ശ്രീലങ്കക്ക് സാമ്പത്തിക പ്രതിസന്ധിയിൽ കൈത്താങ്ങായി ഇന്ത്യ; കൂടുതൽ നിക്ഷേപം നടത്തുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ശ്രീലങ്കയ്ക്ക് ഇന്ത്യ കഴിഞ്ഞ വർഷം 4 ബില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം നൽകിയിരുന്നു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്നന്ന ശ്രീലങ്കയ്ക്ക് കൈത്താങ്ങായി ഇന്ത്യ. ശ്രീലങ്കൻ പര്യടനത്തിലിരിക്കുന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് രാജ്യച്ചെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നിക്ഷേപ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഉറപ്പിന്മേൽ അന്താരാഷ്ട്ര നാണയ നിധി ശ്രീലങ്കയ്ക്ക് വലിയ ആശ്വാസ പാക്കേജ് നൽകുന്നുണ്ട്. ശ്രീലങ്കയുടെ മുന്നോട്ടുള്ള വികസന പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും ഐഎംഎഫ് പ്രഖ്യാപിച്ച പദ്ധതികൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള എല്ലാ വിധ സഹായങ്ങളും ഇന്ത്യയുടെ പക്ഷത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ശ്രീലങ്കയ്ക്ക് ഇന്ത്യ കഴിഞ്ഞ വർഷം 4 ബില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം നൽകിയിരുന്നു. രാജ്യത്തെ വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനായി ശ്രീലങ്കയുടെ വിവിധ മേഖലകളിൽ നിക്ഷേപം നടത്താൻ തങ്ങൾ തയ്യാറാണെന്നും ജയശങ്കർ പറഞ്ഞു. ശ്രീലങ്കയുടെ വിദേശകാര്യമന്ത്രി അലി സബ്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീലങ്കയിലെ തമിഴ് ജനതയുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
”ശ്രീലങ്കയുടെ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാൻ സഹായിച്ച ഏക രാജ്യമാണ് ഇന്ത്യ. രാഷ്ട്രീയ വികേന്ദ്രീകരണത്തെക്കുറിച്ചും അതേപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ചിന്തകളെപ്പറ്റിയും രാഷ്ട്രപതി എന്നോട് സംസാരിച്ചിരുന്നു. ഇന്ത്യൻ വംശജരായ തമിഴ് ജനതയുടെ ആവശ്യങ്ങൾ കൂടി പരിഗണിക്കണമെന്നും അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്”, ജയശങ്കർ പറഞ്ഞു.
ഉഭയകക്ഷി ചർച്ചകൾക്കായാണ് എസ് ജയശങ്കർ ശ്രീലങ്കയിലെത്തിയത്. ഇക്കഴിഞ്ഞ ജനുവരി 19 മുതൽ 20 വരെയായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. സന്ദർശനത്തിൽ ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ പ്രധാനമന്ത്രി ദിനേഷ് ഗുണവർധനയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഏത് സമയത്തും ശ്രീലങ്കയ്ക്ക് ഇന്ത്യയിലെ ജനങ്ങളുടെയും സർക്കാരിന്റെയും പരിപൂർണ്ണ പിന്തുണയുണ്ടായിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു.
advertisement
ശ്രീലങ്കൻ സന്ദർശനവേളയിൽ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയും ജയശങ്കറും ചേർന്ന് കാൻഡ്യൻ ഡാൻസിങ് അക്കാദമിയുടെ കെട്ടിടം ഉദ്ഘാടനം ചെയ്തു. 2017ൽ തന്റെ ശ്രീലങ്കാ സന്ദർശന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പണിപൂർത്തിയായ 350ലധികം വീടുകളുടെ ഉദ്ഘാടനവും ഇരുവരും നിർവ്വഹിച്ചിരുന്നു.
advertisement
ജാഫ്‌ന-കൊളംബോ വിമാനങ്ങൾ പുനാരാംഭിച്ച നടപടിയേയും ജയശങ്കർ അഭിനന്ദിച്ചു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള ഫെറി സർവ്വീസുകൾ എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കുമെന്നും പറഞ്ഞു. ശ്രീലങ്കയിലേക്കുള്ള വിനോദസഞ്ചാരികളുടെ കേന്ദ്രമാണ് ഇന്ത്യയെന്നും ശ്രീലങ്കയുടെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സാണ് ഇന്ത്യൻ വിനോദസഞ്ചാരികളെന്നും അദ്ദേഹം പറഞ്ഞു. അവ സുസ്ഥിരമാക്കാൻ ചില നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും അതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വിനിമയ മാർഗ്ഗങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ വിനോദസഞ്ചാര മേഖല കൂടുതൽ നവീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം എന്ന മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത് ഇരു രാജ്യങ്ങൾക്കും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ചർച്ചകൾക്കായി ശ്രീലങ്കയുടെ പ്രസിഡന്റിനെ ഇന്ത്യയിലേക്ക് അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 21, 2023 12:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ശ്രീലങ്കക്ക് സാമ്പത്തിക പ്രതിസന്ധിയിൽ കൈത്താങ്ങായി ഇന്ത്യ; കൂടുതൽ നിക്ഷേപം നടത്തുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