ന്യൂഡല്ഹി: സ്ഥാനാര്ത്ഥികള് ഒരേസമയം ഒന്നിലധികം മണ്ഡലങ്ങളില് മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്ജി സുപ്രീംകോടതി തള്ളി. വിഷയം നിയമനിര്മ്മാണത്തിന്റെ പരിധിയില് വരുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുതാല്പ്പര്യ ഹര്ജി കോടതി തള്ളിയത്. ഒന്നിലധികം സീറ്റുകളില് മത്സരിക്കാന് ഒരു സ്ഥാനാര്ത്ഥിയെ അനുവദിക്കുന്നത് നിയമനിര്മ്മാണ നയത്തിന്റെ കാര്യമാണ്.
Also read- KSRTC സ്വിഫ്റ്റ് ഗജരാജ ബസിനുനേരെ തമിഴ്നാട്ടിലെ ഹൊസൂരിൽ കല്ലേറ്; ചില്ല് തകർന്നു
രാഷ്ട്രീയ ജനാധിപത്യവുമായി ബന്ധപ്പെട്ട്, അത്തരമൊരു കാര്യം അനുവദിക്കുന്നതില് അന്തിമ തീരുമാനമെടുക്കേണ്ടത് പാര്ലമെന്റ് ആണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്ജി പരിഗണിച്ചത്. ഒരു സ്ഥാനാര്ത്ഥി ഒന്നിലധികം മണ്ഡലങ്ങളില് മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്.
ഒരു സ്ഥാനാര്ത്ഥി ഒന്നിലേറെ സീറ്റുകളില് മത്സരിച്ച് വിജയിച്ചാല്, ഒരു സീറ്റ് ഒഴിയേണ്ടി വരും. ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഇത് പൊതുഖജനാവിന് അധികഭാരം സൃഷ്ടിക്കുന്നതാണ്. അതുകൊണ്ടു തന്നെ ഒരാള് ഒന്നിലേറെ സീറ്റുകളില് മത്സരിക്കാന് അനുവദിക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്നുമാണ് ഹര്ജിക്കാരന് ആവശ്യപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.