യുപിയിൽ മദ്യക്കടത്ത് സംഘം പൊലീസുകാരനെ മർദിച്ച് കൊലപ്പെടുത്തി; എസ്ഐക്ക് ഗുരുതരപരിക്ക്
- Published by:Asha Sulfiker
- news18-malayalam
Last Updated:
കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു
ലക്നൗ: മദ്യമാഫിയയുടെ ആക്രമണത്തിൽ യുപിയിൽ പൊലീസുകാരന് ദാരുണാന്ത്യം. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്ഗഞ്ചിൽ നടന്ന സംഭവത്തിൽ പൊലീസ് കോൺസ്റ്റബിൾ ദേവേന്ദ്ര ആണ് കൊല്ലപ്പെട്ടത്. എസ് ഐ അശോക് കുമാറിനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മദ്യക്കടത്ത് കേസുകളിലെ സ്ഥിരം പ്രതിയായ മോട്ടി എന്നയാളുടെ വസ്തുവകകൾ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകുന്നതിനായാണ് പൊലീസ് ഇവിടെയെത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ മോട്ടിയുടെ അനുയായികള്‍ ഇവരെ വളയുകയും വസ്ത്രങ്ങൾ വലിച്ചുകീറി ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. വിവിധ ആയുധങ്ങള്‍ക്ക് പുറമെ വലിയ കമ്പുകളും ഇവരെ മർദ്ദിക്കുന്നതിനായി ഉപയോഗിച്ചു.
ഇവിടെ നിന്നും ഒരുവിധത്തിൽ രക്ഷപ്പെട്ട പൊലീസുകാർ മറ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് ഗുരുതര പരിക്കേറ്റ നിലയിൽ പൊലീസുകാരെ കണ്ടെത്തുന്നത്. സിദ്ധ്പുര സ്റ്റേഷൻ പരിധിയിലെ ധിമാർ ഗ്രാമത്തിലെ ഒരു പ്രദേശത്തു നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ദേവേന്ദ്ര മരണത്തിന് കീഴടങ്ങി.
advertisement
എസ് ഐ അശോക് കുമാറിന്‍റെ ബൈക്കും ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. പൊലീസുകാരുടെ ബൈക്കും ഷൂവും ഒക്കെ ഇവിടെ ഉപേക്ഷിച്ച നിലയിലായിരുന്നു. 'സിദ്ധ്പുര പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും കോൺസ്റ്റബിളും നാഗ്ല ധിമാർ പ്രദേശത്ത് വച്ച് ആക്രമിക്കപ്പെട്ടിരിക്കുന്നു. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് അലിഗഡ് മെഡിക്കൽ കോളജിലെത്തിച്ച രണ്ടുപേരുടെയും നില ആശങ്കയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്' എന്നായിരുന്നു അക്രമസംഭവത്തില്‍ എഎസ്പി ആദ്യം പുറത്തുവിട്ട പ്രസ്താവന.
advertisement
കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ദേശസുരക്ഷാ നിയമപ്രകാരം ആകും ഇവർക്കെതിരെ കേസെന്നും അറിയിച്ചിട്ടുണ്ട്. ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് 50000 രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുമെന്നും അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 10, 2021 6:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
യുപിയിൽ മദ്യക്കടത്ത് സംഘം പൊലീസുകാരനെ മർദിച്ച് കൊലപ്പെടുത്തി; എസ്ഐക്ക് ഗുരുതരപരിക്ക്