ഏപ്രിൽ ആറിന് നടന്ന തെരഞ്ഞെടുപ്പിൽ 234 അംഗ നിയമസഭയിൽ 159 സീറ്റുകൾ നേടിയാണ് ഡി.എം.കെ സഖ്യം അധികാരത്തിലെത്തിയത്. ഡിഎംകെയ്ക്കുമാത്രം 133 സീറ്റുകളാണ് ലഭിച്ചത്. ഇതിൽ എംഡിഎംകെയുടെ 4 പേരും എംഎംകെയുടെ രണ്ടും ടിവികെ, കെഎൻഎംകെ പാർട്ടികളുടെ ഓരോരുത്തരും ഡിഎംകെയും ചിഹ്നമായ ഉദയസൂര്യനിലാണ് ജയിച്ചുകയറിയത്. ഇത് ആറാം തവണയാണ് ഡി.എം.കെ തമിഴ്നാട്ടിൽ അധികാരത്തിലെത്തിയത്.
സ്റ്റാലിന്റെ മകനും ആദ്യമായി എംഎൽഎയുമായ ഉദയനിധിയും സ്റ്റാലിന്റെ സഹോദരൻ എം.കെ. അഴഗിരിയുടെ മകൻ ദയാനിധിയും മകൾ കയൽവിഴിയും പങ്കെടുത്തു. സഹോദരന് ആശംസകൾ നൽകി അഴഗിരി വ്യാഴാഴ്ച വൈകുന്നേരം സന്ദേശം അയച്ചിരുന്നു.
സഖ്യകക്ഷി നേതാക്കളായ തമിഴ്നാട് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. അളഗിരി, എംഡിഎംകെ മേധാവി വൈകോ, വിസികെ അധ്യക്ഷൻ തോൽ തിരുമാവലവൻ, സിപിഎം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരാശൻ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. മുൻ ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം മുൻ സ്പീക്കർ പി.ധനപാൽ എന്നിവർ എഐഎഡിഎംകെയ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു. പിഎംകെ പ്രതിനിധിയായി അധ്യക്ഷൻ ജി.കെ. മണിയും പങ്കെടുത്തിരുന്നു. ബിജെപിക്കായി എൽ. ഗണേശൻ എംപിയും നടനും എംഎൻഎം അധ്യക്ഷനുമായ കമൽ ഹാസനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും സന്നിഹിതരായിരുന്നു