ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി; ക്രൂ ഡ്യൂട്ടി ചട്ടത്തില്‍ താല്‍ക്കാലിക ഇളവ് നല്‍കി ഡിജിസിഎ
- Published by:Sneha Reghu
- news18-malayalam
Last Updated:
പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് ഡല്‍ഹി വിമാനത്താവളത്തെയാണ്
ഇന്‍ഡിഗോയുടെ വിമാന സര്‍വീസ് പ്രതിസന്ധി രാജ്യവ്യാപകമായി വ്യോമയാന ഗതാഗതത്തെ ബാധിച്ച സാഹചര്യത്തില്‍ പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടങ്ങളില്‍ താല്‍ക്കാലിക ഇളവ് നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കപ്പെടുകയും വിമാനങ്ങള്‍ വൈകുകയും ചെയ്ത സാഹചര്യത്തിലാണ് ഡിജിസിഎ താല്‍ക്കാലിക ആശ്വാസം പ്രഖ്യാപിച്ചത്.
പുതിയ ചട്ടം അനുസരിച്ച് പൈലറ്റുമാരുടെയും ക്രൂ അംഗങ്ങളുടെയും ജോലി സമയം ക്രമീകരിക്കുന്നതിലെ പ്രശ്‌നങ്ങളാണ് ഇന്‍ഡിഗോയ്ക്ക് വിനയായത്. പൈലറ്റുമാരുടെ അവധിയെ നിര്‍ബന്ധിത പ്രതിവാര വിശ്രമമായി കാണരുതെന്ന വ്യവസ്ഥയാണ് ഡിജിസിഎ നടപ്പാക്കിയിരുന്നത്. പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമം ഉറപ്പാക്കാനായി ഏര്‍പ്പെടുത്തിയതാണിത്. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. ജീവനക്കാരുടെ ജോലി സമയം സങ്കീര്‍ണമാക്കിയ പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടങ്ങള്‍ താല്‍ക്കാലികമായി പിന്‍വലിക്കുകയാണെന്ന് ഡിജിസിഎ ഉത്തരവിറക്കി.
മൂന്ന് ദിവസമായി തുടരുന്ന പ്രതിസന്ധിക്കിടെ ആയിരകണക്കിന് സര്‍വീസുകളാണ് ഇതോടെ ഇൻഡിഗോയ്ക്ക് റദ്ദാക്കേണ്ടി വന്നത്. വിമാനങ്ങള്‍ വ്യാപകമായി വൈകുന്നതിനും ഇത് കാരണമായി. വെള്ളിയാഴ്ച മാത്രം 700 ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്. ഇത് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു.
advertisement
പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് ഡല്‍ഹി വിമാനത്താവളത്തെയാണ്. വെള്ളിയാഴ്ച മാത്രം ഷെഡ്യൂള്‍ ചെയ്ത 235 വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ഇന്‍ഡിഗോ സര്‍വീസ് നടത്താന്‍ പ്രതിസന്ധി നേരിട്ടതോടെ ആയിരകണക്കിന് യാത്രക്കാരും ബുദ്ധിമുട്ടിലായി.
പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും സ്ഥിരതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ചട്ടങ്ങള്‍ നിലവില്‍ വന്നപ്പോള്‍ നേരിട്ട പ്രതിസന്ധിയെ കുറിച്ചും വിമാനക്കമ്പനികള്‍ നല്‍കിയ വിവരങ്ങള്‍ കണക്കിലെടുത്ത് താല്‍ക്കാലിക ഇളവ് നല്‍കുകയാണെന്ന് ഡിജിസിഎ പറഞ്ഞു. പൈലറ്റുമാരുടെയും ജീവനക്കാരുടെയും ക്ഷാമം കാരണമുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഈ ഇളവ് സഹായകമാകും.
advertisement
പ്രതിസന്ധി രൂക്ഷമായി ബാധിച്ച ഇന്‍ഡിഗോയ്ക്ക് രാത്രി ഡ്യൂട്ടി നിയന്ത്രണങ്ങളിൽ വ്യവസ്ഥകളോടെ ഒറ്റത്തവണ ഇളവ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടപ്രകാരം പൈലറ്റുമാരുടെ രാത്രി ലാന്‍ഡിംഗ് ആറെണ്ണമായിരുന്നത് രണ്ടെണ്ണമായി കുറച്ചിരുന്നു. എന്നാല്‍ നിലവിലെ സര്‍വീസ് പ്രതിസന്ധി കണക്കിലെടുത്ത് ഇന്‍ഡിഗോ പൈലറ്റുമാര്‍ക്ക് രാത്രി ലാന്‍ഡിംഗ് ആറെണ്ണം വരെ നടത്താന്‍ ഇപ്പോള്‍ അനുമതി നല്‍കിയിട്ടുണ്ട്.
പൈലറ്റുമാരുടെ തുടര്‍ച്ചയായ രാത്രി ഡ്യൂട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും ഡിജിസിഎ ഇന്‍ഡിഗോയ്ക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റുമാര്‍ക്ക് തുടര്‍ച്ചയായി രണ്ടിലധികം രാത്രി ഷിഫ്റ്റുകള്‍ നല്‍കുന്നത് ഡിജിസിഎ നേരത്തെ വിലക്കിയിരുന്നു. ഇതിപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്. ഫെബ്രുവരി 10 വരെയാണ് ഇളവുകള്‍ അനുവദിച്ചിട്ടുള്ളത്. കൂടാതെ ഓരോ 15 ദിവസം കൂടുമ്പോള്‍ സ്ഥിതിഗതികളുടെ നിര്‍ബന്ധിത അവലോകനത്തിന് വിധേയമാകുമെന്നും ഡിജിസിഎ അറിയിച്ചിട്ടുണ്ട്.
advertisement
ഇന്‍ഡിഗോയുടെ സര്‍വീസ് സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥാപിത നടപടിയെന്നാണ് ഈ നീക്കത്തെ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
December 06, 2025 9:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി; ക്രൂ ഡ്യൂട്ടി ചട്ടത്തില്‍ താല്‍ക്കാലിക ഇളവ് നല്‍കി ഡിജിസിഎ


