പഹല്‍ഗാം ഭീകരാക്രമണം: വിവാദ പ്രസ്താവനയിൽ വ്യക്തത വരുത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
- Published by:ASHLI
- news18-malayalam
Last Updated:
ശത്രുവിനെ കീഴ്‌പ്പെടുത്താനുള്ള മറ്റെല്ലാ മാര്‍ഗ്ഗങ്ങളും പരാജയപ്പെട്ടാല്‍ മാത്രമേ ഏതൊരു രാജ്യവും അവസാന ആശ്രയമെന്ന നിലയ്ക്ക് യുദ്ധത്തിലേക്ക് പോകാവൂ എന്ന് സിദ്ധരാമയ്യ
ഏപ്രില്‍ 22-ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചത്തലത്തില്‍ പാക്കിസ്ഥാനുമായി യുദ്ധത്തിന്റെ ആവശ്യമില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പാക്കിസ്ഥാനുമായി 'യുദ്ധം ആവശ്യമില്ല' എന്ന സിദ്ധരാമയ്യയുടെ പരാമര്‍ശം പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഏറ്റെടിത്തിരുന്നു. ഇതോടെ കടുത്ത വിമര്‍ശനവുമായി ബിജെപി സിദ്ധരാമയ്യയ്‌ക്കെതിരെ രംഗത്ത്. തുടര്‍ന്നാണ് അദ്ദേഹം ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പാക്കിസ്ഥാനുമായി യുദ്ധം പൂര്‍ണമായും വേണ്ടെന്നല്ല പറഞ്ഞതെന്നും അനിവാര്യമെങ്കില്‍ യുദ്ധം സംഭവിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഇപ്പോള്‍ യുദ്ധത്തിന്റെ ആവശ്യമില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ വിശദീകരണ കുറിപ്പ് പങ്കുവെച്ചത്.
ശത്രുവിനെ കീഴ്‌പ്പെടുത്താനുള്ള മറ്റെല്ലാ മാര്‍ഗ്ഗങ്ങളും പരാജയപ്പെട്ടാല്‍ മാത്രമേ ഏതൊരു രാജ്യവും അവസാന ആശ്രയമെന്ന നിലയ്ക്ക് യുദ്ധത്തിലേക്ക് പോകാവൂ എന്ന് സിദ്ധരാമയ്യ പറഞ്ഞു. പാക്കിസ്ഥാന്‍ പിന്തുണയ്ക്കുന്ന ഭീകരര്‍ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയത് നമ്മുടെ ഇന്റലിജന്‍സ്, സുരക്ഷാ സംവിധാനങ്ങളിലെ പരാജയം മൂലമാണെന്ന് രാജ്യത്തെ ജനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും ഇപ്പോള്‍ വ്യക്തമാണ്. ഈ വീഴ്ച ആദ്യ തിരുത്താനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കാനും കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
advertisement
അതേസമയം, പാക്കിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ചിട്ടുള്ള നയതന്ത്രപരമായ നടപടികളെ സിദ്ധരാമയ്യ സ്വാഗതം ചെയ്തു. യുദ്ധഭ്രാന്ത് പടര്‍ത്തുകയും സാമുദായിക ഐക്യം തകര്‍ക്കുകയും ചെയ്യുന്ന ദുഷ്ടശക്തികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും കര്‍ണാടക മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. "ഇന്ന് പാക്കിസ്ഥാന്‍ പാപ്പരായ രോഗബാധിതനായ ഒരു രാഷ്ടമാണ്. പാക്കിസ്ഥാന് ഒന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ട് ശക്തമായ ആഗോള രാഷ്ട്രമായി വളര്‍ന്നുവരുന്ന ഇന്ത്യ ഇക്കാര്യത്തില്‍ ശ്രദ്ധയോടെ നീങ്ങേണ്ടതുണ്ട്", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തെ ഇന്റലിജന്‍സ് പരാജയത്തിന്റെ ഫലമാണെന്നും പാക്കിസ്ഥാനുമായി ഒരു യുദ്ധത്തിന്റെ ആവശ്യമില്ലെന്നും ശനിയാഴ്ചയാണ് സിദ്ധരാമയ്യ പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്നും സുരക്ഷാ സംവിധാനങ്ങളുടെ പരാജയമാണിതെന്നും ഇപ്പോള്‍ യുദ്ധത്തിന്റെ ആവശ്യമില്ലെന്നും സിദ്ധരാമയ്യ അന്ന് പറഞ്ഞു. കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും സുരക്ഷ കര്‍ശനമാക്കണമെന്നും തങ്ങള്‍ യുദ്ധത്തിന് അനുകൂലമല്ലെന്നും സിദ്ധരമയ്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
advertisement
ഇത് വലിയ വിവാദത്തിന് തിരികൊളുത്തി. പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഈ പരാമര്‍ശം ഏറ്റെടുത്ത് രംഗത്തുവന്നതോടെ കടുത്ത വിമര്‍ശനമാണ് സിദ്ധരാമയ്യയ്ക്കു നേരെ ഉണ്ടായത്. സിദ്ധരാമയ്യയുടെ അങ്ങേയറ്റം അപലപനീയവും ലജ്ജാകരവുമായ പരാമര്‍ശങ്ങളെ ബിജെപി ശക്തമായി വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ പരാമര്‍ശം പാക്കിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കിയെന്നും ഭീകരപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്നതാണെന്നും ബിജെപി ആരോപിച്ചു.
40 വര്‍ഷത്തെ വിപുലമായ രാഷ്ട്രീയ പരിചയസമ്പത്തും രണ്ട് തവണ മുഖ്യമന്ത്രിയുമായി സേവനമനുഷ്ഠിച്ച സിദ്ധരാമയ്യയ്ക്ക് എപ്പോള്‍, എന്ത് സംസാരിക്കണമെന്ന് അറിയാത്തത് കര്‍ണാടകയുടെ ദൗര്‍ഭാഗ്യമാണെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് ആര്‍ അശോക പറഞ്ഞു.
advertisement
"നമ്മുടെ രാജ്യത്ത് ഒരു പ്രൊഫഷണല്‍ സായുധ സേനയുണ്ട്. ഏത് സാഹചര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്നത് നമ്മുടെ സൈന്യത്തിന്റെ ഉത്തരവാദിത്തത്തിനും വൈദഗ്ധ്യത്തിനും അനുഭവപരിചയത്തിനും വിട്ടുകൊടുത്തിരിക്കുന്നു. ഇക്കാര്യത്തില്‍ നിങ്ങളുടെ ഉപദേശം അനാവശ്യമാണ്. നിങ്ങള്‍ക്ക് അതിനുള്ള യോഗ്യതയില്ല. ആയിരക്കണക്കിന് അനധികൃത ബംഗ്ലാദേശി, റോഹിംഗ്യ, പാക്കിസ്ഥാന്‍ കുടിയേറ്റക്കാര്‍ സ്വതന്ത്രമായി വിഹരിക്കുന്നു. ആദ്യ അവരെ തിരിച്ചറിഞ്ഞ് നാട് കടത്തുക. കന്നഡിഗരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ശ്രദ്ദകേന്ദ്രീകരിക്കുക. നിങ്ങളെ ബാധിക്കാത്ത കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത്", അദ്ദേഹം വിശദീകരിച്ചു.
