ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിന് തുടക്കമിട്ട് തെരഞ്ഞെടുപ്പ് നിയമഭേദഗതി(Election Reform Amendment) ബില്‍ ലോക്സഭ(Lok Sabha) പാസാക്കി. നിയമ മന്ത്രി കിരണ്‍ റിജ്ജുവാണ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളങ്ങള്‍ക്കിടെ ശബ്ദവോട്ടോടെയായിരുന്നു ബില്‍ പാസാക്കിയത്. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടാവുമെന്നും പ്രതിപക്ഷം വിമർശിച്ചു.
താമസിക്കുന്നതിന്റെ മാത്രം തെളിവാണ് ആധാറെന്നും അതു പൗരത്വത്തിന്റെ തെളിവല്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. വോട്ടർമാരോട് ആധാർ ചോദിക്കുമ്പോൾ പാർപ്പിടത്തിന്റെ രേഖ മാത്രമാണു കിട്ടുന്നതെന്നും ശശി തരൂർ എംപി ചൂണ്ടിക്കാട്ടി.
പൗരത്വമില്ലാത്തവർക്കും വോട്ടവകാശം ലഭിക്കുന്നതിനുള്ള സാധ്യതയാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബില്‍ കൊണ്ടുവന്നത്. കള്ളവോട്ട് അടക്കം തടയുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഷ്‌കരണനിര്‍ദേശങ്ങൾ നൽകിയത്.
കള്ള വോട്ട് കണ്ടെത്താനും വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചുള്ള വോട്ടിംഗ് കണ്ടെത്താനും ഇരട്ടവോട്ട് കണ്ടെത്താനും എളുപ്പത്തില്‍ സാധിക്കും.ആധാര്‍ നമ്പറില്ലാത്തവരെ മറ്റ് രേഖകളുമായി ബന്ധിപ്പിക്കും. ഒരു വര്‍ഷം നാല് തവണ ഇനി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും.
നിലവില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പേര് ചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നത്.ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർക്കാണ് നിലവിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അവസരം. എന്നാൽ ജനുവരി1, ഏപ്രിൽ1, ജൂലൈ 1, ഒക്ടോബർ 1 എന്നിങ്ങനെ കട്ട് ഓഫ് തീയതികൾ നൽകാനാണ് പുതിയ വ്യവസ്ഥ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aadhaar, Aadhaar ആധാർ, Lok sabha