ജമ്മുവിലെ നർവാലിൽ നടന്ന ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. പാക്കിസ്ഥാൻ സ്വദേശിയും ലഷ്കറെ ത്വയ്ബ ഭീകരനുമായ ആരിഫാണ് പിടിയിലായതെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നര്‍വാലില്‍ കഴിഞ്ഞമാസം 21നുണ്ടായ ഇരട്ട സ്ഫോടനങ്ങളിൽ ഒൻപതു പേർക്ക് പരിക്കേറ്റിരുന്നു. ആരിഫിന്റെ പക്കല്‍ പെര്‍ഫ്യൂം ബോംബ് ഉണ്ടായിരുന്നുവെന്നും പരമാവധി അപകടം സൃഷ്ടിക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും ദില്‍ബാഗ് സിങ് പറഞ്ഞു.
ആരിഫ് സർക്കാർ ജീവനക്കാരനാണെന്നും 2010 മുതൽ പാക്കിസ്ഥാനിൽ അധ്യാപകനായി ജോലി ചെയ്യുന്നുണ്ടെന്നും ഡിജിപി പറഞ്ഞു. 2010ൽ റെട് സ്കീമിന് (ReT scheme) കീഴിൽ ജോലിയിൽ പ്രവേശിച്ച ഇയാൾ 2016ൽ സ്ഥിരം അധ്യാപകനായി. ഈ ആക്രമണങ്ങൾ നടത്തിയതിന് ഇയാൾക്ക് പണം ലഭിച്ചിരുന്നു എന്നും ഡിജിപി കൂട്ടിച്ചേർത്തു. ആരിഫിൽ നിന്ന് ഒരു പെർഫ്യൂം ഐഇഡി ബോബും പോലീസ് കണ്ടെടുത്തു. ഇത് ഒരു പെർഫ്യൂം ബോട്ടിലിന്റെ ആകൃതിയിലാണ് ഉള്ളതെന്നും ഡിജിപി പറഞ്ഞു, പോലീസ് ഇതിനെക്കുറിച്ച് കൂടുതലറിയാൻ ശ്രമിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബർ അവസാനത്തോടെ ഡ്രോൺ വഴി മൂന്ന് ഐഇഡികൾ ഇയാളുടെ പക്കൽ എത്തിയതായും പോലീസ് പറഞ്ഞു. നർവാൾ സ്‌ഫോടനത്തിൽ ഇതിൽ രണ്ടെണ്ണമാണ് ഉപയോഗിച്ചത്. മൂന്നാമത്തേതാണ് ഇപ്പോൾ പോലീസ് കണ്ടെടുത്തിരിക്കുന്നത്. അടുത്തിടെ നടന്ന ശാസ്ത്രി നഗർ ഐഇഡി സ്‌ഫോടനത്തിലും കത്ര ബസ് ആക്രമണത്തിനും പിന്നിൽ പ്രവർത്തിച്ച, പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ കാസിമുമായും ആരിഫിന് ബന്ധമുണ്ടെന്ന് ഡിജിപി കൂട്ടിച്ചേർത്തു.
ജനുവരി 21 നാണ് ജമ്മു കശ്മീരിലെ സുൻജ്വാൻ സൈനിക ക്യാമ്പിൽ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ അകലെയുള്ള നർവാലിനെ നടുക്കിയ ഇരട്ട സ്‌ഫോടനങ്ങൾ നടന്നത്. ഇത് ഐഇഡി സ്‌ഫോടനങ്ങളാണെന്ന് പിന്നീട് പോലീസ് മനസിലാക്കി. സ്‌ഫോടനത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഒരാളുടെ ഗുരുതരമാണ്. ഫോറൻസിക് സംഘവും ബോംബ് സ്ക്വാഡും സ്‌ഫോടനം നടന്ന സ്ഥലത്തേക്ക് ഉടൻ എത്തിയിരുന്നു. ഒരു ദിവസത്തിന് ശേഷം എൻഐഎയും സ്ഥലം സന്ദർശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.