ഗോവയിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയെ കൈകൂപ്പി നമസ്കാരം പറഞ്ഞു സ്വീകരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പതിവ് ഹസ്തദാനം ഉപേക്ഷിച്ചാണ് ഇത്തവണ ജയശങ്കർ നമസ്കാരം പറഞ്ഞത്. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എസ്‌സിഒ കൗൺസിൽ ഓഫ് ഫോറിൻ മിനിസ്റ്റേഴ്‌സ് (സിഎഫ്‌എം) യോഗത്തിൽ പങ്കെടുക്കാനാണ് ബിലാവൽ ഭൂട്ടോ ഇന്ത്യയിലെത്തിയത്. വ്യാഴാഴ്ചയാണ് ഗോവയുടെ തലസ്ഥാനമായ പനാജിയിൽ എസ്‌സിഒ അംഗരാജ്യങ്ങളുടെ ഉച്ചകോടി ആരംഭിച്ചത്. രണ്ട് ദിവസങ്ങളിലായാണ് ഉച്ചകോടി നടക്കുന്നത്.
ഏകദേശം പന്ത്രണ്ടു വർഷത്തിന് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ പാക് വിദേശകാര്യ മന്ത്രിയാണ് ബിലാവൽ ഭൂട്ടോ. ഇന്നലെ ഗോവയിലെത്തിയ ബിലാവൽ, പാക്കിസ്ഥാന്റെ സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുമായി ചർച്ചകൾ നടത്താൻ താൻ കാത്തിരിക്കുന്നതായും പറഞ്ഞു. ഇന്ത്യൻ നയതന്ത്രജ്ഞൻ ജെ.പി. സിംഗ് ആണ് അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ക്ഷണപ്രകാരമാണ് പാക് വിദേശകാര്യ മന്ത്രി എസ്‌സിഒ കോൺക്ലേവിൽ പങ്കെടുക്കുന്നത്.
”ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഗോവയിൽ എത്തിയതിൽ സന്തോഷമുണ്ട്. ഞാൻ എസ്‌സിഒയിലെ പാകിസ്ഥാൻ പ്രതിനിധി സംഘത്തെ നയിക്കുന്നയാളാണ്. എസ്‌സിഒ കൗൺസിൽ ഓഫ് ഫോറിൻ മിനിസ്റ്റേഴ്‌സിലെ (സിഎഫ്‌എം) ചർച്ചകൾ വിജയം കാണുമെന്നു തന്നെ ഞാൻ പ്രതീക്ഷിക്കുന്നു”, ബിലാവൽ ഭൂട്ടോ പറഞ്ഞു. രണ്ട് ദിവസത്തെ എസ്‌സിഒ വിദേശകാര്യ മന്ത്രിതല യോഗം വ്യാഴാഴ്ചയാണ് ഗോവയിലെ ആഡംബര ബീച്ച് റിസോർട്ടിൽ ആരംഭിച്ചത്. യോഗത്തിലെ പ്രധാന ചർച്ചകൾ ഇന്നായിരിക്കും നടക്കുക. വ്യാപാര രംഗത്ത് നിലവിലുള്ള അസന്തുലിതാവസ്ഥ അടിയന്തരമായി പരിഹരിക്കാൻ ഇന്ത്യ റഷ്യക്കു മേൽ സമ്മർദം ചെലുത്തുന്നുണ്ട്.
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായും ഗോവയിലെ റിസോർട്ടിൽ വെച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. എസ്‌സിഒ യോഗത്തോടനുബന്ധിച്ച് നടന്ന ഉഭയകക്ഷി ചർച്ചയ്‌ക്കിടെ അൽപം രസകരമായ സംഭാഷങ്ങളും ഇരുവരും തമ്മിലുണ്ടായി. ബീച്ചുകൾക്ക് പേരുകേട്ട സംസ്ഥാനമാണ് ഗോവ. ഇവിടെ അൽപം വിശ്രമിക്കാനും സൺബാത്തിനും സമയമുണ്ടോ എന്നാണ് ജയശങ്കർ തമാശയായി ലാവ്‌റോവിനോട് ചോദിച്ചത്. തനിക്ക് അതിന് ഒന്നര മണിക്കൂർ സമയമുണ്ടെന്നും എന്നാൽ ഇക്കാര്യം ആരോടും പറയരുതെന്ന് എന്നുമായിരുന്നു ലാവ്‌റോവിന്റെ മറുപടി.
എന്താണ് ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ?
സാമ്പത്തിക, സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഒരു ഫോറമാണിത്. ഏറ്റവും വലിയ അന്തർദേശീയ സംഘടനകളിലൊന്നു കൂടിയാണ് എസ്‍സിഒ. റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ 2001-ൽ ഷാങ്ഹായിൽ നടന്ന ഉച്ചകോടിയിലാണ് ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ സ്ഥാപിച്ചത്. 2017ലാണ് ഇന്ത്യയും പാകിസ്ഥാനും സംഘടനയിൽ സ്ഥിരാംഗങ്ങളായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: External Affairs Minister S. Jaishankar, Goa, Pakistan