• HOME
 • »
 • NEWS
 • »
 • india
 • »
 • ഹോംഗ്രൗണ്ടിൽ മോദിയുടെ ഒറ്റയാൻ വിജയം; ഗുജറാത്തിൽ ഏഴാമൂഴവും ബിജെപി ഭരണത്തിൽ

ഹോംഗ്രൗണ്ടിൽ മോദിയുടെ ഒറ്റയാൻ വിജയം; ഗുജറാത്തിൽ ഏഴാമൂഴവും ബിജെപി ഭരണത്തിൽ

ഗുജറാത്ത് മോഡൽ വികസനം പൊള്ളത്തരമെന്ന് പറഞ്ഞാണ് കോൺഗ്രസ് വോട്ട് പിടിച്ചത്. എന്നാൽ, 27 വര്‍ഷമായി തുടരുന്ന ബിജെപി ഭരണത്തിനെതിരെ ഉണ്ടാകാനിടയുള്ള ഭരണവിരുദ്ധ വികാരം മുതലാക്കാന്‍ കോൺഗ്രസിന് സാധിച്ചില്ല. ആം ആദ്മിയുടെ കടന്നുവരവ് വീഴ്ചയുടെ ആഘാതം കൂട്ടി

 • Share this:

  അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം തട്ടകത്തിൽ എതിരാളികളെ അപ്രസക്തരാക്കി ബിജെപിക്ക് ഏഴാമൂഴം. 150 സീറ്റാണ് മോദി തന്നെ ഗുജറാത്തിലെ ജനങ്ങളോട് ചോദിച്ചതെങ്കിൽ അതിനെക്കാള്‍ സീറ്റുകൾ നൽകിയാണ് വോട്ടർമാർ അനുഗ്രഹവർഷം ചൊരിഞ്ഞത്. എക്സിറ്റ് പോളുകൾ ശരിവെയ്ക്കുന്ന പ്രകടനമാണ് ബിജെപി കാഴ്ചവെച്ചത്. ഈ മിന്നും വിജയം, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കും.

  2017ലെ തെരഞ്ഞെടുപ്പിൽ 99 സീറ്റുകളിലായിരുന്നു ബിജെപി ജയിച്ചത്. എന്നാൽ ഇപ്പോൾ ഒടുവിലത്തെ ലീഡ് നില അനുസരിച്ച് 155 മണ്ഡലങ്ങളിലാണ് ബിജെപി മുന്നിട്ടുനിൽക്കുന്നത്. കഴിഞ്ഞ തവണ 77 സീറ്റുണ്ടായിരുന്ന കോൺഗ്രസ് 18 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കന്നി അങ്കത്തിനിറങ്ങിയ ആം ആദ്മി പാർട്ടി 5 സീറ്റിലും മറ്റുള്ളവർ 4 സീറ്റിലും മുന്നിട്ടുനിൽക്കുന്നു.
  കേവല ഭൂരിപക്ഷത്തിന് 92 സീറ്റാണ് വേണ്ടത്. ആകെയുള്ള 182 നിയമസഭാ മണ്ഡലങ്ങളിൽ 89 എണ്ണത്തിൽ ആദ്യ ഘട്ടത്തിലും 93 എണ്ണത്തിൽ രണ്ടാം ഘട്ടത്തിലുമായിരുന്നു വോട്ടെടുപ്പ്.\

  Also Read- ഗുജറാത്തില്‍ 140 കടന്ന് ബിജെപി ലീഡ്; തൂക്കുപാലം ദുരന്തമുണ്ടായ മോര്‍ബിയിലും ബിജെപി മുന്നില്‍

  2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ട്രയൽ എന്ന നിലയിലാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനെ ബിജെപി സമീപിച്ചത്. പാർട്ടിയുടെ രണ്ട് സമുന്നതരായ നേതാക്കളുടെ (നരേന്ദ്ര മോദിയും അമിത് ഷായും) മണ്ണിൽ നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിൽ ഒരുതരിപോലും പിന്നോട്ടുപോകാൻ ബിജെപി പ്രവർത്തകർ ഒരുക്കമായിരുന്നില്ല. രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്തിൽ മോദിയും അമിത് ഷായും ബിജെപിക്കു വേണ്ടി പ്രചാരണം നയിച്ചു. അതിന്റെ നേട്ടവും ഫലത്തിൽ കണ്ടു.

  മറുവശത്ത് പുതിയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ദേശീയ നേതാക്കളെ ഇറക്കിയാണ് കോൺഗ്രസ് അങ്കത്തിനിറങ്ങിയത്. ആം ആദ്മി പാർട്ടിയാകട്ടെ, ഡൽഹി മുഖ്യമന്ത്രിയും ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെയും മുൻനിർത്തി തെര‍ഞ്ഞെടുപ്പ് രംഗം കൊഴുപ്പിച്ചു.

