പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം കോവിഡ് -19 ഒരിക്കലും ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ലോകത്തിന്റെ നട്ടെല്ല് തകർത്ത മഹാമാരിയെക്കുറിച്ചുള്ള തന്റെ ആദ്യത്തെ വിശദമായ വിലയിരുത്തൽ പങ്കുവെയ്ക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘The Vial – India’s Vaccine Story’ എന്ന പേരിലൊരുക്കിയ ന്യൂസ് 18 ഡോക്യുമെന്ററിയിലൂടെയാണ് രാജ്യത്തിന്റെ കോവിഡ് -19 യാത്രയെക്കുറിച്ച് മോദി പറയുന്നത്.
“ഇന്ന് രാജ്യം പരസ്പരബന്ധിതവും പരസ്പരാശ്രിതവുമാണ്. അതുകൊണ്ട് തന്നെ മഹാമാരി ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ മാത്രമായി ഒതുങ്ങുമെന്നും അത് ഒരിക്കലും ഇന്ത്യയെ ബാധിക്കില്ലെന്നും കരുതുന്നത് വിഡ്ഢിത്തമാകുമെന്നായിരുന്നു എന്റെ മനസ്സിലെ ആദ്യ ചിന്ത,” പ്രധാനമന്ത്രി പറഞ്ഞു.
വൈറസ് പടരുന്നത് തടയാൻ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള കടുത്ത തീരുമാനത്തെക്കുറിച്ചാണ് പിന്നീട് മോദി സംസാരിക്കുന്നത്. “പാൻഡെമിക്കിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗം സ്വയം രക്ഷിക്കുക എന്നതാണ്. ‘ജാൻ ഹേ തോ ജഹാൻ ഹേ’. ഇതിനെക്കുറിച്ച് ആളുകളെ ബോധവത്കരിക്കാൻ എനിക്ക് സാധിച്ചു. സാമ്പത്തിക പ്രതിസന്ധികൾ വരുമെന്നും വിതരണ ശൃംഖലയെ ബാധിക്കുമെന്നും രാജ്യത്തിന് അറിയാമായിരുന്നിട്ടും ജനങ്ങൾ കർഫ്യൂ പിന്തുടർന്നു. ഇന്ത്യയെപ്പോലെ ഒരു വലിയ രാജ്യം ഇത്രയും ദിവസത്തെ ലോക്ക്ഡൗൺ കൈകാര്യം ചെയ്തത് ലോകത്തിന് അത്ഭുതമാണ്. ലോകത്തിലെ മറ്റൊരു രാജ്യത്തിനും തങ്ങളുടെ പൗരന്മാരെ ആ ദിശയിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ല, ”പ്രധാനമന്ത്രി പറഞ്ഞു.
നടൻ മനോജ് ബാജ്‌പേയ് വിവരിച്ച 60 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിൽ കോവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി വിശദമായി സംസാരിക്കുന്നുണ്ട്. വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അഡാർ പൂനവാല, ഭാരത് ബയോടെക് ചെയർമാൻ ഡോ. കൃഷ്ണ എല്ല എന്നിവരുടെ അഭിമുഖങ്ങളും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.