പിടിഐ
2021ൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നും ഹെറോയിൻ പിടിച്ചെടുത്ത കേസിൽ എൻഐഎ രണ്ടാം അനുബന്ധ കുറ്റപത്രം (Supplementary Chargesheet) സമർപ്പിച്ചു. ആറ് അഫ്ഗാൻ പൗരന്മാരും ഏഴ് സ്ഥാപനങ്ങളും ഉൾപ്പെടെ 22 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. ഹെറോയിന്‍ കടത്തു വഴി ലഭിച്ച പണം ഭീകരസംഘടനയായ ലഷ്കർ-ഇ-ത്വയ്യിബയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായും എൻഐഎ കുറ്റപത്രത്തിൽ വെളിപ്പെടുത്തി.
കേസിൽ 16 പ്രതികൾക്കെതിരെ 2022 മാർച്ച് 14 നാണ് എൻഐഎ ആദ്യത്തെ കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 29 ന് മറ്റ് ഒമ്പത് പേർക്കെതിരെ ആദ്യ അനുബന്ധ കുറ്റപത്രവും സമർപ്പിച്ചു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 2,988 കിലോഗ്രാം ഹെറോയിൻ പിടികൂടിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഇറാൻ സ്വദേശിയായ ബന്ദർ അബ്ബാസ് വഴിയാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് ചരക്ക് അയച്ചത്.
Also read-ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബര ക്രൂസ് എംവി ഗംഗാ വിലാസ് ഗുവാഹത്തിയിൽ
ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ ഗുജറാത്തിലെ ഗാന്ധിധാം യൂണിറ്റിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. 2021 ഒക്ടോബർ 6 ന് എൻഐഎ ഈ കേസ് വീണ്ടും രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും നാർക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌റ്റിലെയും വിവിധ വകുപ്പുകൾ പ്രകാരം അഹമ്മദാബാദിലെ പ്രത്യേക എൻഐഎ കോടതിയിലാണ് 22 പ്രതികൾക്കെതിരെയുള്ള അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.
മുഖ്യപ്രതി ഹർപ്രീത് സിംഗ് തൽവാർ ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഈ കുറ്റപത്രത്തിൽ ഉണ്ട്. തൽവാർ ഒന്നിലധികം തവണ ദുബായ് സന്ദർശിച്ചിട്ടുണ്ടെന്നും വാണിജ്യാടിസ്ഥാനത്തിൽ ഹെറോയിൻ ഇന്ത്യയിലേക്ക് കടത്തുന്നതിനായുള്ള ഗൂഢാലോചനയിൽ പങ്കെടുത്തതായും ഒരു ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾ ഡൽഹിയിൽ ക്ലബ്ബുകൾ, റീട്ടെയിൽ ഷോറൂമുകൾ, ഇറക്കുമതി സ്ഥാപനങ്ങൾ തുടങ്ങി ഒന്നിലധികം വ്യാപാരങ്ങൾ നടത്തുന്നുണ്ട്. തന്റെ ജീവനക്കാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലാണ് ഈ സ്ഥാപനങ്ങൾ തുറക്കുന്നത്.
അവ നോക്കിനടത്തുന്നത് തൽവാറാണ്. മയക്കുമരുന്നുകളും നിരോധിത വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിന് ഈ സ്ഥാപനങ്ങൾ മറയാക്കിയതായും ഒരു ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ഇത്തരത്തിലുള്ള പത്തോളം സ്ഥാപനങ്ങളെ കണ്ടെത്തി അന്വേഷണം നടത്തിയതായും ഈ കമ്പനികൾ വഴി, അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് സെമി-പ്രോസസ്ഡ് ടാൽക്ക് സ്റ്റോൺ രൂപത്തിൽ ഹെറോയിൻ ഇറക്കുമതി ചെയ്തിരുന്നതായും എൻഐഎ പറഞ്ഞു.
തൽവാറിനെ കൂടാതെ, അഫ്ഗാൻ സ്വദേശികളായ റഹ്മത്തുള്ള കാക്കർ, ഷഹീൻഷാ സഹീർ, ജാവേദ് അമാനി, അബ്ദുൾ സലാം നൂർസായി, മുഹമ്മദ് ഹുസൈൻ ഡാഡ്, മുഹമ്മദ് ഹസൻ ഷാ തുടങ്ങിയവരുടെ പേരുകളും രണ്ടാം അനുബന്ധ കുറ്റപത്രത്തിലുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃത ഹെറോയിൻ കടത്താനായി ക്രിമിനൽ ഗൂഢാലോചന നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു വലിയ ശൃംഖല ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. വ്യാജ ഇറക്കുമതി കമ്പനികൾ വഴിയും വ്യാജ പ്രൊപ്രൈറ്റർഷിപ്പ് സ്ഥാപനങ്ങൾ വഴിയും ചരക്കുകൾ ഇന്ത്യയിലേക്ക് എത്തിച്ചിരുന്നതായും ഒരു എൻഐഎ വക്താവ് പിടിഐയോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.