  ഗുജറാത്ത് മോഡൽ വികസനമായിരുന്നു ബിജെപി വോട്ടർമാർക്ക് മുന്നിൽ എടുത്തുകാട്ടിയത്. പ്രധാനമന്ത്രിയുടെ വ്യക്തി പ്രഭാവവും ജനസ്വാധീനവും വോട്ടായി മാറുമെന്ന ബിജെപിയുടെ വിശ്വാസം തെറ്റിയില്ല. 27 വർഷത്തെ ഭരണത്തോടു സ്വാഭാവികമായും ജനങ്ങൾക്കുണ്ടാകുന്ന എതിർപ്പ് മറികടക്കാൻ ഒട്ടേറെ വികസന പദ്ധതികളും പാർട്ടി മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു.

  Also Read- Gujarat-Himachal Pradesh Election Result LIVE: ഗുജറാത്തിൽ ബിജെപി തരംഗം; മാറിമറിഞ്ഞ് ഹിമാചലിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം

  ഗുജറാത്ത് മോഡൽ വികസനം പൊള്ളത്തരമെന്ന് പറഞ്ഞാണ് കോൺഗ്രസ് വോട്ട് പിടിച്ചത്. എന്നാൽ, 27 വര്‍ഷമായി തുടരുന്ന ബിജെപി ഭരണത്തിനെതിരെ ഉണ്ടാകാനിടയുള്ള ഭരണവിരുദ്ധ വികാരം മുതലാക്കാന്‍ കോൺഗ്രസിന് സാധിച്ചില്ല. ആം ആദ്മിയുടെ കടന്നുവരവ് വീഴ്ചയുടെ ആഘാതം കൂട്ടി. കഴിഞ്ഞ ആറ് തവണയും ശരാശരി 40 ശതമാനത്തിനടുത്ത് വോട്ട് വിഹിതം കോണ്‍ഗ്രസിനുണ്ടായിരുന്നു. ബിജെപി വോട്ടുബാങ്ക് സുരക്ഷിതമായി നിലനിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് വോട്ടുകള്‍ എഎപിയിലേക്ക് ഒഴുകി.

  2017ൽ പട്ടേല്‍ സംവരണ പ്രക്ഷോഭവും ഹാര്‍ദിക് പട്ടേല്‍- ജിഗ്നേഷ് മേവാനി- അല്‍പേഷ് ഠാക്കൂര്‍ ത്രയത്തിന്റെ പ്രഭാവവും വോട്ടാക്കിമാറ്റിയപ്പോള്‍, ഇത്തവണ കുറിക്കുകൊള്ളുന്ന  പ്രചാരണതന്ത്രം പോലുമില്ലാതെയായിരുന്നു കോണ്‍ഗ്രസ് പോരിനിറങ്ങിയത്. ഗ്രാമങ്ങളില്‍ നില ഭദ്രമാണെന്നും നഗരങ്ങളില്‍ ബിജെപിയുടെ വോട്ടാണ് എഎപി പിടിക്കുക എന്നുമായിരുന്നു കോണ്‍ഗ്രസിന്റെ അവകാശവാദം. എന്നാല്‍, തുടര്‍ച്ചയായി കോണ്‍ഗ്രസിന് സ്വന്തമായിരുന്ന 40 ശതമാനത്തോളം വോട്ടിലേക്കാണ് എഎപി കടന്നുകയറിയിരിക്കുന്നത് എന്നാണ് പ്രാഥമിക കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

  2017ൽ നാൽപതോളം റാലികളും ക്ഷേത്ര സന്ദർശനവും സംസ്ഥാനത്തുടനീളം യാത്രകളുമായി രാഹുല്‍ ഗാന്ധി ഗുജറാത്ത് പ്രചാരണത്തില്‍ സജീവമായിരുന്നു. എന്നാൽ ഇത്തവണ ഭാരത് ജോഡോ യാത്ര ചൂണ്ടിക്കാട്ടി രാഹുല്‍ വെറും രണ്ട് റാലികളിലാണ് പങ്കെടുത്തത്. ആദിവാസി വിഭാഗത്തിന് ഭൂരിപക്ഷമുള്ള മേഖലയിലായിരുന്നു രാഹുലിന്റെ പ്രചാരണമെന്നതും ശ്രദ്ധേയമായിരുന്നു. രാഹുലിന്റെ അഭാവത്തിന് പുറമേ, ഹിമാചലില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയ പ്രിയങ്ക ഗുജറാത്തില്‍ പ്രചാരണത്തിന് എത്താതിരുന്നതും സംസ്ഥാനത്തെ തന്നെ നേതൃത്വ പ്രതിസന്ധിയും കോണ്‍ഗ്രസിന് തിരിച്ചടിയായി.

  Published by:Rajesh V
  First published: