വളരെ വിശാലവും വ്യത്യസ്‌തവുമായ ഭൂപ്രദേശങ്ങൾ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. ആ വൈവിധ്യം തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകതയും. എന്നാൽ കോവിഡ് കാലത്ത് ഇതൊരു വെല്ലുവിളിയായി മാറി. വിദൂര ഗ്രാമങ്ങളിലെ ഒരു വലിയ ജനവിഭാഗത്തിലേയ്ക്ക് എങ്ങനെ വാക്‌സിൻ എത്തിക്കാം എന്നതായിരുന്നു അത്.
കോവിഡ് വാക്സിൻ വികസന രംഗത്ത് ഇന്ത്യയുടെ സംഭാവനകളെക്കുറിച്ച് പ്രതിപാദിക്കുന്ന ‘The Vial – India’s Vaccine Story’ എന്ന ടിവി18ന്റെ പുതിയ ഡോക്യുമെന്ററിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കോവിഡ് വാക്സിൻ യാത്രയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. “രാജ്യത്തുടനീളം വിമാനങ്ങൾ രാവും പകലും വാക്സിനുകളും വഹിച്ച് പറന്നു. അതിന് വളരെയധികം പരിശ്രമം വേണ്ടിവന്നു. സർക്കാരിന്റെ മറ്റ് പല ജോലികളും ഞങ്ങൾ നിർത്തിവച്ചു ”അദ്ദേഹം ഡോക്യുമെന്ററിയിൽ പറഞ്ഞു.
ഇന്ന് രാത്രി 8 മണിക്ക് സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത് നടനും കഥാകൃത്തുമായ മനോജ് ബാജ്‌പേയിയാണ്. ഡോക്യുമെന്ററിയിൽ എങ്ങനെയാണ് വാക്സിനുകൾ മിസോറാമിലെ ഒരു ചെറിയ ഗ്രാമത്തിൽ എത്തിയതെന്നും വിശദീകരിക്കുന്നുണ്ട്.
നൻസൂരിയെന്നാണ് ആ ഗ്രാമത്തിന്റെ പേര്. വാക്സിൻ നിർമ്മിക്കുന്ന പൂനെയിൽ നിന്ന് നൻസൂറിയിൽ ഏത്താൻ 1500 കിലോമീറ്റർ യാത്ര ചെയ്യണം. ആദ്യം കൊൽക്കത്തയിലെ പ്രാദേശിക വാക്സിൻ സംഭരണ കേന്ദ്രത്തിലേക്ക് വാക്സിനുകൾ എത്തിച്ചു. അവിടെ നിന്ന് ഐസ്വാളിലേക്ക്, പിന്നീട ട്രക്കിൽ ലുങ്‌ലെയിലേക്കും അവിടെ നിന്ന് കാറിൽ ത്ലാബുങ്ങിലേക്കും പിന്നീട് ഒരു ബോട്ടിൽ നൻസൂരിയിലേക്കും യാത്ര തുടർന്നു. എന്നാൽ വെല്ലുവിളി അവിടെയും അവസാനിച്ചില്ല. ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞത്തിന്റെ വിജയത്തിന് ഒരു ഗ്രാമവാസിയ്ക്ക് പോലും വാക്സിൻ കിട്ടാതിരിക്കരുത് എന്ന് നിർബന്ധമുണ്ടായിരുന്നു. അതിന് വേണ്ടി ആരോഗ്യപ്രവർത്തകരും വാക്സിനേറ്റർമാരും കാൽനടയായി നൻസൂരിയിലാകെ സഞ്ചരിച്ചു.
രാജ്യത്ത് നിന്ന് വൈറസിനെ തുടച്ചുനീക്കണം എന്നുള്ള നിശ്ചയദാർഢ്യം സാങ്കേതികവിദ്യയെ കൂടെ കൂട്ടിയിണക്കി സമർത്ഥമായി നടപ്പാക്കാൻ നമുക്ക് കഴിഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ നാഗാലാൻഡിന്റെയും മണിപ്പൂരിന്റെയും ഉൾപ്രദേശങ്ങളിൽ വാക്സിനുകൾ എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാൻ തീരുമാനിച്ചു.
“ഡ്രോണുകളിൽ ഈ വാക്സിനുകൾ ഉൾഗ്രാമങ്ങളിൽ എത്തിക്കാൻ കഴിഞ്ഞാൽ ഇന്ത്യയുടെ ഏത് ഭാഗത്തും എത്തിക്കാം എന്നതായിരുന്നു അന്നത്തെ മുദ്രാവാക്യം.” ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐസിഎംആർ) ശാസ്ത്രജ്ഞനായ ഡോ. സുമിത് അഗർവാൾ പറയുന്നു. ലോകമെമ്പാടും പ്രശംസിക്കപ്പെടുന്ന ഇന്ത്യയുടെ വാക്സിനേഷൻ വിജയത്തിന് പിന്നിൽ മുൻനിര ആരോഗ്യപ്രവർത്തകരും ശാസ്ത്രജ്ഞരും ഒപ്പം മനുഷ്യരാശിയെ രക്ഷിക്കാനുള്ള രാജ്യത്തിൻറെയൊട്ടാകെ ആഗ്രഹവുമാണ്.
രാജ്യത്ത് കോവിഡ് -19 വാക്‌സിൻ നിർമ്മിക്കുന്നതിന് വേണ്ടി നടത്തിയ പോരാട്ടത്തിന്റെ കഥ അത്യന്തം ആവേശകരമാണ്. അഭൂതപൂർവമായ സമയക്രമത്തിൽ വാക്‌സിൻ വികസിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും രാജ്യം നേടിയ വിജയം അത് വെളിപ്പെടുത്തുന്നതാണ്. കോവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി വിശദമായി സംസാരിക്കുന്നത് ഈ 60 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിലാണ്.
ഇന്ന് ഇന്ത്യയിലെ 130 കോടി ജനങ്ങളിൽ ഭൂരിഭാഗത്തിനും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. രാജ്യത്തെ വൈവിധ്യം കണക്കിലെടുക്കുമ്പോൾ ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടാതെ ഇന്ത്യയുടെ ‘വാക്സിൻ മൈത്രി’ പദ്ധതി വഴി 100 രാജ്യങ്ങളിലായി 232.43 മില്യൺ ഡോസ് കോവിഡ് -19 വാക്സിൻ എത്തിക്കാനും കഴിഞ്ഞു. ഇത് ലോകത്തിന് തന്നെ മാതൃകയായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Covid 19 Vaccine India, Covid vaccine, Documentary, News18