർ റോഡ്‌ഷോ, എക്കാലത്തെയും ദൈർഘ്യമേറിയതാണെന്നാണ് പാർട്ടി അവകാശപ്പെടുന്നത്. നാല് മണിക്കൂറിനുള്ളിൽ പത്തു ലക്ഷത്തിലധികം ആളുകൾ ഈ റാലിയിൽ പങ്കെടുത്തെന്ന് ബിജെപി പറയുന്നു.

  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ബിജെപി സ്ഥാപിച്ച എല്ലാ പോസ്റ്ററുകളിലും മോദിയുടെ ഫോട്ടോ ഉണ്ടായിരുന്നു.

  2 . പ്രശ്നം വഷളാകും മുൻപേ പ്രശ്ന പരിഹാരം

  2021 ൽ ഗുജറാത്ത് ബിജെപിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര ശുഭകരമായിരുന്നില്ല. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടായി. ഇതു മനസിലാക്കി സെപ്തംബർ 11 ന്, മുഖ്യമന്ത്രി വിജയ് രൂപാണിയെയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരെയും മാറ്റി പുതിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിയമിച്ചുകൊണ്ട് നരേന്ദ്ര മോദി എല്ലാവരെയും അമ്പരപ്പിച്ചു.

  Also Read- ഹോംഗ്രൗണ്ടിൽ മോദിയുടെ ഒറ്റയാൻ വിജയം; ഗുജറാത്തിൽ ഏഴാമൂഴവും ബിജെപി ഭരണത്തിൽ

  3. പാട്ടീദാർമാരുടെ ബിജെപിയിലേക്കുള്ള തിരിച്ചു വരവ്

  ഗുജറാത്തിലെ വോട്ടർമാരിൽ 13 ശതമാനം പാട്ടീദാർമാരാണ്. 2017-ൽ കോൺഗ്രസിലേക്കുള്ള അവരുടെ ചുവടുമാറ്റമാറ്റത്തിലൂടെ പാർട്ടിക്ക് 77 സീറ്റ് ലഭിക്കുകയും ബിജെപി 99 സീറ്റിലേക്ക് ചുരുങ്ങുകയും ചെയ്തിരുന്നു. 1995ൽ ബിജെപിയെ ഗുജറാത്തിൽ അധികാരത്തിലെത്തിക്കുന്നതിന് പ്രധാന പങ്കു വഹിച്ചത് ഇവരാണ്. അതിനു മുൻപ് പതിറ്റാണ്ടുകളായി പാട്ടീദാർമാർ കോൺഗ്രസിനാണ് വോട്ടു ചെയ്തിരുന്നത്. എന്നാൽ 2015ലെ സംവരണ പ്രക്ഷോഭത്തിനിടെ 14 പാട്ടീദാർമാർ കൊല്ലപ്പെടുകയും സമുദായം ബിജെപിക്കെതിരെ തിരിയുകയും ചെയ്തു. ബിജെപിക്കെതിരായ പാട്ടീദാർ പ്രക്ഷോഭത്തിന്റെ മുഖമായി ഹാർദിക് പട്ടേൽ മാറി. എന്നാൽ 2022ൽ കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു. ഹാർദിക് പട്ടേൽ ബിജെപിയിൽ ചേർന്നു. പാട്ടിദാർമാരും ബിജെപിയിലേക്ക് തിരിച്ചെത്തി.

  4 . കോൺഗ്രസിന്റെ നിശബ്ദ  പ്രചാരണം

  2017-ൽ രാഹുൽ ഗാന്ധി ഗുജറാത്തിൽ ഒരു മാസത്തിലേറെ പ്രചാരണം നടത്തുകയും സംസ്ഥാനത്തുടനീളം റാലി നടത്തുകയും ചെയ്തിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി, ഇത്തവണ പാർട്ടിയുടെ പ്രചാരണം നിറം മങ്ങിയതായിരുന്നു. തെരഞ്ഞെടുപ്പു പോരാട്ടത്തിന് മുൻപേ തന്നെ കോൺഗ്രസ് പരാജയം സമ്മതിച്ചതു പോലെയായിരുന്നു കാര്യങ്ങളെന്ന് ന്യൂസ് 18 നോട് സംസാരിച്ച ചില വോട്ടർമാർ പറഞ്ഞു.

  5 . ആം ആദ്മി പാർട്ടി പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെച്ചില്ല

  തെരഞ്ഞെടുപ്പിനു മുൻപ് ആം ആദ്മി പാർട്ടി ധാരാളം ഹൈപ്പ് ഉണ്ടാക്കിയിരുന്നെങ്കിലും പതിറ്റാണ്ടുകളായി ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടം നടക്കുന്ന ഗുജറാത്തിൽ പാർട്ടിക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നാണ് തെരഞ്ഞെടുപ്പു ഫലങ്ങൾ തെളിയിക്കുന്നത്. ബിജെപിക്കോ കോൺഗ്രസിനോ ബദലായി സംസ്ഥാനത്തെ ജനങ്ങൾ ഇതുവരെ എഎപിയെ അംഗീകരിച്ചിട്ടില്ല.

  Published by:Rajesh V
  First published: