ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ F16 വിമാനങ്ങൾ ഉപയോഗിച്ചില്ലെന്ന പാകിസ്താന്റെ വാദങ്ങളെ പൂർണമായും തള്ളുന്നതാണ് കഴിഞ്ഞ ദിവസം ഇന്ത്യ പുറത്തുവിട്ട തെളിവുകൾ. F16 വിമാനത്തിൽ നിന്ന് മാത്രം തൊടുക്കാവുന്ന അംരാം (അഡ്വാൻസ്ഡ് മീഡിയം റേഞ്ച് എയര്‍ ടു എയർ മിസൈൽ) മിസൈലിന്റെ അവശിഷ്ടങ്ങളാണ് ഇന്ത്യ പുറത്തുവിട്ടത്. 'പാകിസ്താൻ എത്ര മറയ്ക്കാൻ ശ്രമിച്ചാലും F16 വിമാനങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിച്ചുവെന്നതിന് തങ്ങളുടെ കൈവശം ശക്തമായ തെളിവുകളുണ്ട്. രജൗരിയിലെ കിഴക്ക് ഭാഗത്ത് ഇന്ത്യൻ അതിർക്കുള്ളിൽ നിന്നാണ് മിസൈലുകളുടെ അവശിഷ്ടം ലഭിച്ചത്'- എയർവൈസ് മാർഷൽ ആർജെകെ കപൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അവശിഷ്ടങ്ങളും സീരിയൽ നമ്പറുമടക്കം പ്രദർശിപ്പിക്കുകയും ചെയ്തു.
ഇന്ത്യ പുറത്തുവിട്ട ഈ തെളിവുകൾ ഏറെ നിർണായകമാണ്. കടന്നാക്രമണങ്ങൾക്ക് ഇവ ഉപയോഗിക്കാൻ പാടില്ലെന്ന ഉപാധിയോടെയാണ് പാകിസ്താന് അമേരിക്ക F16 വിമാനങ്ങൾ കൈമാറിയിരുന്നത്. AIM 120 അംരാം മിസൈലുകൾ അമേരിക്കൻ കമ്പനിയായ റായ്തിയോൺ ആണ് നിർമിക്കുന്നത്. തായ് വാൻ, ഫിൻലാൻഡ്, യുഎഇ, തുർക്കി, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾക്ക് ഇവ വിൽപന നടത്തിയിട്ടുമുണ്ട്. F16 വിമാനങ്ങളിൽ നിന്ന് മാത്രമേ ഇവ ഉപയോഗിക്കാൻ കഴിയൂവെന്നതാണ് പ്രത്യേകത. ഇന്ത്യ കഴിഞ്ഞ ദിവസം ഹാജരാക്കിയയത് AIM -120 C-5 അംരാം മിസൈലുകളുടെ ഭാഗമാണ്. മിസൈലിന്റെ കോൺട്രാക്ട് നമ്പർ FA8675-05-C-0070 ഉം സീരിയൽ നമ്പർ CC12947 ഉം ആണ്.
2016ൽ F16 വിമാനങ്ങൾ പാകിസ്താന് കൈമാറുന്നതിനെതിരെ ഇന്ത്യ പ്രതിഷേധം ഉയർത്തിയിരുന്നു. അമേരിക്കൻ കോൺഗ്രസിൽ ഈ ഇടപാട് പാസായിരുന്നില്ല. അതുകൊണ്ടുതന്നെ കരാർ നിലനിൽക്കുന്നതുമല്ല. 2006ലാണ് 500 അംരാം മിസൈലുകൾ 296.6 മില്യൺ ഡോളറിന് പാകിസ്താൻ ഓർഡർ നൽകിയത്. 2010 ജൂലൈ 26ന് ആദ്യ ബാച്ച് മിസൈലുകൾ പാകിസ്താന് ലഭിച്ചു. രാത്രിയോ പകലോ വ്യത്യാസമില്ലാതെ, കാഴ്ചക്ക് അപ്പുറത്തുള്ള ശത്രുരാജ്യത്തിന്റെ വിമാനത്തെ ലക്ഷ്യമിടാൻ കഴിവുള്ളതാണ് അംരാം മിസൈലുകൾ. 1970ലാണ് 70 F16 വിമാനങ്ങൾ വാങ്ങാൻ പാകിസ്താൻ അമേരിക്കയുമായി കരാരിലേർപ്പെട്ടത്. 1990ൽ അമേരിക്കൻ കോൺഗ്രസ് തടയിടുന്നതിന് മുൻപ് 40 വിമാനങ്ങൾ പാകിസ്താന് ലഭിച്ചു. പാകിസ്താൻ രഹസ്യമായി ആണവായുധം നിർമിക്കുന്നുവെന്ന് കണ്ടതിനെ തുടർന്നാണ് വിമാനം നൽകുന്നത് നിർത്തിവയ്ക്കാൻ അമേരിക്കൻ കോൺഗ്രസ് തീരുമാനിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.