ആര്‍ട്ടിക്കിള്‍ 370, സംഝോത, പുല്‍വാമ, 26/11, സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ബാലാകോട്ട് വ്യോമാക്രമണം ഏത് വിഷയമായാലും കോണ്‍ഗ്രസും പാക്കിസ്ഥാനും സംസാരിക്കുന്നത് ഒരേ ഭാഷയിലാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു. കോണ്‍ഗ്രസ് ഇപ്പോള്‍ ഐഎന്‍സി അല്ല, മറിച്ച് പിപിപി ആണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു വശത്ത് ഇന്ത്യയിലേക്ക് തീവ്രവാദം കയറ്റുമതി ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും മറുവശത്ത് കോണ്‍ഗ്രസ് പാക്കിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കുന്ന തിരക്കിലുമാണെന്ന് അദ്ദേഹം ശക്തമായ ഭാഷയില്‍ ആരോപിച്ചു.
advertisement
കര്‍ണാടക ബിജെപി എംപി തേജസ്വി സൂര്യയും സിദ്ധരാമയ്യയുടെ പ്രസ്താവനകളെ അപലപിച്ചു. തീവ്രവാദത്തിനെതിരെ കടുത്ത നടപടികള്‍ എടുക്കാനുള്ള ആഹ്വാനം ഇന്ത്യന്‍ സൈന്യത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റേതുമാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് പേരെ തീവ്രവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയ ഒരു സംസ്ഥാനത്തെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യം സംഭവിച്ചതിനെ അപലപിക്കുകയാണെന്നും തേജസ്വി സൂര്യ പറഞ്ഞു.
സിദ്ധരാമയ്യയുടെ പ്രസ്താവനകള്‍ പാക്കിസ്ഥാന്‍ മാധ്യമങ്ങളില്‍ വന്നതോടെ ബിജെപി അദ്ദേഹത്തെ 'ഹലാല്‍ മുഖ്യമന്ത്രി'യെന്ന് വിളിച്ച് ആക്ഷേപിച്ചു. അര്‍ത്ഥശൂന്യമായ പ്രസ്ഥാവനകളിലൂടെ ഒറ്റരാത്രികൊണ്ട് പാക്കിസ്ഥാനില്‍ ലോകപ്രശസ്തനായെന്നും അഭിനന്ദനങ്ങളെന്നും ആര്‍ അശോക പരിഹസിച്ചു. ഭാവിയില്‍ സിദ്ധരാമയ്യ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ അവിടെ രാജകീയ സ്വീകരണം ലഭിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു.
advertisement
സിദ്ധരാമയ്യയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ബിജെപി അദ്ദേഹത്തെ 'പാക്കിസ്ഥാന്‍ രത്‌ന' എന്നും വിശേഷിപ്പിച്ചു. ശത്രുരാജ്യത്തിന്റെ പാവയെ പോലെയാണ് പെരുമാറുന്നതെന്ന് ആര്‍ അശോക ആരോപിച്ചു. പാകിസ്ഥാന്‍ സര്‍ക്കാര്‍ നിങ്ങളെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ 'നിഷാന്‍ -ഇ-പാകിസ്ഥാന്‍' നല്‍കി ആദരിച്ചാലും അതിശയിക്കാനില്ലെന്നും സിദ്ധരാമയ്യയുടെ പരാമര്‍ശം പ്രചരിപ്പിച്ച പാകിസ്ഥാന്‍ വാര്‍ത്താ ചാനലിന്റെ ക്ലിപ്പ് പങ്കിട്ടുകൊണ്ട് അശേക എക്‌സിലെ പോസ്റ്റില്‍ കുറിച്ചു.
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. 2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം കശ്മീരില്‍ നടന്ന ഏറ്റവും മാരകമായ ആക്രമണമായിരുന്നു അത്. കര്‍ണാടകയില്‍ നിന്നുള്ള മൂന്ന് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശിവമോഗയില്‍ നിന്നുള്ള മഞ്ജുനാഥ് റാവു, ബെംഗളൂരുവില്‍ നിന്നുള്ള ഭരത് ഭൂഷണ്‍, മധുസൂദന റാവു എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
April 28, 2025 11:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പഹല്‍ഗാം ഭീകരാക്രമണം: വിവാദ പ്രസ്താവനയിൽ വ്യക്തത വരുത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