• HOME
  • »
  • NEWS
  • »
  • india
  • »
  • 'ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്താം'; ലണ്ടനിൽ അമേരിക്കൻ സൈബർ വിദഗ്ധന്റെ പരസ്യപ്രകടനം

'ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്താം'; ലണ്ടനിൽ അമേരിക്കൻ സൈബർ വിദഗ്ധന്റെ പരസ്യപ്രകടനം

യൂറോപ്പിലെ ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷനാണ് വോട്ടിംഗ് യന്ത്രങ്ങളുടെ പോരായ്മ തുറന്നുകാട്ടുന്ന പ്രദർശനത്തിന് നേതൃത്വം കൊടുക്കുന്നത്

evm

evm

  • News18
  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ലോക്സഭാ തെര‍ഞ്ഞെടുപ്പിന് മൂന്നുമാസം മാത്രം ശേഷിക്കെ ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങളിൽ എങ്ങനെ കൃത്രിമം നടത്താമെന്ന് തെളിയിക്കാന്‍ പരസ്യപ്രകടനവുമായി അമേരിക്കന്‍ സൈബര്‍ വിദഗ്ധന്‍. യൂറോപ്പിലെ ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷനാണ് വോട്ടിംഗ് യന്ത്രങ്ങളുടെ പോരായ്മ തുറന്നുകാട്ടുന്ന പ്രദർശനത്തിന് നേതൃത്വം കൊടുക്കുന്നത്. ഇന്ത്യയില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ നിര്‍മാണത്തില്‍ പങ്കാളിയായ ഒരാളാണ് ഈ വിദഗ്ധന്‍ എന്നാണ് ജേണലിസ്റ്റ് അസോസിയേഷന്‍ അവകാശപ്പെടുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താനാവില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു പ്രദർശനം.

    ലണ്ടനിൽ നടത്തിയ പത്രസമ്മേളനത്തിൽ അജ്ഞാതനായ അമേരിക്കൻ സൈബർ വിദഗ്ധനാണ് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങളിൽ ക്രിത്രിമം നടന്നതായും ഹാക്കർ അവകാശപ്പെട്ടു. ബ്രിട്ടനിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരാണ് ഹാക്കർക്ക് പറയാനുള്ളത് വെളിപ്പെടുത്താൻ പത്രസമ്മേളന വേദി ഒരുക്കിയത്. മുഖം മറച്ചു പ്രത്യക്ഷപ്പെട്ട അമേരിക്കൻ ഹാക്കറുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ. ഇന്ത്യയിൽ ഉപയോഗിയ്ക്കുന്ന വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം സാധ്യമാണ്. എത്രയൊക്കെ സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും നിഷേധിച്ചാലും ശരി യന്ത്രത്തിൽ കൃത്രിമം സാധ്യമാണ്‌. ഇത് ശാസ്ത്രീയമായി തെളിയിക്കാൻ കഴിയും. വോട്ടിംഗ് യന്ത്രത്തിൽ പ്രത്യേക ചിപ്പ് ഘടിപ്പിച്ചാൽ കൃത്രിമം സാധ്യമാണ്.

    കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ് അടക്കം ഇന്ത്യയിൽ പല തെരഞ്ഞെടുപ്പുകളിലും ഇ വി എം കൃത്രിമം നടന്നിട്ടുണ്ട്. പല രാഷ്ട്രീയ പാർട്ടികളും ഹാക്കിങ്ങിനായി തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹാക്കർ വെളിപ്പെടുത്തി. സമാജ്‌വാദി പാർട്ടിയും ബിഎസ് പിയും ഹാക്കിങ് സഹായം തേടി തന്നെ സമീപിച്ചിരുന്നു. ഉത്തർപ്രദേശ്, ഗുജറാത്ത് അടക്കം നിരവധി നിയമസഭാ തെരഞ്ഞെടുപ്പുകളിലും കൃത്രിമം നടന്നു. മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ വി എസ് സമ്പത്തിനു ഇക്കാര്യം അറിയാം. 2014 ഇൽ അപകടത്തിൽ മരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ഡെയ്ക്കും ഇതറിയാം. സത്യങ്ങൾ തുറന്നു പറയാൻ ഒരുങ്ങുമ്പോഴാണ് ഗോപിനാഥ് മുണ്ടെ അപകടത്തിൽ മരിച്ചത്.

    ഹാക്കറുടെ ഈ വിവാദ വാർത്താ സമ്മേളനത്തിൽ കോൺഗസ് നേതാവ് കപിൽ സിബൽ കാഴ്ചക്കാരനായി എത്തിയിരുന്നു. ഇത് രാഷ്ട്രീയ വിവാദത്തിനു കാരണമായിട്ടുണ്ട്. ഫാറൂഖ് അബ്ദുള്ളയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ വോട്ടിങ് യന്ത്രത്തെക്കുറിച്ചു പരസ്യ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഹാക്കറുടെ വെളിപ്പെടുത്തലുകൾ.

    എന്നാൽ ഇത്തരമൊരു പ്രദർശനത്തെ പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 'ഇത്തരമൊരു പ്രദർശനം നടക്കുന്നത് സംബന്ധിച്ച് കമ്മീഷന് അറിയില്ല. തെര‍ഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാണിക്കാനാകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു' - തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ വ്യക്തമാക്കി.

    മാർച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇതിനിടെയാണ് വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത്. സമീപകാല തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് യന്ത്രങ്ങളിൽ വ്യാപകമായി ക്രമക്കേട് നടത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു. കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപണവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്താമെന്ന് തെളിയിക്കുന്ന കാര്യത്തിൽ ആരും വിജയിച്ചിരുന്നില്ല.

    2004ലാണ് ഇന്ത്യ ബാലറ്റ് പേപ്പറിന് പകരം വോട്ടിംഗ് യന്ത്രത്തിലേക്ക് ചുവടുമാറ്റിയത്. 2017ൽ ഡൽഹിയിൽ ആം ആദ്മി പാർട്ടി വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാട്ടാനാകുമെന്ന അവകാശവാദവുമായി തത്സമയ പ്രദർശനം നടത്തിയിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായി എങ്ങനെ യന്ത്രത്തിൽ തിരിമറി നടത്താമെന്നായിരുന്നു പ്രദർശനം. എന്നാൽ 2017 ജൂണിൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാണിക്കാമെന്ന് തെളിയിക്കാൻ രാഷ്ട്രീയ കക്ഷികളെ തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ഷണിച്ചിരുന്നു. എൻസിപിയും സിപിഎമ്മും ആദ്യം മുന്നോട്ടുവന്നെങ്കിലും പിന്നീട് അവരും ഇതിൽ പങ്കെടുത്തില്ല. ആരോപണം ഉയർന്ന സാഹചര്യത്തിൽ വോട്ടിംഗ് യന്ത്രത്തിനൊപ്പം വിവിപാറ്റ് യന്ത്രം തെരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ആർക്കാണ് താൻ വോട്ട് ചെയ്തതെന്ന് വോട്ടർക്ക് കാണാൻ സാധിക്കുന്ന സംവിധാനമാണിത്.

    കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി സംഘടിപ്പിച്ച പ്രതിപക്ഷ കക്ഷികളുടെ മെഗാറാലിക്ക് പിന്നാലെ വോട്ടിംഗ് യന്ത്രത്തിന്റെ പ്രവർത്തനം പരിശോധിക്കാൻ നാലംഗ സമിതി രൂപീകരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്വി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് സതീഷ് ചന്ദ്രമിശ്ര, ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ എന്നിവരാണ് സമിതി അംഗങ്ങൾ.

    First published: